കാക്കനാട്∙ ഗതാഗത മന്ത്രി സഞ്ചരിച്ചിരുന്ന കാറിന്റെ ഇടതു വശത്തു കൂടി ഓവർടേക്ക് ചെയ്ത് അമിത വേഗത്തിൽ പാഞ്ഞ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് തെറിച്ചു. ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാനും നടപടി തുടങ്ങി.ഇന്നലെ രാവിലെ 8.30ന് എംജി റോഡിൽ തേവരയിലായിരുന്നു മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വാഹനത്തിനു മുൻപിൽ ആലുവ–എറണാകുളം റൂട്ടിലെ ‘റാഹത്ത്’ ബസിന്റെ അഭ്യാസം. സ്വകാര്യ കാറിൽ ഫോർട്ട്കൊച്ചിയിലേക്കു പോകുകയായിരുന്നു മന്ത്രി.  
 
പെട്രോൾ പമ്പിൽ നിന്നു റോഡിലേക്കു വരികയായിരുന്ന 2 വാഹനങ്ങൾക്കു കടന്നു പോകാൻ നിർത്തിയിട്ട മന്ത്രിയുടെ കാറിന്റെ ഇടതു വശത്തു കൂടിയാണു സ്വകാര്യ ബസ് തിരുകി കയറ്റിയത്. മുൻപിലുണ്ടായിരുന്ന വാഹനങ്ങളുടെയും ഇടതു വശത്തു കൂടി തന്നെ മുന്നോട്ടു പാഞ്ഞ ബസിന്റെ ഫോട്ടോ മന്ത്രിക്കൊപ്പമുണ്ടായിരുന്നവർ എടുത്ത് ആർടിഒ കെ.ആർ.സുരേഷിന് അയച്ചു. തൊട്ടടുത്ത നേവൽബേസ് സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ബസ് ഡ്രൈവറെ മന്ത്രി താക്കീതു നൽകുകയും ചെയ്തു.   
 
ആർടിഒയുടെ നിർദേശ പ്രകാരം അന്വേഷണം നടത്തിയ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ഷാനവാസ് ഖാന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവർ കങ്ങരപ്പടി സ്വദേശി പി.പി.റഹിമിനെ  വിളിച്ചു വരുത്തുകയായിരുന്നു. കുറ്റം സമ്മതിച്ച റഹിമിന്റെ ഡ്രൈവിങ് ലൈസൻസ് 2 മാസത്തേക്കു സസ്പെൻഡ് ചെയ്തു. റഹിം തന്നെയാണു ബസുടമ. ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിക്കു സമർപ്പിക്കുമെന്ന് ആർടിഒ പറഞ്ഞു. English Summary:  
Kerala Traffic News: A private bus driver\“s license has been suspended for reckless driving and overtaking the car of Transport Minister Ganesh Kumar. Authorities have initiated the process to suspend the bus permit due to the driver\“s dangerous actions on the road. |   
                
                                                    
                                                                
        
 
    
                                     
 
 
 |