cy520520 • 2025-10-28 09:05:27 • views 950
ചോദ്യവേള∙പി.എസ്.പ്രശാന്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം ∙ അറ്റകുറ്റപ്പണിക്കു ചെന്നൈയിലേക്കു കൊണ്ടുപോയ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കോടതി അനുമതി ലഭിച്ചതു പ്രകാരം ഈമാസം 17ന് സന്നിധാനത്തു സ്ഥാപിക്കുമെന്നും സ്വർണപ്പാളികളുടെ വിവരം സംബന്ധിച്ച് കണക്കും രേഖകളും കൈവശമുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
- Also Read മല്യയുടെ വാഗ്ദാനം: ഹൈക്കോടതി രേഖകളിൽ സ്ഥിരീകരണം; സ്വർണം പൊതിഞ്ഞത് 1.75 കോടി ചെലവിൽ
2 ദ്വാരപാലക ശിൽപങ്ങളിലുമായി 14 പാളികളാണുള്ളത്. ഭാരം 38 കിലോഗ്രാം. രണ്ടിലുമായി 397 ഗ്രാം സ്വർണമുണ്ട്. ചെന്നൈയിൽ കൊണ്ടുപോകുന്നതിനു മുൻപ് തിരുവാഭരണം കമ്മിഷണർ കണക്കുകൾ രേഖപ്പെടുത്തിയിരുന്നു. ആകെ 22 കിലോഗ്രാമുള്ള 12 പാളികൾ മാത്രമാണു കൊണ്ടുപോയത്. ഇതിലുണ്ടായിരുന്ന സ്വർണത്തിന്റെ അംശം 281 ഗ്രാം ആണ്. നവീകരണത്തിനായി 10 ഗ്രാം സ്വർണമാണു വേണ്ടിവന്നത്. കോടതി നിർദേശപ്രകാരം വൈകാതെ തിരികെ എത്തിക്കുകയായിരുന്നു. 12 പാളികളിലെ സ്വർണം 281 ഗ്രാം എന്നത് 10 ഗ്രാം വർധിച്ച് 291 ഗ്രാം ആയി മാറി. 14 പാളികളിലുമായി 407 ഗ്രാം സ്വർണം ഇപ്പോഴുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
- Also Read സ്വർണം പൊതിഞ്ഞ വാതിലും ശിൽപവും മാറ്റി പകരം പൂശിയത് സ്ഥാപിച്ചത് 2019ൽ; രണ്ടിനും ഒരേ സ്പോൺസർ
Q 2019ൽ തനിക്കു ലഭിച്ചത് ചെമ്പുപാളി ആണെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി ആവർത്തിക്കുന്നുണ്ടല്ലോ?
A 2019ലെ കാര്യങ്ങൾക്ക് ഞാനല്ല ഉത്തരവാദി. അത് കോടതി പരിശോധിക്കട്ടെ. വിജയ് മല്യ സ്വർണം പൊതിഞ്ഞ 1998 മുതൽ അന്വേഷണം വേണം. 4 കിലോഗ്രാം സ്വർണം നഷ്ടമായെന്ന് പ്രതിപക്ഷനേതാവ് പറയുന്നത് വങ്കത്തരമാണ്.
Q പാളികൾ ചെന്നൈയിലേക്കു കൊണ്ടുപോയപ്പോൾ സ്പെഷൽ കമ്മിഷണറെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണ്?
A അക്കാര്യത്തിൽ വീഴ്ചയുണ്ട്. സംഭവിച്ചുപോയി. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ കോടതിക്കു ബോധ്യപ്പെട്ടു.
Q ഇതു വലിയ വീഴ്ചയല്ലേ? എങ്ങനെ ഒഴിഞ്ഞുമാറാനാകും?
A കാര്യങ്ങൾ കോടതിയെയും സ്പെഷൽ കമ്മിഷണറെയും അറിയിക്കണമെന്ന് 2023 മുതലേ നിർദേശമുണ്ട്. സ്പെഷൽ ബെഞ്ചുമായി ബന്ധപ്പെട്ട് വർഷത്തിൽ 40 മുതൽ 50 വരെ ഉത്തരവുകളാണ് ഉണ്ടാകുന്നത്. ബോർഡ് നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ കാലാവധി ഒരു വർഷമാണ്. അവർ എല്ലാ കാര്യങ്ങളും അറിയണമെന്നില്ല. അവരെ ന്യായീകരിക്കുകയല്ല. കോടതിയെ വീഴ്ച ബോധ്യപ്പെടുത്താനായി.
Q ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പാളികൾ ഏൽപിച്ചതും വീഴ്ചയല്ലേ?
A വിജിലൻസിന്റെ സാന്നിധ്യത്തിൽ മഹസർ തയാറാക്കിയാണ് പാളികൾ കൊണ്ടുപോയത്. തിരുവാഭരണം കമ്മിഷണറും പൊലീസും അനുഗമിച്ചു. പോറ്റിയുടെ കയ്യിൽ കൊടുത്തു വിടുകയായിരുന്നില്ല, ചെന്നൈയിൽ എത്താനാണ് ആവശ്യപ്പെട്ടത്. സ്മാർട് ക്രിയേഷൻസ് ആധികാരിക സ്ഥാപനമാണ്. നിർഭാഗ്യവശാൽ പോറ്റിയുടെ പേരിലായിരുന്നു 40 വർഷത്തെ വാറന്റി. അതിനാലാണ് സേവനം വേണ്ടിവന്നത്. വെറും 10 ഗ്രാം സ്വർണമാണ് ഇയാൾ സ്പോൺസർഷിപ്പിലൂടെ നൽകിയത്. 10 ഗ്രാം സ്വർണം ദേവസ്വം ബോർഡിന് വഹിക്കാവുന്നതേയുള്ളൂ.
Q ശ്രീകോവിലിന്റെ വാതിൽ, പടി എന്നിവയ്ക്കും അറ്റകുറ്റപ്പണി ആവശ്യമാണ്. ഇത് എങ്ങനെ നടത്തും?
A വാതിലും പടികളും പുറത്തുകൊണ്ടുപോയി അറ്റകുറ്റപ്പണി സാധ്യമല്ല. സന്നിധാനത്ത് ഇതിനു സൗകര്യങ്ങൾ ഒരുക്കേണ്ടിവരും. കോടതിയുടെയും തന്ത്രിയുടെയും അഭിപ്രായം തേടും. English Summary:
P.S. Prasanth on Dwarapalaka Gold Plates: PS Prasanth addresses allegations regarding gold plates used in Sabarimala temple renovations. He clarifies discrepancies in gold weight and denies responsibility for issues before 2019, emphasizing court oversight and ongoing investigations. He also acknowledge lapses in communication regarding the transport of the gold plates. |
|