ബേപ്പൂർ∙ തുറമുഖവും വിനോദസഞ്ചാര കേന്ദ്രവും ഉൾപ്പെടെ ബേപ്പൂർ വളർച്ചയുടെ പാതയിൽ മുന്നേറുമ്പോഴും ചെറുവണ്ണൂർ–ബേപ്പൂർ ബിസി റോഡ് വികസനം അനന്തമായി നീളുന്നു. ബേപ്പൂരിൽ നിന്നു ദേശീയപാതയിലേക്ക് എളുപ്പം എത്താവുന്ന റോഡ് നാലുവരിയായി വികസിപ്പിക്കാനുള്ള പദ്ധതി ഇതുവരെ വെളിച്ചം കണ്ടില്ല. 2.8 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ വികസന മുരടിപ്പ് ബേപ്പൂരിന്റെ കുതിപ്പിനു കരിനിഴൽ വീഴ്ത്തുകയാണ്. 40 വർഷം മുൻപ് നിർമിച്ച വീതി കുറഞ്ഞ റോഡാണ് ഇന്നും ജനത്തിന്റെ സഞ്ചാര മാർഗം. ബേപ്പൂർ തുറമുഖം, മത്സ്യബന്ധന ഹാർബർ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കുനീക്കം പ്രധാനമായും ഇതു വഴിയാണ്. തുറമുഖത്തേക്ക് എത്തുന്ന ട്രക്കുകൾ, കണ്ടെയ്നറുകൾ എന്നിവ ഈ ഇടുങ്ങിയ പാതയിലൂടെയാണ് കടന്നു പോകുന്നത്.
ബിസി റോഡിൽ സുരക്ഷാഭിത്തി തകർന്ന് അപകട നിലയിലുള്ള ചീർപ്പ് പാലം ഇതുവഴിയുള്ള ഗതാഗതത്തിനു ഭീഷണിയാണ്. അപ്രോച്ച് റോഡിന്റെ അടിഭാഗത്തെ കരിങ്കൽ കെട്ടുകൾ ഇളകിയ പാലം തകർച്ചയുടെ വക്കിലാണ്. ജനസാന്ദ്രത കൂടുതലുള്ള ബേപ്പൂർ മേഖലയിലുള്ളവർ കരിപ്പൂർ എയർപോർട്ട്, ഫറോക്ക് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സഞ്ചാരത്തിന് ആശ്രയിക്കുന്ന റോഡാണ്. തുറമുഖത്തിനും മത്സ്യബന്ധന കേന്ദ്രത്തിനും പുറമേ ബേപ്പൂരിലെ കടൽത്തീര വിനോദസഞ്ചാരകേന്ദ്രം, ഉരു നിർമാണ ശാലകൾ, ലക്ഷദ്വീപ് ഓഫിസുകൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷൻ, കസ്റ്റംസ് തുടങ്ങിയ ബന്ധപ്പെട്ട് ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന പാതയാണ് ബിസി റോഡ്.
നാലുവരിപ്പാത നിർമിക്കാൻ പദ്ധതി
നിലവിലെ ബിസി റോഡ് നാലുവരിയായി വികസിപ്പിക്കാൻ മരാമത്ത് വകുപ്പ് പദ്ധതിയുണ്ട്. 24 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാനാണു അലൈൻമെന്റ് തയാറാക്കിയത്. ഇതിനു 150 കോടി രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിനു സമർപ്പിച്ചിട്ട് 3 വർഷം പിന്നിട്ടു. കിഫ്ബിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും തുടർ നടപടികൾ നീളുകയാണ്. 15 മീറ്റർ വീതിയിൽ ടാർ ചെയ്ത നാലുവരിപ്പാത. ഇരുവശത്തും ഓട, നടപ്പാത, കേബിൾ സ്ഥാപിക്കാനുള്ള ചാൽ എന്നിങ്ങനെയുള്ള രൂപരേഖയാണ് മരാമത്ത് റോഡ്സ് വിഭാഗം തയാറാക്കിയത്.
ഭൂമി ഏറ്റെടുക്കൽ പ്രധാനം
റോഡ് വികസനത്തിനു ഭൂമി ഏറ്റെടുക്കലാണ് പ്രധാന കടമ്പ. രണ്ടര വർഷം മുൻപ് തുടങ്ങിയ അക്വിസിഷൻ നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന ബജറ്റിൽ നേരത്തേ 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റവന്യു വകുപ്പ് നേതൃത്വത്തിൽ ഭൂമിയുടെ അതിർത്തി നിർണയം നടത്തി ഭൂവുടമകൾക്ക് നോട്ടിസ് നൽകിയെങ്കിലും വില നിർണയിച്ച് ഫണ്ട് കൈമാറേണ്ടതുണ്ട്. പുനരധിവാസ പാക്കേജ് തയാറാക്കി അംഗീകാരത്തിന് ഇതിനകം കലക്ടർക്ക് സമർപ്പിച്ചു. കമാനപ്പാലം പരിസരത്ത് പുതിയ പാലം നിർമിക്കുന്നതിനുള്ള റെയിൽവേ–പിഡബ്ല്യുഡി അധികൃതരുടെ പരിശോധനയും കഴിഞ്ഞു. എന്നാൽ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ച് മരാമത്ത് വകുപ്പിന് സ്ഥലം കൈമാറിയാൽ മാത്രമേ നിർമാണ നടപടികൾ തുടങ്ങാനാകൂ. English Summary:
Beypore BC Road development is currently facing delays, hindering the progress of Beypore\“s port and tourism sectors. The planned four-lane expansion is stalled, impacting connectivity to the national highway. Overcoming these hurdles is crucial for the region\“s growth. |