കോട്ടയം ∙ പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു. പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്മോൻ ജോസഫാണ് ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ചാണ് സംഭവം. സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു എന്ന് ജയ്മോൻ പറഞ്ഞു.   
  
 -  Also Read  വീണ്ടും ഉദ്ഘാടകനായി രാഹുൽ മാങ്കൂട്ടത്തിൽ; ബെംഗളൂരു ബസ് ഫ്ലാഗ് ഓഫ് ചെയ്തു; ആരും തടയാൻ എത്തിയില്ല   
 
    
 
പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്ന് കഴിക്കുന്നയാളാണ് താനെന്നും കുടിവെള്ളം കരുതിയിരുന്ന കുപ്പികളാണ് നടപടി നേരിട്ട ദിവസം ബസിനു മുൻപിൽ സൂക്ഷിച്ചിരുന്നതെന്നും ജയ്മോൻ പറഞ്ഞു. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന്റെ മുന്നിലെ ചില്ലിനു സമീപം പ്ലാസ്റ്റിക് കാലികുപ്പികൾ കണ്ടെത്തിയതോടെ  മന്ത്രി കെ.ബി.ഗണേഷ് കുമാർ തന്നെ നേരിട്ട്  ജയ്മോനടക്കം മൂന്ന് പേർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു.  
  
 -  Also Read  ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു; അപകടം ചന്ദ്രനഗറിൽ   
 
    
 
 തുടർന്ന് ഉത്തരവാദികളായ മൂന്നു പേരെയും സ്ഥലം മാറ്റി ഉത്തരവായിരുന്നു. പിന്നീട് ഇത് മരവിപ്പിച്ചതായി നടപടി നേരിട്ടവർ തന്നെ പറയുന്നു. വീണ്ടും സ്ഥലമാറ്റം സംബന്ധിച്ച് ഉത്തരവിറങ്ങിയത് അറിഞ്ഞതോടെയാണ് ജയ്മോനു ദേഹാസ്വാസ്ഥ്യമുണ്ടായത്. പുതുക്കാട് ഡിപ്പോയിലേക്കാണ് ജയ്മോനെ സ്ഥലം മാറ്റിയത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു. English Summary:  
KSRTC driver who faced action on plastic bottles issue collapsed while driving bus: The driver, Jaymon Joseph, experienced health issues after learning about his transfer order. He was admitted to the hospital for treatment. |