എന്റെ മകളുടെ ജീവന്റെ വില സർക്കാരല്ല നിശ്ചയിക്കേണ്ടത്. ഞങ്ങൾക്ക് ഏകമകളെയാണു നഷ്ടമായത്. ഞങ്ങൾക്ക് ആരുമില്ലാതായി’: ഒരു പിതാവിന്റെ വിലാപം കേരളത്തിന്റെ നെഞ്ചിലേക്കു തറഞ്ഞുവീണിട്ട് അധികമായിട്ടില്ല.
കൊട്ടാരക്കരയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ അച്ഛൻ മോഹൻദാസിന്റെ ഹൃദയം തകർക്കുന്ന ഈ വാക്കുകൾ ആരോഗ്യവകുപ്പിന്റെ ഒരു ‘സിസ്റ്റ’ത്തിലേക്കും പതിഞ്ഞിട്ടില്ല എന്നതിന്റെ നേർസാക്ഷ്യമാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇന്നലെ നടന്നത്. മകൾ മരിച്ച പിതാവിന്റെ മാനസികാവസ്ഥ എന്തുതന്നെയായാലും ആശുപത്രിയിലെ സുരക്ഷാവീഴ്ചയിലേക്കും എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന സർക്കാർ ഉറപ്പുകളുടെ ലംഘനങ്ങളിലേക്കും വിരൽചൂണ്ടുന്നതാണ് ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്കു വെട്ടേറ്റ സംഭവം.
കഴിഞ്ഞ ഓഗസ്റ്റ് 14ന് ആണ് ആനപ്പാറപ്പൊയിൽ സനൂപിന്റെ മകൾ അനയ പനി ബാധിച്ചു മരിച്ചത്. കുട്ടിയെ അന്നു രാവിലെ ചികിത്സയ്ക്കെത്തിച്ചത് താമരശ്ശേരി ആശുപത്രിയിലാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന കരാർ ഡോക്ടർമാർ കുട്ടിയെ പരിശോധിച്ചു.
വൈകിട്ട് പനിയും ഛർദിയും വർധിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. കോഴിക്കോട്ട് എത്തുന്നതിനു മുൻപു കുട്ടി മരിച്ചു. പിന്നീട് സെപ്റ്റംബർ മൂന്നിനാണ് കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ രണ്ടു സഹോദരന്മാർക്കും പിന്നീട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചെങ്കിലും വിദഗ്ധ ചികിത്സയിൽ രോഗം ഭേദമായി.
അനയയുടെ മരണ സർട്ടിഫിക്കറ്റ് കിട്ടുന്നതുമായി ബന്ധപ്പെട്ട് സനൂപ് പലതവണ താമരശ്ശേരി ആശുപത്രിയിലെത്തിയിരുന്നു. ഇതു കാരണം ഇന്നലത്തെ സനൂപിന്റെ വരവിൽ ജീവനക്കാർക്കു സംശയം തോന്നിയില്ല. എന്നാൽ, മെഡിക്കൽ ഓഫിസറുടെ മുറിയിൽ മറ്റൊരു രോഗിയുടെ ലാബ് ടെസ്റ്റ് വിവരങ്ങൾ വിശദീകരിച്ചുകൊണ്ടിരുന്ന ഡോ.വിപിനെ സനൂപ് തലയ്ക്കു വെട്ടുകയായിരുന്നു. അനയയുടെ ചികിത്സയുമായി ഒരു തരത്തിലും ബന്ധപ്പെട്ട ഡോക്ടറായിരുന്നില്ല വിപിൻ. ആ മുറിയിൽ മറ്റൊരാളായിരുന്നെങ്കിലും ഇതു തന്നെ സംഭവിച്ചേനെ.ഗുരുതരനിലയിൽ സ്വകാര്യാശുപത്രിയിലാണിപ്പോൾ ഡോക്ടർ.
ആശുപത്രിയിലെ സുരക്ഷാസംവിധാനത്തിലെ കുറവുകളിലേക്കു തന്നെയാണ് ഈ സംഭവം വിരൽചൂണ്ടുന്നത്. വന്ദന ദാസ് സംഭവത്തിനു ശേഷം ആശുപത്രി സുരക്ഷയ്ക്കുവേണ്ടി 224 പേരുടെ സ്ഥിരം ഡപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. യഥാർഥത്തിൽ 637 തസ്തികകളാണ് വേണ്ടതെങ്കിലും സാമ്പത്തികബാധ്യത കണക്കിലെടുത്താണ് 224 പേർ മതിയെന്നാക്കിയത്. എന്നാൽ, അധികതസ്തികകൾ സൃഷ്ടിക്കുന്നതിനോട് ആഭ്യന്തരവകുപ്പുതന്നെ വിയോജിച്ചു. ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും കൃത്യമായി പ്രവർത്തിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്നായിരുന്നു നിലപാട്. അങ്ങനെയുള്ള പ്രവർത്തനമൊന്നും ഇന്നലെ കണ്ടില്ല. ആരോഗ്യപ്രവർത്തകർക്കു വെട്ടും കുത്തും ഏറ്റശേഷം പൊലീസ് സംഘവും സെക്യൂരിറ്റിയും പാഞ്ഞെത്തിയിട്ട് എന്തുകാര്യം?
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആശുപത്രി സംരക്ഷണ നിയമം പാസാക്കുകയാണ് സർക്കാർ ചെയ്ത ഏകകാര്യം. നിയമത്തിന്റെ അനുബന്ധകാര്യങ്ങൾ ഇപ്പോഴും ഇരുട്ടിൽത്തന്നെ.
ആശുപത്രികളെ മൂന്നു വിഭാഗങ്ങളായി തിരിച്ചു സുരക്ഷ ശക്തമാക്കുമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. ആദ്യവിഭാഗത്തിൽ വരുന്ന മെഡിക്കൽ കോളജുകൾ, ജില്ലാ, ജനറൽ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ എന്നിവിടങ്ങളിൽ പൊലീസ് ഔട്‌പോസ്റ്റ്; അവിടെ എസ്ഐ, എഎസ്ഐ, സിപിഒ എന്നിവരെ ഡപ്യൂട്ടേഷനിൽ നിയോഗിക്കൽ എന്നിവ നിയമത്തിൽ പറയുന്നു.
എല്ലാ ആശുപത്രികളിലും സിസിടിവി ക്യാമറകളും മുന്നറിയിപ്പു സംവിധാനവും സ്ഥാപിക്കും, 6 മാസം കൂടുമ്പോൾ സുരക്ഷാ ഓഡിറ്റ് നടത്തും, പ്രതികളെയും അക്രമസ്വഭാവമുള്ളവരെയും ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും... അങ്ങനെയും പോകുന്നു വ്യവസ്ഥകൾ. പക്ഷേ, ഇതെല്ലാം കടലാസിലേയുള്ളൂ എന്നു തെളിയിക്കുന്നതാണ് സർക്കാർ ആശുപത്രികളിലെ സ്ഥിതിയും ജോലി സാഹചര്യവും.
ഡോക്ടർമാരുടെയും നഴ്സുമാരുടെയും കടുത്ത ക്ഷാമമാണ് സർക്കാർ ആശുപത്രികൾ നേരിടുന്നത്. രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയും ചെയ്യുന്നു. ഒരു ഒപി ഡോക്ടർക്ക് ഒരു രോഗിക്കായി നൽകാനാകുന്ന സമയം രണ്ടു മിനിറ്റിൽ താഴെമാത്രം. തിരക്കുപിടിച്ചുള്ള ഈ പരിശോധനയ്ക്കിടയിൽ സ്വന്തം സുരക്ഷകൂടി സ്വയം നോക്കേണ്ടിവരുന്ന അവസ്ഥ ആരോഗ്യപ്രവർത്തകരെ മാനസികമായി തളർത്തുകയേയുള്ളൂ.
സംവിധാനത്തിന്റെ പൂർണ പരാജയമാണ് കൊട്ടാരക്കരയിലെ വന്ദന ദാസ് കൊല്ലപ്പെട്ടതിനു കാരണമെന്നാണ് ഹൈക്കോടതി വിമർശിച്ചത്. എന്നിട്ടും കേരളത്തിന്റെ നട്ടെല്ലായ ആരോഗ്യപ്രവർത്തകരുടെ സംരക്ഷണത്തിനുവേണ്ടി പ്രഖ്യാപനങ്ങൾക്കപ്പുറം എന്തെങ്കിലും ചെയ്യാൻ വിസമ്മതിക്കുന്ന സർക്കാരിന്റെ അനാസ്ഥയ്ക്കു കടുത്ത ചികിത്സതന്നെ വേണ്ടിവരും. English Summary:
Kerala\“s Healthcare Workers Under Attack: Systemic Failures Exposed at Thamarassery Hospital |