പൊലീസിന്റെ ഇടിമുറിക്രൂരതയടക്കമുള്ള സർക്കാർവീഴ്ചകളിൽ ജനത്തിന്റെ മനസ്സിലുള്ള ചോദ്യങ്ങൾ, സർക്കാരിലെ രണ്ടാം കക്ഷിയായ സിപിഐതന്നെ ഉയർത്തിയിരിക്കുകയാണിപ്പോൾ. സിപിഐ നേതൃത്വം അതിനു തുനിയാതെ ഭവ്യതയോടെ നിൽക്കുന്നതു തിരുത്തിക്കൊണ്ടാണ് ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. സ്വന്തം മുന്നണിക്കുള്ളിൽനിന്നുയരുന്ന ആ പ്രതിഷേധത്തിന് അതുകൊണ്ടുതന്നെ ഗൗരവമാനങ്ങളുണ്ട്. അപ്രിയസത്യങ്ങളോടും പ്രതിഷേധസ്വരങ്ങളോടും സർക്കാർ കാണിച്ചുവരുന്ന അസഹിഷ്ണുത സഖ്യകക്ഷിയോടും തുടരുക എളുപ്പമാകില്ല.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിച്ച രാഷ്ട്രീയറിപ്പോർട്ടിൽ ആഭ്യന്തരവകുപ്പിനു നല്ല സർട്ടിഫിക്കറ്റ് നൽകിയതിനെ പ്രതിനിധികൾ തള്ളിയതിന് അതീവപ്രാധാന്യമുണ്ട്. മന്ത്രിസഭയിൽ രണ്ടാം റാങ്കിലുള്ള റവന്യുമന്ത്രി വിളിച്ചാൽ ഫോൺ എടുക്കാത്ത എഡിജിപിയും കസ്റ്റഡിമർദനം അലങ്കാരമാക്കിയവരുമുൾപ്പെടുന്ന കേരള പൊലീസ് ‘നമ്മുടെ പൊലീസ്’ അല്ലെന്നു രൂക്ഷമായി വിമർശിച്ച പ്രതിനിധികൾ, മൂന്നാമതും ഭരണം കിട്ടുന്നില്ലെങ്കിൽ അതിനു കാരണം പൊലീസ് ഭരണം മാത്രമായിരിക്കുമെന്നുകൂടി ആഞ്ഞടിച്ചു. കസ്റ്റഡി മർദനവും ഇടിമുറികളും ഇടതുനയമല്ലെന്നും ആഭ്യന്തരവകുപ്പ് അമ്പേ പരാജയമാണെന്നുമുള്ള വിമർശനങ്ങളും കേൾക്കാത്തമട്ടിലിരിക്കുമോ സിപിഎം? ലോക്കപ്പ് മർദനം സർക്കാരിന്റെയോ ഇടതുപക്ഷത്തിന്റെയോ നയമല്ലെന്ന് സമ്മേളനത്തിനുശേഷം ബിനോയ് വിശ്വത്തിനു തുറന്നു പറയേണ്ടിവരികയും ചെയ്തു.
ഇടതുമുന്നണിയുടെ അടിത്തറയായ അടിസ്ഥാനവർഗത്തെ പിണറായി സർക്കാർ മറന്നതായി ഭരണത്തിന്റെ അവസാനവർഷം, തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ് സിപിഐയുടെ കടുത്ത കുറ്റപ്പെടുത്തൽ. തകർച്ച നേരിടുന്ന പരമ്പരാഗത മേഖലകളിൽ 5 ലക്ഷത്തിലേറെപ്പേർക്കു ജോലി നഷ്ടപ്പെട്ടിരിക്കെ, എല്ലാ നിയമങ്ങളും മറികടന്ന് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ വികസനനയം നടപ്പാക്കുകയാണു സർക്കാരെന്നും മറ്റുമുള്ള വിമർശനങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽത്തന്നെ ഉണ്ടായി. സർക്കാരിന്റെ മുൻഗണന അടിസ്ഥാനവർഗത്തോടും പാവങ്ങളോടുമായിരിക്കണമെന്ന സിപിഐയുടെ ആവശ്യത്തിലുള്ളത് ഇപ്പോൾ അങ്ങനെയല്ലെന്ന വിമർശനം കൂടിയാണ്. തിരഞ്ഞെടുപ്പു തൊട്ടുമുന്നിൽ നിൽക്കെ കൂടുതൽ പറഞ്ഞ് മുന്നണിയെ കുഴപ്പത്തിലാക്കേണ്ടെന്ന മനോഭാവം സിപിഐക്കുള്ളപ്പോൾതന്നെ, ഇത്രയെല്ലാം അവർക്കു തുറന്നുപറയേണ്ടി വന്നു.Malayalam Literature, Indian Politics Corruption, Arundhati Roy Quotes, M Mukundan Novels, CID Moosa Movie, Kathakali Art Form, Malayala Manorama Online News, Writer\“s Perspective, Current Affairs Malayalam, Malayalam Quotes About Life, arundhadhi roy, tharun murthy, m mukundhan, editorial, vachakmela, opinion, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിനു വരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് എന്തിനാണ് ഇത്രയും പൊലീസ് അകമ്പടിയെന്ന വിമർശനം ഇടതുപക്ഷം തന്നെയാണ് ഗൗരവത്തോടെ പരിശോധിക്കണ്ടത്. ഇതു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു ചേർന്നതാണോ എന്നും പ്രതിനിധികൾ ചോദിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി സിപിഐയുടെ പേരുപോലും ഉച്ചരിച്ചില്ലെന്ന പ്രതിനിധികളുടെ പരാതിയിൽ മുഖ്യമന്ത്രിക്കു സിപിഐയോടുള്ള മനോഭാവം എന്താണെന്ന സൂചന കൂടിയുണ്ട്. സിപിഐ സമ്മേളന പ്രതിനിധികളെത്തന്നെ സെമിനാറിലേക്കു മെറ്റൽ ഡിറ്റക്ടറിലൂടെയാണു പൊലീസ് കടത്തിവിട്ടത്. സെക്രട്ടേറിയറ്റിലെ നിയന്ത്രണങ്ങൾക്കെതിരെ മാധ്യമങ്ങൾ ഉന്നയിച്ച വിമർശനം സിപിഐക്കും ഇതോടെ ബോധ്യമായിട്ടുണ്ടാകും.
സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളുയർത്തിയ കടുത്തവിമർശനങ്ങൾ ആ പാർട്ടിയും അതിന്റെ നാലു മന്ത്രിമാരും എങ്ങനെയാവും മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണു കേരളത്തിന്റെ കൗതുകം. വിധേയത്വത്തോടെയും ഭവ്യതയോടെയും സിപിഎമ്മിനെ നോക്കിക്കാണുന്ന പാർട്ടിനേതൃത്വത്തെക്കൂടിയാണ് സമ്മേളന പ്രതിനിധികൾ ചോദ്യം ചെയ്തിരിക്കുന്നത്. സിപിഎമ്മും സർക്കാരും വരുത്തുന്ന വീഴ്ചകളെ ഇനിയും വേണ്ടവിധം വിമർശിക്കാതെവിട്ടാൽ അതു പാർട്ടിക്കുള്ളിൽ കൂടുതൽ മുഴക്കത്തോടെയാവും ചോദ്യം ചെയ്യപ്പെടുകയെന്ന് ആലപ്പുഴ സമ്മേളനം ഓർമിപ്പിക്കുന്നു.
ജനങ്ങൾക്കുവേണ്ടി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ ലാഘവത്തോടെ അവഗണിക്കുന്നതാണു സിപിഎം നിലപാടെങ്കിലും മൂല്യബോധത്തിന്റെ പേരിൽ അഭിമാനിച്ചുപോരുന്ന സിപിഐയുടെ നേതൃത്വത്തിനും മന്ത്രിമാർക്കും അതിനാവുമോ എന്നാണു കേരളം ഉറ്റുനോക്കുന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിനിധികൾ സ്വരം കടുപ്പിച്ചെങ്കിലും അതിൽ കേന്ദ്രീകരിച്ചുള്ള പടനീക്കങ്ങൾ ഉണ്ടായില്ലെന്നതു നേതൃത്വത്തിന് ആശ്വാസമാവും. അതെന്തായാലും, സ്വന്തം പാർട്ടിയോടാണോ അതോ സിപിഎമ്മിനോടാണോ നേതാക്കളുടെ ഒന്നാം പ്രതിബദ്ധതയെന്നതുതന്നെയാണ് സമ്മേളനത്തിന്റെ ബാക്കിപത്രത്തിലെ ഒന്നാം ചോദ്യം.
വീണ്ടും സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റ ബിനോയ് വിശ്വത്തിന്റെ മുന്നിലുള്ളതു കഠിനപാതയാണെന്നു തീർച്ച. എൽഡിഎഫ് സർക്കാരിലെ രണ്ടാംകക്ഷിയെ നയിക്കുന്ന നേതാവ് കൂടുതൽ കാർക്കശ്യത്തോടെയും ഗൗരവത്തോടെയും നിലപാടുകളെടുത്ത് പാർട്ടിയുടെ വ്യക്തിത്വം ഉയർത്തിപ്പിടിക്കണമെന്ന പൊതുവികാരത്തോടെയാണ് സമ്മേളനത്തിനു കൊടിയിറങ്ങിയത് എന്ന കാര്യം അദ്ദേഹത്തിനു കണക്കിലെടുക്കേണ്ടിവരും. English Summary:
Editorial: CPI criticism of CPM is increasing due to government failures. The CPI state conference in Alappuzha saw strong criticism of the government, particularly regarding police brutality and neglect of the working class. This raises questions about the future of the LDF alliance. |