തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാര്‍ പുതിയ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചതോടെ ഓരോ വീട്ടിലേക്കും മാസം 6000 മുതല്‍ 7000 രൂപ വരെ എത്തുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മാത്രം ഈ വര്‍ഷം 10,000 കോടി രൂപ അധികം വേണ്ടിവരും. സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് 3800 കോടി രൂപയും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വര്‍ധനയ്ക്ക് 2800 കോടി രൂപയും യുവതലമുറയ്ക്ക് കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് 600 കോടി രൂപയും ഉള്‍പ്പെടെയാണിത്. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെ സംശയം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്നത് മാത്രമേ പറയാറുള്ളൂ. പറയുന്നതെല്ലാം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
- Also Read ‘മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ പ്രലോഭന തന്ത്രം, പണം സ്പോൺസർമാരിൽ നിന്നാണോ എന്നു വ്യക്തമാക്കണം’
സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോളം കാലം അവശേഷിക്കെ നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള പദ്ധതികളാണ് പറഞ്ഞിട്ടുള്ളത്. സംസ്ഥാനത്തെ ഒരു സാധാരണ കുടുംബത്തിലെ മൂന്ന് തലമുറയില്‍പ്പെട്ട ആളുകളിലേക്കും സര്‍ക്കാരിന്റെ ക്ഷേമപരിപാടികള്‍ നേരിട്ടെത്തുകയാണ്. മുത്തശ്ശനും മുത്തശ്ശിയ്ക്കും 2000 രൂപ ക്ഷേമപെന്‍ഷന്‍, അമ്മയ്ക്ക് 1000 രൂപ സ്ത്രീസുരക്ഷാ പെന്‍ഷന്‍, മക്കള്‍ക്ക് 1000 രൂപ വീതം സ്‌കോളര്‍ഷിപ്പ്. ഇതെല്ലാം ഉള്‍പ്പെടെ ആറായിരമോ ഏഴായിരമോ രൂപവരെ ഒരു വീട്ടിലേക്ക് എത്തും. ഇതിനുപുറമേ സര്‍ക്കാര്‍ നടത്തുന്ന വിപണി ഇടപെടലിന്റെ ഭാഗമായ വിലക്കുറവിന്റെ നേട്ടവും കുടുംബബജറ്റില്‍ പ്രതിഫലിക്കും. ഉപരോധസമാനമായ നീക്കങ്ങളിലൂടെ കേന്ദ്രം സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുന്നതിനിടെയാണ് ക്ഷേമപരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തിന് ലഭിക്കേണ്ട ന്യായമായ നികുതിവിഹിതവും അര്‍ഹമായ കടമെടുപ്പുപരിധിയും കേന്ദ്രം വെട്ടിക്കുറച്ചു. ഇതിലൂടെ ഓരോ വര്‍ഷവും കേരളത്തിന് ലഭിക്കേണ്ട 50,000 കോടി രൂപയെങ്കിലും നിഷേധിക്കപ്പെട്ടുവെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. English Summary:
Kerala welfare schemes provide financial assistance to families in state: Finance Minister KN Balagopal announced that each household could receive between ₹6000 and ₹7000 per month through these initiatives. The government is committed to implementing these schemes despite financial constraints. |