LHC0088 • 2025-10-22 05:21:13 • views 851
ടെൽ അവീവ് ∙ ഹമാസിനെ ലക്ഷ്യമിട്ട് ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്രയേലിൽ. രണ്ടു സൈനികരെ ഹമാസ് വധിച്ചെന്ന് ആരോപിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതോടെയാണ്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ നടപ്പാക്കിയ സമാധാന കരാർ സംരക്ഷിക്കുകയെന്ന ദൗത്യവുമായി വാൻസ് ഇസ്രയേലിൽ എത്തിയത്.
- Also Read 32 എംഎൽഎമാരുള്ള മുഖ്യമന്ത്രിയുടെ പാർട്ടി 2 എംഎൽഎമാരുള്ള പാർട്ടിയിൽ ലയിച്ചു; പ്രതിപക്ഷമില്ലാതെ നാഗാലാൻഡ്
സമാധാന കരാറിനെ കുറിച്ച് ആശങ്കയില്ലെന്ന് വാൻസ് പറഞ്ഞു. ‘കഴിഞ്ഞ ഒരാഴ്ചയായി നമ്മൾ കണ്ട കാര്യങ്ങൾ വെടിനിർത്തൽ നിലനിൽക്കുമെന്ന വലിയ ശുഭാപ്തിവിശ്വാസം എനിക്ക് നൽകുന്നു. എനിക്ക് വളരെ ശുഭാപ്തിവിശ്വാസമുണ്ട്. എന്നാൽ ഇത് നൂറു ശതമാനം ഉറപ്പാണ് എന്ന് എനിക്ക് പറയാൻ കഴിയുമോ? ഇല്ല. കരാർ ഹമാസ് പാലിക്കുന്നില്ലെങ്കിൽ, വളരെ മോശം കാര്യങ്ങൾ സംഭവിക്കും. എന്നാൽ ഇതുവരെ യുഎസ് പ്രസിഡന്റ് ചെയ്യാൻ വിസമ്മതിച്ച കാര്യം, അതായത് എല്ലാ ഇസ്രയേൽ ബന്ദികളുടെയും മൃതദേഹങ്ങൾ തിരികെ എത്തിക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിക്കുന്നത്, ഞാൻ ചെയ്യില്ല. കാരണം, ഈ കാര്യങ്ങളിൽ പലതും പ്രയാസകരമാണ്’ – വാൻസ് പറഞ്ഞു.
ബെന്യാമിൻ നെതന്യാഹുവുമായി വാൻസ് കൂടിക്കാഴ്‌ച നടത്തും. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് വാൻസ് ഇസ്രയേലിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജറീദ് കഷ്നർ എന്നിവരും ഇസ്രയേലിലുണ്ട്. വെടിനിർത്തലിനിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 80 ൽ ഏറെ പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. ഇന്നലെയും 13 പലസ്തീൻകാർ കൊല്ലപ്പെട്ടു.
മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകാൻ വൈകുന്നുവെന്ന് കാട്ടി ഗാസയിൽനിന്ന് ഈജിപ്തിലേക്കുള്ള റഫ ഇടനാഴി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞു കിടക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കരാർ ലംഘിച്ചെന്ന് പരസ്‌പരം ആരോപിക്കുന്നുണ്ടെങ്കിലും വെടിനിർത്തലിനോടുള്ള പ്രതിബദ്ധത ഇസ്രയേലും ഹമാസും ആവർത്തിക്കുന്നുണ്ട്.
വെടിനിർത്തൽ രണ്ടാം ഘട്ടത്തിന്റെ വിജയം ഇരുകൂട്ടരുടെയും നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നതിനാൽ വരുംദിവസങ്ങൾ നിർണായകമാണ്. അതേസമയം, ചർച്ചകൾ പുനർനിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഹമാസിനെ നിരായുധീകരിക്കണമെന്ന് യുഎസിനുമേൽ ഇസ്രയേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കരാർ ലംഘിച്ചാൽ ഹമാസിനെ ‘ഉന്മൂലനം’ ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗാസയിലേക്കുള്ള ഭക്ഷണമെത്തിക്കാനായി തെക്കൻ ഗാസയിൽ 2 പാതകൾ മാത്രമാണ് ഇസ്രയേൽ തുറന്നിരിക്കുന്നത്. പട്ടിണി പടർന്ന വടക്കൻ ഗാസയിലേക്ക് ഒറ്റവഴിയും തുറന്നിട്ടില്ല. ദിവസവും 2000 ടൺ ഭക്ഷ്യവസ്തുക്കളെങ്കിലും വേണമെന്നാണ് യുഎൻ വേൾഡ് ഫൂഡ് പ്രോഗ്രാം വ്യക്തമാക്കിയത്. എന്നാൽ 750 ടൺ മാത്രമാണ് എത്തുന്നത്.
കരാർ പ്രകാരം ബന്ദികളുടെ 13 മൃതദേഹങ്ങളാണു ഹമാസ് കൈമാറിയത്. 15 എണ്ണം കൂടി കൈമാറാനുണ്ട്. ഇസ്രയേൽ കൈമാറിയ പലസ്തീൻകാരുടെ 150 മൃതദേഹങ്ങളിൽ 32 എണ്ണം മാത്രമാണു തിരിച്ചറിയാനായത്. തടവുകാർ കടുത്ത പീഡനം നേരിട്ടതിന്റെ അടയാളങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായി ഡോക്ടർമാർ പറഞ്ഞു. ഇസ്രയേൽ ഗാസയിൽ നടത്തിയത് വംശഹത്യയിൽ കുറഞ്ഞൊന്നുമല്ലെന്ന് ഖത്തർ പറഞ്ഞു. English Summary:
Gaza Ceasefire on Brink: Vance to Meet Netanyahu to Salvage Agreement |
|