പട്ന∙ ഇന്ത്യ സഖ്യത്തിനുള്ളിൽ സീറ്റ് ധാരണയാകാത്തതിൽ തർക്കം പുകയുന്നതിനിടെ 143 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആർജെഡി. രണ്ടാംഘട്ടത്തിൽ പത്രിക നൽകേണ്ട അവസാന ദിവസമായ ഇന്നാണ് ആർജെഡി സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടിരിക്കുന്നത്. മുന്നണിക്കുള്ളിൽ തർക്കം പുകയുന്നതിനാലാണ് ഇത്രയും നാൾ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടാതിരുന്നത്.
- Also Read ബിഹാർ: ‘വോട്ട് ചോർ’ മറന്നു, ഇത് വോട്ട് പോർ; ഇന്ത്യാസഖ്യം കക്ഷികൾ നേർക്കുനേർ
ആർജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് രാഘോപുർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക. ലാലു കുടുംബത്തിന്റെ ശക്തികേന്ദ്രമായ രാഘോപുറിൽ നിന്നാണ് അവസാന രണ്ടു തവണയും തേജസ്വി വിജയിച്ചത്. പ്രധാന നേതാക്കളായ ചന്ദ്രശേഖർ മാധേപുരയിലും വീണ ദേവി മൊകാമയിലും ഉദയ് നാരായൺ ചൗധരി ജാഝയിലുമാണ് മത്സരിക്കുന്നത്.
- Also Read തെക്കനേഷ്യയിൽ ഇന്ത്യയ്ക്ക് പുതിയ ഭീഷണി: താലിബാനെ ഡല്‍ഹിയിലേക്കു ക്ഷണിച്ചത് വെറുതെയല്ല; പിന്നിൽ ‘അട്ടിമറി’ നയതന്ത്രം
ആർജെഡിയുടെ പ്രധാന സഖ്യകക്ഷിയായ കോൺഗ്രസ് ഇതുവരെ 60 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. തിങ്കളാഴ്ച ആറുപേരുടെ പട്ടിക പുറത്തുവിട്ടിരുന്നു. അതേസമയം, മുന്നണിക്കുള്ളിൽ സീറ്റ് പങ്കുവയ്ക്കൽ സംബന്ധിച്ച് ഔദ്യോഗിക ധാരണയുണ്ടാകാത്തത് തിരഞ്ഞെടുപ്പിന് മുന്‍പേ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായി. കുറഞ്ഞത് എട്ട് മണ്ഡലങ്ങളിലെങ്കിലും സഖ്യത്തിനുള്ളിലെ സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുന്ന സാഹചര്യമാണ്. മറ്റുകക്ഷികളായ സിപിഐഎംഎലിന് 20 സീറ്റും സിപിഐക്ക് ആറും സിപിഎമ്മിന് നാലും സീറ്റാണ് നൽകിയിരിക്കുന്നത്. അതേസമയം, എൻഡിഎയിൽ ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളിൽ ആണ് മത്സരിക്കുന്നത്. ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 29 സീറ്റ്, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോർച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക മോർച്ച എന്നിവയ്ക്ക് 6 സീറ്റ് വീതവുമാണ് നൽകിയത്. സീറ്റ് പങ്കുവയ്ക്കൽ നേരത്തേ തന്നെ പൂർത്തിയാക്കാനായതിന്റെ ആശ്വാസത്തിലാണ് ഭരണകക്ഷി. English Summary:
RJD Announces Candidates Amidst Alliance Tensions: RJD candidates list released for 143 constituencies amid seat-sharing disagreements within the India Alliance. The list includes key figures like Tejashwi Yadav, who will contest from Raghopur. |