തിരുവനന്തപുരം∙ അതിദരിദ്രരില്ലാത്ത കേരളം എന്ന നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം നവംബർ ഒന്നിന് വൈകിട്ട് 5ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങിൽ പങ്കാളികളാവും. പ്രതിപക്ഷ നേതാവിനെ പരിപാടിയിലേക്കു ക്ഷണിക്കും. ചലച്ചിത്ര താരങ്ങളായ കമൽഹാസൻ എംപി, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിയ്ക്കു ശേഷവും മുൻപും  കലാവിരുന്നും അരങ്ങേറും.   
  
 -  Also Read  ക്ലൗഡ് ഇല്ലാതെ എങ്ങനെ ക്ലൗഡ് സീഡിങ് എന്ന് മന്ത്രി; ജലരേഖയായി ഡൽഹിയിലെ കൃത്രിമ മഴ   
 
    
 
തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും നടത്തും. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിനു കഴിഞ്ഞെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എന്നിവര്‍ പറഞ്ഞു.  
  
 -  Also Read   പലിശ കുറച്ചിട്ടും ഇരച്ചെത്തി ജനം; സ്വർണ ബോണ്ടിൽ കണക്കുതെറ്റി കേന്ദ്രം, കാണിച്ചത് ‘ഹിമാലയൻ’ മണ്ടത്തരം? എന്തുചെയ്യും നിർമലയും മോദിയും?   
 
    
 
സർവേയിലൂടെ കേരളത്തിലെ 64,006 അതിദരിദ്ര്യ കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഓരോ കുടുംബത്തിനും പ്രത്യേക മൈക്രോപ്ലാൻ രൂപീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. വോട്ടർ പട്ടികയിൽ പോലും പേരില്ലാത്ത, റേഷൻ കാർഡോ ആധാർ കാർഡോ പോലും  ഇല്ലാത്ത ഏറ്റവും അരികുവൽകരിക്കപ്പെട്ട നിരവധി പേരാണ് ഈ പട്ടികയിലുണ്ടായിരുന്നത്. 64,006 കുടുംബങ്ങളിൽ 4,421 കുടുംബങ്ങൾ (ഭൂരിപക്ഷവും ഏകാംഗ കുടുംബങ്ങളാണ്) ഇതിനകം മരണപ്പെട്ടു. വിപുലമായ പരിശോധനയും ബന്ധപ്പെടലും ശ്രമങ്ങളും നടത്തിയെങ്കിലും നാടോടികളായി കഴിയുന്ന 261 കുടുംബങ്ങളെ ഈ പ്രക്രfയയ്ക്കിടയിൽ കണ്ടെത്താനായിട്ടില്ല.   
 
ഇവരിൽ മഹാഭൂരിപക്ഷവും മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറിപ്പാർത്തവരാണ്. ഇവർ തിരിച്ചെത്തിയാൽ ആവശ്യമായ സംരക്ഷണം നൽകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരേ കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി പട്ടികയിൽ ഉൾപ്പെട്ട 47 കേസുകളുണ്ട്. ഇവരെ ഒരു കുടുംബമായി പരിഗണിച്ചുള്ള മൈക്രോപ്ലാനാണ് തയാറാക്കിയിരിക്കുന്നത്. ഇങ്ങനെ 4,729 കുടുംബങ്ങൾ ഒഴികെ ബാക്കി 59,277 കുടുംബങ്ങളാണ് അതിദരിദ്രരായി നിലവിൽ പട്ടികയിലുള്ളത്. ഇവരെയെല്ലാം അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചാണ് നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത കേരളം സാധ്യമാക്കുന്നതെന്നും മന്ത്രിമാർ പറഞ്ഞു. English Summary:  
Kerala Poverty Eradication: Kerala is set to declare itself free of extreme poverty on November 1st, marking a significant achievement. The event will feature prominent figures and highlights the state\“s commitment to social welfare and development. |   
                
                                                    
                                                                
        
 
    
                                     
 
 
 |