ന്യൂഡല്‍ഹി ∙ സുപ്രീം കോടതിക്കുള്ളില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ 71 വയസ്സുള്ള അഭിഭാഷകൻ രാകേഷ് കിഷോറിനെ വിട്ടയച്ചു. മൂന്നു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. രാകേഷ് കിഷോറിനെതിരെ കുറ്റം ചുമത്താന്‍ സുപ്രീം കോടതി റജിസ്ട്രാര്‍ ജനറല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് പോകാന്‍ അനുവദിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് വിട്ടയച്ചത് എന്നാണ് വിവരം. അതേ സമയം, രാകേഷ് കിഷോറിനെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സസ്പെൻഡ് ചെയ്തു.  
  
 -  Also Read  ‘സനാതനധർമത്തിനെതിരെ പ്രവർത്തിക്കുന്നു’: ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം, അതിക്രമം കോടതി മുറിയിൽ   
 
    
 
രാകേഷ് കിഷോറിന് ചെരിപ്പുകളും രേഖകളും കൈമാറാനും റജിസ്ട്രാര്‍ ജനറല്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡല്‍ഹി പൊലീസിന്റെ സുരക്ഷാ വിഭാഗവും ന്യൂഡല്‍ഹി ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. രാകേഷ് കിഷോറിന്റെ കൈയില്‍നിന്ന് ഒരു വെള്ളക്കടലാസിലെഴുതിയ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് കുറിപ്പില്‍ എഴുതിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഷൂ എറിയുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് കൊണ്ടുപോകുമ്പോഴും രാകേഷ് കിഷോർ ഇത്തരം കാര്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നു.  
 
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SevadalTUT/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.  English Summary:  
Rakesh Kishore who threw shoe at Chief Justice BR Gavai inside Supreme Court released: Rakesh Kishor, was later released after questioning. The incident involved a protest related to Sanatana Dharma, and the Bar Council of India has suspended Rakesh Kishor. |