തിരുവനന്തപുരം ∙ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു ശബരിമലയിലും ദേവസ്വം ബോർഡിലും ചില കാര്യങ്ങളിൽ ഉണ്ടായിരുന്ന നിഗൂഢമായ മേൽക്കൈയും ഉദ്യോഗസ്ഥ വീഴ്ചയും സ്വർണപ്പാളി വിവാദത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നുവെന്ന നിഗമനത്തിൽ ദേവസ്വം വിജിലൻസ്. വിജിലൻസ് റിപ്പോർട്ട് 2 ദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കും. കൂടുതൽ അന്വേഷണത്തിന് വഴി തുറക്കുന്ന നിഗമനങ്ങളിലാണ് വിജിലൻസ് എത്തിച്ചേർന്നതെന്നാണു വിവരം.
- Also Read അടിമുടി ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ് നിഗമനം; കൂടുതൽ അന്വേഷണത്തിലേക്ക് വാതിൽ
ഇതോടെ സർക്കാരിന് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ കഴിയും. റിപ്പോർട്ട് ഉടൻ നൽകണമെന്ന് സർക്കാർ ദേവസ്വം വിജിലൻസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമികമായി തന്നെ വീഴ്ചയുണ്ടെന്നു കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയുണ്ടാകും. ഇതോടെ ഇപ്പോഴത്തെ വിവാദങ്ങൾ അൽപം തണുക്കുമെന്നുമാണു സർക്കാരിന്റെ പ്രതീക്ഷ.
വിവാദത്തിൽ ഇപ്പോഴും ദുരൂഹമായി തുടരുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്;
∙ ശിൽപങ്ങളിൽ സ്വർണം പൂശാമെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി 2019 ജൂലൈ അഞ്ചിനു ബോർഡിനു കത്തു നൽകുന്നു. ഇതിനു മറുപടിയായി ‘ചെമ്പുപാളി’കളിൽ സ്വർണം പൂശി തിരിച്ചെത്തിക്കാൻ ഉത്തരവ്. 1998ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ പാളികൾ ഉത്തരവിൽ എങ്ങനെ ചെമ്പുപാളികളായി ?
∙ പാളികൾ അഴിച്ച സമയത്ത് ദേവസ്വം വിജിലൻസിന്റെ സാന്നിധ്യമില്ലാതിരുന്നത് എന്തുകൊണ്ട് ?
∙ പാളികൾ അഴിച്ചപ്പോൾ തൂക്കം 42.8 കിലോഗ്രാം. ചെന്നൈയിൽ പരിശോധിച്ചപ്പോൾ 38.25 കിലോഗ്രാം. 4 കിലോയിലേറെ കുറവുണ്ടായിട്ടും ബോർഡ് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ട് ?
∙ തിരുവാഭരണം സ്പെഷൽ കമ്മിഷണറും ദേവസ്വം സ്മിത്തും മഹസറിൽ ചട്ടപ്രകാരം ഒപ്പിടാതിരുന്നത് എന്തുകൊണ്ട്?
∙ അഴിച്ചെടുത്ത പാളികൾ സ്പോൺസറുടെ കൈവശം ഏൽപിച്ചതിന്റെ എല്ലാ വീഴ്ചയും ഉദ്യോഗസ്ഥരുടെ ഭാഗത്തെന്നു ബോർഡ്. എന്തുകൊണ്ട് ചെന്നൈയിലേക്കു കൊണ്ടുപോയപ്പോൾ ദേവസ്വം പ്രതിനിധിയെ നിയോഗിച്ചില്ല? പാളിയിൽ കണ്ടെത്തിയ പൊട്ടൽ എങ്ങനെയുണ്ടായി ?
∙ പാളികൾ ചെന്നൈയിൽ എത്തിക്കാനെടുത്തത് ഒരു മാസത്തിലേറെ സമയം. ഇതിനിടയിൽ എന്തു സംഭവിച്ചു?
∙ സ്വർണം പൂശിയ പാളികളുടെ നിറം മങ്ങിയതിനാൽ വീണ്ടും സ്വർണം പൂശാൻ ഈ വർഷം സെപ്റ്റംബർ ഏഴിനു തീരുമാനം. 2019ൽ പൂശിയ പാളികൾക്കു 40 വർഷം ഗാരന്റി പറഞ്ഞിടത്ത് 6 വർഷത്തിനു ശേഷം വീണ്ടും നടപടി എന്തിന് ? തനിക്കു കിട്ടിയത് സ്വർണനിറത്തിലുള്ള പെയ്ന്റ് അടിച്ച പാളിയാണെന്ന ഉണ്ണിക്കൃഷ്ണന്റെ ആരോപണത്തിന് മറുപടി ?
∙ ശ്രീകോവിൽ വാതിൽ മാറ്റി മറ്റൊന്നു സ്ഥാപിക്കാൻ ഉണ്ണിക്കൃഷ്ണനെ തിരഞ്ഞെടുത്തത് എങ്ങനെ? ആരു പണം മുടക്കി?
∙ ചട്ടങ്ങൾ ഉദ്യോഗസ്ഥതലത്തിൽ പാലിച്ചെങ്കിലും കോടതിയെയും സ്പെഷൽ കമ്മിഷണറെയും അറിയിക്കണമെന്ന 2023ലെ ഉത്തരവ് ലംഘിച്ചതെന്തിന്?
∙ പാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിൽ ശാസ്ത്രീയ പരിശോധന നടത്താൻ തടസ്സമെന്ത് ?
രണ്ടാം ദിവസവും ചോദ്യംചെയ്യൽ; ചെമ്പ് പാളിയെന്ന മഹസർ രേഖ കൈമാറിഉണ്ണിക്കൃഷ്ണൻ പോറ്റി
തിരുവനന്തപുരം∙ 2 ദിവസമായി 8 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിൽ ദേവസ്വം ബോർഡിനെ കുറ്റപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റി. ഇന്നലെ രാവിലെ 9ന് വീണ്ടും ദേവസ്വം വിജിലൻസിന്റെ മുന്നിൽ ഹാജരായ ഉണ്ണിക്കൃഷ്ണൻ പോറ്റി ചോദ്യംചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും നേരത്തേ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു. 2019ലെ ദ്വാരപാലകരെ പൊതിഞ്ഞുള്ള ചെമ്പ് തകിടുകൾ അറ്റകുറ്റപ്പണിക്ക് കൊടുത്തുവിടുന്നു എന്ന മഹസർ രേഖ വിജിലൻസിന് കൈമാറിയെന്നും അറിയിച്ചു.
അതിൽ ചെമ്പ് തകിടുകൾ എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നതാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി തന്റെ ഭാഗം ന്യായീകരിക്കാൻ പറഞ്ഞത്. താനും ബെംഗളൂരുവിലെ 2 സുഹൃത്തുക്കളും ചേർന്ന് 15 ലക്ഷം രൂപ മുടക്കിയാണ് സ്വർണം പൂശിയതെന്നും വിജിലൻസ് മുൻപാകെ അറിയിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ ഉറവിടം സംബന്ധിച്ച രേഖകളും വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ വസ്തു ഇടപാടുകളുടെ വിവരങ്ങളും വിജിലൻസ് തേടിയിരുന്നു. English Summary:
Sabarimala Gold Plate Controversy: Devaswom Vigilance Concludes, Investigation Looms |