ബെംഗളൂരു ∙ കെആർടിസിയുടെ ബെംഗളൂരുവിൽ നിന്നുള്ള തിരുവല്ല, പാലാ, ഇരിങ്ങാലക്കുട, പയ്യന്നൂർ, കണ്ണൂർ നോൺ എസി ഡീലക്സ് ബസുകൾ ഇനി സ്വിഫ്റ്റ് ഗരുഡ എസി സർവീസുകളായി മാറും. ദീപാവലിക്ക് ശേഷം പതിവ് സർവീസ് ആരംഭിക്കും. റൂട്ടിൽ മാറ്റമില്ലെങ്കിലും ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരും. കണ്ണൂർ, പയ്യന്നൂർ സർവീസുകളുടെ സമയത്തിൽ അന്തിമതീരുമാനമായിട്ടില്ല. കണ്ണൂരിലേക്കും പയ്യന്നൂരിലേക്കും ആദ്യമായാണ് കേരള ആർടിസി എസി ബസ് സർവീസ് ആരംഭിക്കുന്നത്. തലശ്ശേരിയിലേക്ക് എസി സീറ്റർ സർവീസ് കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. നേരത്തെ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, എറണാകുളം, തൃശൂർ, കോട്ടയം, കൊട്ടാരക്കര, പത്തനംതിട്ട റൂട്ടുകളിൽ ഓടിയിരുന്ന എസി ബസുകളാണ് ഡീലക്സിനു പകരം അനുവദിച്ചത്.
തിരുവല്ല എസി
വൈകിട്ട് 6.15ന് സാറ്റലൈറ്റിൽ നിന്ന് പുറപ്പെട്ട് സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, അങ്കമാലി, വൈറ്റില, ചേർത്തല, ആലപ്പുഴ, നെടുമുടി, ചങ്ങനാശേരി വഴി രാവിലെ 7.25ന് തിരുവല്ലയിലെത്തും. തിരുവല്ലയിൽ നിന്ന് വൈകിട്ട് 4.45ന് പുറപ്പെട്ട് രാവിലെ 6.55ന് ബെംഗളൂരുവിലെത്തും.
പാലാ എസി
വൈകിട്ട് 6ന് സാറ്റലൈറ്റിൽ നിന്ന് പുറപ്പെട്ട് മൈസൂരു, ഗൂഡല്ലൂർ, നിലമ്പൂർ, തൃശൂർ, അങ്കമാലി, മൂവാറ്റുപുഴ, തൊടുപുഴ വഴി രാവിലെ 7നു പാലായിലെത്തും. രാത്രി 10.30ന് പാലായിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.20നു ബെംഗളൂരുവിലെത്തും.
ഇരിങ്ങാലക്കുട എസി
ഉച്ചകഴിഞ്ഞ 2.30നു ശാന്തിനഗറിൽ നിന്ന് പുറപ്പെട്ട് മൈസൂരു, നിലമ്പൂർ, പെരിന്തൽമണ്ണ,തൃശൂർ വഴി പുലർച്ചെ 2.30നു ഇരിങ്ങാലക്കുടയിലെത്തും. വൈകിട്ട് 6.25ന് ഇരിങ്ങാലക്കുടയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.25ന് ബെംഗളൂരുവിലെത്തും. English Summary:
KSRTC Swift Garuda AC bus services replace non-AC deluxe buses from Bangalore to various locations in Kerala: These services, commencing after Diwali, will operate on the same routes but with revised ticket prices, offering AC travel to destinations like Thiruvalla, Pala, and Iringalakuda. |