തിരുവനന്തപുരം ∙ നിയമസഭ സ്വകാര്യ സർവകലാശാല ബിൽ പാസാക്കിയിട്ട് 6 മാസം പിന്നിടുന്നു. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു ഗവർണർ വിട്ടെങ്കിലും നടപടി വൈകുകയാണ്. രാജ്യത്ത് 27 സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. 2024 ജനുവരിയിൽ 473 സ്വകാര്യ സർവകലാശാലകളാണു രാജ്യത്ത് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 517 ആയി. കഴിഞ്ഞവർഷം മാത്രം 44 പുതിയ സ്വകാര്യ സർവകലാശാലകൾ തുറന്നു.  
  
 
മാർച്ച് 25നാണ് സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കിയത്. യുജിസി ചട്ടക്കൂടിൽ നിന്നുകൊണ്ടാണു സ്വകാര്യ സർവകലാശാല ബിൽ തയാറാക്കിയതെന്നു സർക്കാർ ആവർത്തിക്കുന്നു. എസ്‌സി, എസ്ടി സംവരണവും ഫീസ് ഇളവുമാണ് അധികമായി ചേർത്തിട്ടുള്ളത്. മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും ഗവർണർ രാജേന്ദ്ര ആർലേക്കറെ നേരിൽക്കണ്ട് ബില്ലിൽ പ്രശ്നമുണ്ടെങ്കിൽ മാറ്റം വരുത്താമെന്ന് അറിയിച്ചിട്ടും ഗവർണർ വഴങ്ങിയില്ല. അനുരഞ്ജന സാധ്യതകൾ പരിശോധിക്കാതെ ഗവർണർ ഏകപക്ഷീയമായി ബിൽ രാഷ്ട്രപതിക്ക് അയച്ചെന്നാണ് സർക്കാരിന്റെ വിമർശനം.  പല മുൻനിര സ്ഥാപനങ്ങളും കേരളത്തിൽ സർവകലാശാലകൾ ആരംഭിക്കാൻ താൽപര്യമറിയിച്ചതാണ്.  
 
 നടപടിക്രമങ്ങൾ പൂർത്തിയാക്കി സർവകലാശാല ആരംഭിക്കാൻ കുറഞ്ഞത് 6 മാസം വേണം. പല സ്ഥാപനങ്ങളും ക്യാംപസുകൾക്കായി സ്ഥലം അന്വേഷിക്കുന്നുണ്ട്. ഹൈദരാബാദിലെ മല്ല റെഡ്ഢി സർവകലാശാല തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ 5 ഏക്കർ ഭൂമിക്കു ശ്രമിക്കുന്നുണ്ട്. മണിപ്പാൽ അക്കാദമി, എംഇഎസ്, മർക്കസ്, സമസ്ത, തൃശൂർ രൂപത, ജെയിൻ സർവകലാശാല, ലൗലി പഞ്ചാബ് സർവകലാശാല, മലങ്കര കത്തോലിക്കാ സഭ, അസിം പ്രേംജി സർവകലാശാല തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളും സമുദായങ്ങളും സർവകലാശാല തുടങ്ങാൻ താൽപര്യമറിയിച്ചിരുന്നു.  
 
മറ്റിടങ്ങളിൽ ഇങ്ങനെ  
 
3 വർഷത്തിനിടെ മറ്റു സംസ്ഥാനങ്ങളിൽ തുടങ്ങിയ സ്വകാര്യ സർവകലാശാലകൾ:  
  
 ഗുജറാത്ത്– 22 
  
 മധ്യപ്രദേശ്–15 
  
 കർണാടക–10 
  
 തമിഴ്നാട്–3 
  
 ത്രിപുര– 3  
 
യുപി – 11 English Summary:  
Kerala\“s Private University Bill Stalled: Six Months On, No Presidential Nod |