വിജയപുരം ∙ ഇതു നാട്ടുകാരുടെ വിജയഗാഥ. മുൻപ് മാലിന്യം തള്ളുന്ന കേന്ദ്രമായിരുന്ന സ്ഥലത്തിനെ വീണ്ടെടുത്ത് മനോഹരമാക്കി നാട്ടുകാർ. പൊൻപള്ളി പാലത്തിനു സമീപത്തെ കടവിലെ ഗ്രാമീണ ടൂറിസത്തിന്റെ ഒന്നാംഘട്ടം ‘പൊൻതീരം’ നാട്ടുകാർ പൂർത്തിയാക്കി. ഇന്ന് 5നു പദ്ധതി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടി അധ്യക്ഷത വഹിക്കും.
പ്രദേശത്തെ 12 പേരുടെ നേതൃത്വത്തിലാണ് ‘ പൊൻതീരം’ പദ്ധതിക്കു രൂപം നൽകിയത്. സൗകര്യങ്ങളൊരുക്കാൻ 44 പേർ 30,000 മുതൽ 500 രൂപ വരെ സംഭാവന നൽകിയെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ് പറഞ്ഞു.സൂര്യാസ്തമയം കാണാൻ ഇരിപ്പിടങ്ങളും നടപ്പാതയും ഒരുക്കി. സുരക്ഷയ്ക്കായി ആറിന്റെ കരകളിൽ ഗ്രില്ലും സിസിടിവി ക്യാമറകളും സ്ഥാപിച്ചു.
ഗ്രാമപ്പഞ്ചായത്തിന്റെ 17-ാം വാർഡായ പൊൻപള്ളിയിൽ മുൻപ് പണിത ബോട്ടുജെട്ടി ഉപയോഗശൂന്യമായി കാടു കയറിയിരുന്നു. മാലിന്യം വലിച്ചെറിയുന്ന കേന്ദ്രമായി ഇവിടം മാറി. പ്രാദേശികസമിതി രൂപീകരിച്ചാണ്പ്രവർത്തനങ്ങൾ നടത്തിയത്. പ്രദേശം പച്ചത്തുരുത്ത് ആക്കുന്നതിനു മുന്നോടിയായിട്ടാണ് ഗ്രാമീണ ടൂറിസത്തിനു തുടക്കമായത്. ഗ്രാമീണഭംഗി ആസ്വദിച്ചു ബോട്ടുയാത്രയും കുട്ടവഞ്ചി യാത്രയും ഒരുക്കാനുള്ള പദ്ധതി തയാറായിവരികയാണ്. English Summary:
Village Tourism takes center stage with the successful transformation of a former waste dumping ground into the beautiful \“Ponthiram\“ rural tourism spot in Vijayapuram. This community-led initiative features seating for sunset viewing, walkways, security grills, and CCTV cameras, marking the first phase of a grander rural tourism plan. |