ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി മികച്ച സുഹൃത്തായാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാണുന്നതെന്ന് നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിനു ശേഷമാണ് ഡോണാൾഡ് ട്രംപിന്റെ അടുത്ത വൃത്തങ്ങളിൽ ഒരാളായ സെർജിയോ ഗോറിന്റെ പരാമർശം. സന്ദർശനവേളയിൽ, ‘മി.പ്രൈം മിനിസ്റ്റർ യു ആർ ഗ്രേറ്റ്’ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എഴുതി ഒപ്പിട്ട ചിത്രം നരേന്ദ്ര മോദിക്ക് സെർജിയോ ഗോർ സമർപ്പിച്ചു. മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉൾപ്പെടെ കാണുന്നതിനായാണ് ആറ് ദിവസത്തെ സന്ദർശനത്തിനായി സെർജിയോ ഗോർ തന്റെ മാനേജ്‌മെന്റ്, റിസോഴ്‌സസ് ഡപ്യൂട്ടി സെക്രട്ടറി മൈക്കൽ ജെ റിഗാസിനൊപ്പം ഇന്ത്യയിലെത്തിയത്.
- Also Read പുറത്തെത്തുക 2075ൽ മാത്രം; ട്രംപ് ഒരിക്കലും അറിയില്ല ആ രഹസ്യം; വരില്ലേ ആ ഫോൺ കോളും? കുരുക്കായി ‘അമേരിക്ക ഫസ്റ്റും’
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും വ്യാപാരം, ധാതുക്കൾ, പ്രതിരോധം എന്നിവയെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്തുവെന്നും സെർജിയോ ഗോർ എക്സിൽ കുറിച്ചു. ഇന്ത്യയിലേക്കുള്ള പുതിയ യുഎസ് അംബാസഡറെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ‘‘ഇന്ത്യയിലേക്കുള്ള യുഎസിന്റെ നിയുക്ത അംബാസഡർ മിസ്റ്റർ സെർജിയോ ഗോറിനെ സ്വീകരിക്കുന്നതിൽ സന്തോഷം. അദ്ദേഹത്തിന്റെ കാലാവധി ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’’ – നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
- Also Read ഗാസ വെടിനിർത്തൽ ഉടമ്പടി; ട്രംപ് അടുത്തയാഴ്ച ഇസ്രയേൽ സന്ദർശിക്കും
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ്, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി സെർജിയോ ഗോർ ചർച്ച നടത്തി. ട്രംപ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തീരുവ 50 ശതമാനമാക്കി വർധിപ്പിച്ചതിനെത്തുടർന്ന് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായിരുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @narendramodi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Sergio Gor Meets Prime Minister Narendra Modi: The newly appointed US Ambassador Sergio Gor met with Prime Minister Narendra Modi to discuss trade, minerals, and defense cooperation. |
|