ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടതും തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ കുരുക്കി പോറ്റിയുടെ നിർണായക മൊഴി പുറത്തുവന്നതുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ. സ്കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി വിധിയും സെന്റ് റീത്താസ് സ്കൂളിന്റെ പ്രതികരണവും പാലിയേക്കരയിലെ ടോൾ പിരിവ് തുടരാൻ ഹൈക്കോടതി അനുമതിയും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി പട്ടിക പുറത്തുവന്നതിനു പിന്നാലെയുള്ള വിവാദങ്ങൾക്ക് സംഘടനയുടെ ആദ്യ വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലുമായുള്ള അഭിമുഖവും ഇന്നത്തെ പ്രധാന വാർത്തകളായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.
ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ 13 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ശബരിമല സ്വര്‍ണക്കൊള്ളയിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിവില്‍ പോയേക്കാമെന്ന വിശ്വാസയോഗ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെത്തതന്നെ പ്രത്യേക അന്വേഷണ സംഘം പോറ്റിയെ അറസ്റ്റ് ചെയ്തത്.
സ്കൂളിൽ ഹിജാബ് (ശിരോവസ്ത്രം) ധരിക്കാൻ വിദ്യാർഥിക്ക് അനുമതി നൽകിയ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ (ഡിഡിഇ) ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. സ്കൂളിലെ നിയമങ്ങളും നിബന്ധനകളും അനുസരിച്ചാൽ വിദ്യാർഥിനിയെ സ്വീകരിക്കുമെന്ന് ഹിജാബു (ശിരോവസ്ത്രം) മായി ബന്ധപ്പെട്ട വിവാദത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ.
പാലിയേക്കരയിലെ ടോൾ പിരിവ് തുടരാൻ ഹൈക്കോടതി അനുമതി. എന്നാൽ കോടതിയുടെ തുടർ ഉത്തരവുണ്ടാകുന്നതുവരെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്ന് കരാറുകാരനു കോടതി നിർദേശം നൽകി.
‘ഹരിപ്പാട്ടുകാരനായിട്ടും ബിനു ചുള്ളിയിലിനെ രമേശ് ചെന്നിത്തല എതിർത്തു, വാട്സ്ആപ് ഡിപിയിൽ കെ.സി. വേണുഗോപാലിനൊപ്പമുള്ള പടമാണ്’. വിവാദങ്ങൾ വിട്ടൊഴിയാത്ത യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിയമനത്തിന് ശേഷം വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെയും വിവാദങ്ങൾ പിന്തുടരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി വൈറ്റ് ഹൗസിൽ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചത്. English Summary:
Today\“s Recap: 17-10-2025 |