തിരുവനന്തപുരം ∙ തമ്പാനൂർ– മോഡൽ സ്കൂൾ ജംക‍്ഷൻ റോഡിലെ  ദീർഘദൂര സ്വകാര്യ സർവീസുകളുടെ പാർക്കിങ് സംഗീത കോളജ് ജംക‍്ഷനിലേക്കു മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്ന് ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മിഷണറുടെ വാദം തെറ്റെന്ന് മേയർ ആര്യ രാജേന്ദ്രൻ. മോഡൽ സ്കൂൾ ജംക‍്ഷൻ– തമ്പാനൂർ റോഡിലെ സ്വകാര്യ ദീർഘദൂര സർവീസ് ബസുകളുടെ അനധികൃത പാർക്കിങ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയം ചർച്ച ചെയ്തിരുന്നുവെന്ന് മേയർ പറഞ്ഞു. ഇത്തരം സർവീസുകൾ തൈക്കാട് സംഗീത കോളജ് ജംക‍്ഷനിലേക്കു മാറ്റണമെന്ന് നിർദേശിച്ചപ്പോൾ മുൻപ് അവിടെ നിന്നാണ് സർവീസ് തുടങ്ങിയിരുന്നത് എന്നും മാറ്റുന്നതിന് തടസ്സമില്ലെന്നും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചതായും മേയർ അറിയിച്ചു.   
 
അനധികൃത പാർക്കിങ് കാരണം സമയത്ത് ബസും ട്രെയിനും കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നത് കാണാതെയും അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കാതെയും ട്രാഫിക് പൊലീസ് ആർക്കു വേണ്ടിയാണ് നിൽക്കുന്നതെന്നാണ് ജനങ്ങളുടെ ചോദ്യം.നഗരത്തിലെ \“പാർക്കിങ്\“, \“നോ പാർക്കിങ്\“ സ്ഥലങ്ങൾ നിശ്ചയിക്കാൻ ഓഗസ്റ്റിൽ കൂടിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ  സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ് വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും യോഗം അവസാനിക്കുന്നതിനു മുൻപായിരുന്നു ചർച്ചയെന്നും മേയർ പറഞ്ഞു. ബസ് സ്റ്റാൻഡിലേക്കും സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കും ഉള്ള പ്രധാന റോഡ് എന്ന നിലയിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തുമെന്നും മേയർ അറിയിച്ചു.  
 
സ്വന്തമായി പാർക്കിങ് യാഡ് ഉള്ള സ്വകാര്യ ദീർഘദൂര സർവീസുകൾ പോലും റോഡ് കയ്യേറി മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നതു കാരണം പനവിള– തമ്പാനൂർ റോഡിൽ വൈകുന്നേരങ്ങളിൽ വൻ കുരുക്കാണ്. സ്കൂൾ, ഓഫിസ് സമയം കഴിഞ്ഞ് സമയത്ത് വീടെത്താൻ വിദ്യാർഥികളും ഉദ്യോഗസ്ഥരും വഴിയിൽ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. കൊല്ലത്തേക്കും നാഗർകോവിലിലേക്കും പോകുന്ന പാസഞ്ചർ ട്രെയിൻ സർവീസുകൾ വൈകിട്ട് 6 ന് മുൻപ് യാത്ര പുറപ്പെടും. തമ്പാനൂരിലെ കുരുക്ക് കാരണം പലപ്പോഴും ട്രെയിൻ കിട്ടാറില്ല എന്നാണ് യാത്രക്കാരുടെ പരാതി. പ്രശ്നം പരിഹരിക്കേണ്ട പൊലീസ് ആണ് യോഗം തീരുമാനിച്ചാലാണ് നടപടി എടുക്കൂ എന്ന ന്യായം പറയുന്നത്. English Summary:  
Thiruvananthapuram traffic problems are exacerbated by illegal bus parking near Thampanoor. The Mayor addressed the issue of unauthorized private bus parking causing disruptions, emphasizing the need for resolution through discussions with higher police officials to alleviate public inconvenience. This congestion particularly affects commuters heading to the bus stand and central railway station. |   
                
                                                    
                                                                
        
 
    
                                     
 
 
 |