കൊച്ചി ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മതപാഠശാലകൾ സമ്പൂർണമായി ഉടച്ചു വാർക്കണമെന്നും ഇതിന്റെ സിലബസും നടത്തിപ്പും അടക്കമുള്ള കാര്യങ്ങൾക്ക് ശുപാർശ ചെയ്യാൻ സമിതിയെ നിയോഗിക്കണമെന്നും ഹൈക്കോടതി.
ഹിന്ദു ധർമത്തെക്കുറിച്ച് പഠിപ്പിക്കാനുള്ള മതപാഠശാലകൾക്ക് ബജറ്റ് വിഹിതമായി ലക്ഷക്കണക്കിന് രൂപ അനുവദിക്കുന്നുണ്ടെങ്കിലും അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും അതുകൊണ്ടു തന്നെ ഫണ്ട് കാലഹരണപ്പെട്ടു പോകുന്നുവെന്നുവെന്നുമുള്ള വിഷയത്തിലാണ് കോടതിയുടെ നിർദേശം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പുനലൂർ സ്വദേശി സുന്ദരേശൻ പിള്ള നൽകിയ നിവേദനത്തെ തുടര്‍ന്ന് ഓംബുഡ്സ്മാൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
മതപാഠശാലകളുടെ പ്രവർത്തനം സമ്പൂർണമായി ഉടച്ചുവാർക്കണം. സിലബസ് പരിഷ്ക്കരണം, പ്രവർത്തനം, സമയക്രമം, അധ്യയന രീതികൾ തുടങ്ങിയവയിലൊക്കെ മാറ്റം വരുത്തിക്കൊണ്ടുള്ള അഴിച്ചുപണിയാണ് ആവശ്യമെന്ന് കോടതി വ്യക്തമാക്കി. നിലവിലെ പാഠ്യക്രമം വിദ്യാര്‍ഥികൾക്ക് ആകർഷകമോ അവർക്ക് ഗുണകരമോ ആകുന്നില്ല. നിലവില്‍ ഇവിടെ ചേരുന്നവർ സ്കൂൾ വിദ്യാർഥികളാണ്. അതുകൊണ്ടു തന്നെ അവരുടെ സ്കൂൾ പഠന സമയത്തെ കണക്കിലെടുക്കാതെയാണ് നിലവിലുള്ള പദ്ധതി പ്രവർത്തിക്കുന്നത്.
- REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
- തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
- നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
MORE PREMIUM STORIES
ഈ സാഹചര്യത്തിൽ മതപാഠശാലകൾ സമ്പൂർണമായി ഉടച്ചുവാർക്കുന്നതിനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏഴംഗ സമിതിയെ നിയോഗിക്കണം. ഒരു മാസത്തിനുള്ളിൽ കമ്മിറ്റി രൂപീകരിക്കുകയും സിലബസ് പരിഷ്ക്കരണം അടക്കമുള്ള വിഷയങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് ഈ സമിതി നാലു മാസത്തിനുള്ളിൽ കോടതിക്ക് സമർപ്പിക്കുകയും വേണം. മതപാഠശാലകൾക്കുള്ള ബജറ്റ് വിഹിതം പ്രത്യേകമൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമെന്നും കോടതി നിർദേശിച്ചു.
- Also Read ‘ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ പൊലീസ് കയറരുത്’: താക്കീതുമായി ഹൈക്കോടതി
സംസ്കൃതം, ഭഗവത്ഗീത, ഉപനിഷദ്, ക്ഷേത്രകലകൾ, ക്ഷേത്രവാദ്യങ്ങൾ, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ തുടങ്ങിയവയിൽ പ്രാവീണ്യമുള്ളവരാകണം കമ്മിറ്റിയിൽ ഉണ്ടാവേണ്ടത്. ഇതിനായി, കാലടി സംസ്കൃത സർവകലാശാല, വെളിയനാട് ചിന്മയ ഇന്റർനാഷനൽ ഫൗണ്ടേഷൻ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിരമിച്ച അധ്യാപകർ, കലാമണ്ഡലത്തിലെ നിലവിലുള്ളതും വിരമിച്ചവരുമായ അധ്യാപകർ തുടങ്ങിയവരെ പരിഗണിക്കണം. സിലബസ് പരിഷ്ക്കരണത്തിൽ വൈദഗ്ധ്യമുള്ളവരേയും ക്ഷേത്ര കലകളിൽ പ്രാവീണ്യം തെളിയിച്ചവരേയും ഇതിനൊപ്പം പരിഗണിക്കാവുന്നതാണ്.
മതപാഠശാലകളുടെ ഫലപ്രദമായ നടത്തിപ്പിനായി ദേവസ്വം ബോർഡ് സുതാര്യവും മെച്ചപ്പെട്ടതുമായ ഒരു ധനകാര്യ സമ്പ്രദായം ആവിഷ്ക്കരിക്കണം. മതപാഠശാലകൾക്കായി പണം അനുവദിക്കുന്നതിന് വ്യക്തമായ പദ്ധതി തയാറാക്കുകയും അത് മെച്ചപ്പെട്ട രീതിയിൽ ചെലവഴിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യണം. അത് കൃത്യമായി അവലോകനം ചെയ്യണമെന്നും കോടതി നിർദേശിച്ചു.
––––––––––––––––– English Summary:
Travancore devaswom board religious schools reform: Travancore Devaswom Board is ordered by the High Court to revamp religious schools and appoint a committee for syllabus reform. The court emphasizes the need for effective utilization of budget allocations and improved financial systems for religious education. |