കൊച്ചി ∙ നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട. തായ്‍ലൻഡിൽ നിന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച 6.4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പിടികൂടിയത്. ഇതിന് 6.4 കോടി രൂപ വില വരും. കഞ്ചാവ് എത്തിച്ച വയനാട് സ്വദേശി അബ്ദുൾ സമദിനെ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഈ വർഷം മാത്രം വിമാനത്താവളത്തിൽ പിടികൂടിയത് 107 കോടി രൂപയുടെ ലഹരി മരുന്നാണ്.
Also Read ‘അഡ്മിൻ 123’ തകർത്ത് ഹാക്കർമാർ; ആശുപത്രിയിലെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, ഗുരുതര സുരക്ഷാ വീഴ്ച
തായ്‍ലൻഡിലെ ബാങ്കോക്കിൽ നിന്നു ഹൈബ്രിഡ് കഞ്ചാവ് ശേഖരിച്ച് വിയറ്റ്നാം വഴിയാണ് അബ്ദുൾ സമദ് കൊച്ചിയിലെത്തിയത്. ലഗേജ് പരിശോധിച്ച കസ്റ്റംസ്, മറ്റു വസ്തുക്കൾക്കിടയില്‍ ഒളിപ്പിച്ച നിലയിൽ ഇത് കണ്ടെടുക്കുകയായിരുന്നു. ആർക്കു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് കസ്റ്റംസ് പറഞ്ഞു. തായ്‍ലൻഡില്‍ നിന്നെത്തിച്ച 4.1 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കാപ്പ കേസ് പ്രതിയായ ഇരിങ്ങാലക്കുട സ്വദേശി സെബി ഷാജുവിനെ ഓഗസ്റ്റിൽ കസ്റ്റംസ് പിടികൂടിയിരുന്നു.
Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നു ഹൈബ്രിഡ് കഞ്ചാവും കൊക്കെയ്ൻ അടക്കമുള്ള രാസലഹരികളും വ്യാപകമായി ഇന്ത്യയിലേക്ക് ഒഴുകുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. ഇതിന്റെ പ്രധാന കടത്തു കേന്ദ്രങ്ങളിലൊന്നായാണ് ലഹരിസംഘം കൊച്ചിയെ കണക്കാക്കുന്നത്. ഇക്കഴിഞ്ഞ മാസങ്ങളിലും തെക്കുകിഴക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തിച്ച ലഹരി കൊച്ചിയിൽ പിടികൂടിയിരുന്നു. ജൂലൈയിൽ നെടുമ്പാശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നു പുറത്തെടുത്തത് 17 കോടി രൂപയുടെ 163 കൊക്കെയ്ൻ ഗുളികകളാണ്.
ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...
ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
ഏപ്രിലിൽ ബാങ്കോക്കിൽ നിന്നു കൊച്ചിയിലെത്തിയ തമിഴ്നാട് സ്വദേശി തുളസിയിൽ നിന്നു പിടിച്ചെടുത്തത് 1.19 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ്. ഏപ്രിലിൽ തന്നെ തായ്‍ലൻഡിൽ നിന്ന് എത്തിച്ച 5.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി ഷിബു കൊച്ചിയിൽ പിടിയിലായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ രൂപത്തിൽ ചെക്ക് ഇൻ ബാഗേജിലായിരുന്നു ഇത് ഒളിപ്പിച്ചിരുന്നത്. ജയ്പൂർ സ്വദേശിയും മോഡലുമായ മാൻവി ചൗധരി, മെയ്ക്ക്അപ് ആർട്ടിസ്റ്റും ഡൽഹി സ്വദേശിനിയുമായ ചിബ്ബെത് സ്വാന്ദി എന്നിവരെ മാർച്ചിൽ കൊച്ചി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയിരുന്നു. ബാങ്കോക്കിൽ നിന്ന് 15 കിലോഗ്രാം കഞ്ചാവുമായി വരുമ്പോഴായിരുന്നു ഇവർ പിടിയിലായത്. മേക്കപ് സാധനങ്ങളെന്ന വ്യാജേനയായിരുന്നു കടത്ത്. അതേ മാസം തന്നെ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ സ്വദേശിനികളിൽ നിന്ന് ഒന്നര കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. English Summary:
Hybrid Cannabis Worth Rs 6.4 Crore Seized In Nedumbassery: Nedumbassery International Airport drug bust reveals a significant seizure of hybrid cannabis. A large amount of illegal Hybrid Cannabis was confiscated and an arrest was made. This event underscores ongoing efforts to combat drug trafficking in the region and highlights the airport\“s role as a key point of entry.