ഇസ്‌ലാമാബാദ്∙ ഇസ്രയേൽ വിരുദ്ധ മാർച്ചുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ തെഹ്‌രികെ ലബ്ബൈക് പാക്കിസ്ഥാൻ (ടിഎൽപി) പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു ഉദ്യോഗസ്ഥനും നിരവധി പ്രതിഷേധക്കാരും മരിച്ചു. പ്രതിഷേധത്തിൽ നഗരം സ്തംഭിച്ചു. പ്രതിഷേധക്കാർ പൊലീസിനു നേരെ വെടിയുതിർത്തെന്നും ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടെന്നും പഞ്ചാബ് പൊലീസ് മേധാവി ഉസ്മാൻ അൻവർ പറഞ്ഞു. പ്രതിഷേധക്കാരുടെ ഭാഗത്തുണ്ടായ മരണങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിരവധി പ്രവർത്തകർ കൊല്ലപ്പെട്ടതായും നിരവധിപേർക്കു പരുക്കേറ്റതായും ടിഎൽപി പ്രസ്താവനയിൽ അറിയിച്ചു. പരുക്കേറ്റവരിൽ ടിഎൽപി മേധാവി സാദ് റിസ്‌വിയും ഉൾപ്പെടുന്നു.
- Also Read പാക്ക്–അഫ്ഗാൻ വിഷയത്തിൽ ആശങ്ക; സംഘർഷങ്ങൾ വർധിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണം, സംയമനം പാലിക്കണമെന്ന് യുഎഇ
റിസ്‌വിയുടെ ശരീരത്തിൽ നിരവധി വെടിയുണ്ടകൾ ഏറ്റതായും ഗുരുതരാവസ്ഥയിലാണെന്നും പാർട്ടി നേതാക്കൾ പറഞ്ഞു. ചർച്ചയ്ക്കു തയാറാണെന്നു സാദ് റിസ്‌വി പൊലീസിനോട് അഭ്യർഥിക്കുന്ന വിഡിയോ, സംഘർഷമുണ്ടാകുന്നതിനു മുൻപ് പാർട്ടി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. റിസ്‌വി പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ വെടിയൊച്ചകൾ കേൾക്കാം. ഇസ്‌ലാമാബാദിലെ യുഎസ് എംബസിക്ക് പുറത്ത് പലസ്തീൻ അനുകൂല റാലി നടത്താൻ പ്രകടനക്കാർ തീരുമാനിച്ചിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള പൊലീസ് നടപടിയുടെ ഭാഗമായാണ് വെടിവയ്പ്പുണ്ടായത്.
- Also Read ‘അശാന്തിയുടെ നാളുകൾ അവസാനിച്ചു, യുദ്ധങ്ങൾ അവസാനിപ്പിക്കുകയാണെന്റെ ലക്ഷ്യം’; ട്രംപിനെതിരെ ഇസ്രയേൽ പാർലമെന്റിൽ ഇടതുപക്ഷ പ്രതിഷേധം
English Summary:
Anti-Israel Rally in Islamabad: Pakistan Israel Conflict intensifies as clashes erupt during an anti-Israel march in Pakistan, resulting in multiple deaths and injuries. |