കണ്ണൂർ ∙ 15 കോടിയിലേറെ രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ 5 നിലകളിൽ നിർമിച്ച സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ്– അഴീക്കോടൻ സ്മാരക മന്ദിരം ഉദ്ഘാടനത്തിനു തയാറായി. 20ന് വൈകിട്ട് 4ന് കലക്ടറേറ്റ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിക്കും. കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് ആണ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പിണറായി വിജയൻ നിർവഹിച്ചത്. 20 മാസം കൊണ്ടാണു പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്.  
 
കെട്ടിട നിർമാണം ഇങ്ങനെ 
 ആധുനിക രീതിയും പഴയ കെട്ടിടത്തിന്റെ മാതൃകയും സമന്വയിപ്പിച്ചാണു പുതിയ കെട്ടിടം. പഴയ കെട്ടിടത്തിന്റെ തടികൾ പുതിയ കെട്ടിടത്തിന് ഉപയോഗിച്ചു. വെള്ളാപ്പള്ളി ബ്രദേഴ്സാണ് കെട്ടിടനിർമാണം ഏറ്റെടുത്തത്. 60,000 ചതുരശ്ര അടിയാണ് വിസ്തീർണം.   
 
ഓഫിസ് സൗകര്യങ്ങൾ 
 എകെജി ഹാൾ, ചടയൻ ഹാൾ, പാട്യം പഠന ഗവേഷണകേന്ദ്രം, ലൈബ്രറി എന്നിവ പ്രവർത്തിക്കും. 500 പേർക്ക് ഇരിക്കാവുന്ന ഹാൾ, കോൺഫറൻസ് ഹാൾ, പാർട്ടി മീറ്റിങ് ഹാൾ, പ്രസ് കോൺഫറൻസ് ഹാൾ, സോഷ്യൽ മീഡിയ റൂം, താമസിക്കാൻ മുറികൾ, വാഹന പാർക്കിങ് കേന്ദ്രം എന്നിവയുണ്ട്.   
 
ചെലവ് ഇങ്ങനെ 
 പുറമേ നിന്നുള്ള സംഭാവന വാങ്ങാതെ, പാർട്ടി അംഗങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും സ്വരൂപിച്ച 15 കോടിയിലേറെ രൂപയാണ് കെട്ടിടനിർമാണത്തിനു വേണ്ടിവന്നതെന്നു സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലയിലെ 65466 പാർട്ടി അംഗങ്ങൾ 500 രൂപ വീതം സംഭാവന നൽകി. ഇതിനു പുറമേ 18 ഏരിയ കമ്മിറ്റികൾ, 249 ലോക്കൽ കമ്മിറ്റികൾ, 4421 ബ്രാഞ്ചുകൾ, 26322 അനുഭാവി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരും സംഭാവന നൽകി.     
 
തൊഴിലാളി സംഗമം 
 പുതിയ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ലക്ഷത്തിലേറെ പങ്കെടുപ്പിച്ച് തൊഴിലാളി മഹാസംഗമമാക്കാനുള്ള ഒരുക്കമാണു നടക്കുന്നത്. സംഭാവന നൽകിയ പാർട്ടി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും. പഴയകാല നേതാക്കൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, രക്തസാക്ഷി കുടുംബങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, കെ.കെ.ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, നേതാക്കളായ ടി.വി.രാജേഷ്, എം.പ്രകാശൻ, ടി.കെ.ഗോവിന്ദൻ എന്നിവർ അറിയിച്ചു.  
 
ചരിത്രം 
 1972 സെപ്റ്റംബർ 23ന് ആണ് അഴീക്കോടൻ രാഘവൻ രക്തസാക്ഷിയായത്. 1973 ഡിസംബർ 5ന് അഴീക്കോടൻ സ്മാരക മന്ദിരം തളാപ്പിൽ എകെജി ഉദ്ഘാടനം ചെയ്തു. ഇഎംഎസ് ആയിരുന്നു അധ്യക്ഷൻ. സ്വകാര്യ വ്യക്തിയിൽനിന്ന് വിലയ്ക്ക് വാങ്ങിയ കെട്ടിടത്തിന് അന്നുതന്നെ 52 വർഷം പഴക്കമുണ്ടായിരുന്നു. പിന്നീട് എകെജിയുടെ സ്മരണയ്ക്കായി എകെജി സ്മാരക ഹാൾ 1980ൽ പണിതു. തുടർന്ന് 2000ൽ ചടയൻ ഗോവിന്ദൻ സ്മാരക മന്ദിരവും. ഇതെല്ലാം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കാൻ പാർട്ടി തീരുമാനിച്ചത്. English Summary:  
Kannur CPM Office is set to be inaugurated by Chief Minister Pinarayi Vijayan. The modern 5-story building, named Azhikodan Smaraka Mandiram, was constructed at a cost of over 15 crore rupees and will serve as the CPM District Committee Office. |