ഖാൻ യൂനിസ്/ ടെൽ അവീവ് ∙ ‘‘എനിക്ക് സന്തോഷം കൊണ്ടു ശ്വാസം മുട്ടുന്നു...എനിക്കു വിശ്വസിക്കാനാവുന്നില്ല.. എന്റെ മകൻ മടങ്ങിവരുന്നുവെന്ന്.! ഞാൻ അവനെ എന്താണു ചെയ്യേണ്ടത്? കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കും...’’ 2023 ഒക്ടോബർ 7 മുതൽ ഹമാസിന്റെ തടവിൽ കഴിയുന്ന മകൻ മറ്റെൻ തിരിച്ചുവരുമെന്നു കേട്ടപ്പോൾ ടെൽ അവീവിൽ ബന്ദികൾക്കായുള്ള ചത്വരത്തിനു മുന്നിൽനിന്ന് അമ്മ എയ്നാവ് സാംഗോക്കർ പറഞ്ഞു.  
  
 -  Also Read  ഗാസ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ; നെതന്യാഹുവിന്റെ നേതൃത്വത്തെ പ്രശംസിച്ച് മോദി   
 
    
 
അതേസമയം, ഗാസയിൽ യുദ്ധത്തിൽ നാമാവശേഷമായ കെട്ടിടങ്ങൾക്കരികിൽ യുവാക്കൾ കയ്യടിച്ച് വെടിനിർത്തൽ പ്രഖ്യാപനം ആഘോഷിക്കുകയായിരുന്നു. 20 ലക്ഷത്തിലധികം ആളുകൾ കുടിയൊഴിക്കപ്പെട്ട തെരുവുകളിലും ഈ സമാധാനകരാർ തെളിച്ചത് സമാധാനത്തിന്റെ വെളിച്ചം. ‘വെടിനിർത്തലിനും രക്തച്ചൊരിച്ചിൽ അവസാനിച്ചതിനും ദൈവത്തിനു നന്ദി’. ഗാസയുടെ തെക്കൻ ഭാഗമായ ഖാൻ യൂനിസിലെ അബ്ദുൽ മജീദ് അബ്ദ് റബ്ബോ ഇതുപറയുമ്പോൾ ദുഃഖഭരിതമായ കണ്ണിലും വാക്കുകളിലും പ്രതീക്ഷ തിളങ്ങി.  
  
 -  Also Read  മധ്യേഷ്യയിലെ വെടിനിർത്തലിൽ ഇടിഞ്ഞ് എണ്ണ വില, കുതിപ്പിലേക്ക് ഓഹരി, ഇന്ത്യയെ പിണക്കരുതെന്ന് ട്രംപിനോട് യുഎസ് കോണ്‍ഗ്രസ്   
 
    
 
യുഎസ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുവച്ച സമാധാനകരാറിന്റെ ആദ്യഘട്ടത്തിന് ഇരുകൂട്ടരും ഒപ്പുവച്ചതറിഞ്ഞാണ് ടെൽ അവീവിലും ഖാൻ യൂനിസിലും ആഘോഷം നിറയുന്നത്.  
  
 -  Also Read  ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും, ബന്ദികളെ മോചിപ്പിക്കും; ട്രംപ് ഈജിപ്തിലേക്ക്   
 
    
 
ടെൽ അവീവിൽ ‘ഹോസ്റ്റേജസ് ചത്വരത്തിൽ’ ബന്ദികളുടെ കുടുംബങ്ങൾ, അനുയായികൾ, യുദ്ധത്തിന്റെ തുടക്കത്തിൽ മോചിതരായ മുൻ ബന്ദികൾ എന്നിവർ വന്നു നിറഞ്ഞു.. പിന്നിൽ ആഘോഷവെടിക്കെട്ടിന്റെ ചുവന്ന വെളിച്ചം. ആൾക്കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിൽ ഷാംപെയ്ൻ കുപ്പി തുറന്നു. മധുരപലഹാരങ്ങൾ വിതരണം ചെയ്തു. മുൻപ് മോചിക്കപ്പെട്ട ബന്ദികളിലൊരാൾ, ഓമർ ഷെ തോവ് പ്രതികരിച്ചു: ‘ഈ നിമിഷം വിവരിക്കാൻ എനിക്ക് വാക്കുകളില്ല’  
  
 -  Also Read  20 ഇസ്രയേലി ബന്ദികൾക്ക് പകരം 2000 പലസ്തീൻ തടവുകാര്‍; പലസ്തീൻ ജനതയ്ക്കായി തുടർന്നും പോരാടുമെന്ന് ഹമാസ്   
 
    
 
24 മാസം ഇസ്രയേലിൽ വേദനയും അനിശ്ചിതത്വവും നിരാശയും നിറഞ്ഞിരുന്നു. 250 പേർ ബന്ദികളാക്കപ്പെട്ടതിന്റെ വേദന. ഇടയ്ക്കിടെ ബന്ദികൾ മോചിപ്പിക്കപ്പെട്ടെങ്കിലും ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുന്നതിന്റെ ആശങ്ക. ഇപ്പോൾത്തന്നെ ബാക്കിയുള്ളവരിൽ 20 പേരേ ജീവനോടെയുള്ളു. 28 പേർ മരിച്ചവരാണ്.  
  
 -  Also Read   കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു   
 
    
 
ഒക്ടോബർ 7നു ബന്ദിയാക്കപ്പെട്ട എൽകാന ബോഹ്ബോട്ടിന്റെ ഭാര്യ റെബേക്ക ബോഹ്ബോട്ട് ഇൻസ്റ്റാഗ്രാമിൽ എഴുതി. ‘‘ഒരു കൊച്ചു ബാലൻ പിതാവ് കെട്ടിപ്പിടിക്കാൻ വരുന്നതു കാത്തിരുന്ന നിമിഷമാണിത്, എന്റെ കുടുംബം വീണ്ടും ജീവൻ തിരിച്ചുപിടിക്കുന്ന നിമിഷം’’.ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ട്രംപ്. ഒരാൾ ട്രംപിന്റെ വേഷം ധരിച്ച് അമേരിക്കൻ പതാക വീശി. ചിലർ അദ്ദേഹം നോബൽ സമാധാന പുരസ്കാരത്തിന് അർഹനാണെന്ന് ആർപ്പുവിളിച്ചു.  
 
ഗാസയിൽ ഒരുവശത്ത് സന്തോഷം അലയടിക്കുമ്പോഴും മറുവശത്ത് ഇസ്രയേലിന്റെ ആക്രമണം തുടരുന്നുണ്ടായിരുന്നു. ‘‘രണ്ടു വർഷത്തെ കൊലപാതകങ്ങളും വംശഹത്യയും അതിജീവിച്ച് പലസ്തീൻ പൗരന്മാർ കാത്തിരുന്ന നിമിഷങ്ങളാണിത്’’– ഖാൻ യൂനിസിലെ തെരുവിൽ പലസ്തീനി യുവാവ് ഖാലിദ് ഷാത്ത് പറഞ്ഞു. English Summary:  
Israel-Gaza ceasefire: Israel-Gaza ceasefire brings moments of joy and hope for families on both sides. The peace agreement offers a glimmer of hope amidst the devastation and loss suffered during the conflict. This marks a significant step towards de-escalation and potential resolution. |