കാലടി∙ വലിയ ഗതാഗതക്കുരുക്കിൽ കഴിഞ്ഞ 3 ദിവസങ്ങളായി കുടുങ്ങിക്കിടക്കുകയാണ് കാലടി. അവധി ദിവസമായ ഞായറാഴ്ചയും ഗതാഗതക്കുരുക്കിന് ഒരു കുറവും ഉണ്ടായില്ല. എംസി റോഡിലെ യാത്രക്കാരാണ് ഇതുമൂലം കൂടുതൽ ദുരിതം അനുഭവിച്ചത്. കാലടി ടൗൺ ജംക്‌ഷനിൽ നിന്ന് ഇരു ഭാഗത്തേക്കും പലപ്പോഴും 2 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതക്കുരുക്ക് നീണ്ടു. ഇടയ്ക്ക് പൊലീസ് രംഗത്തെത്തിയിട്ടും കുരുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.  
 
ദീർഘദൂര വാഹനങ്ങൾ പലതും കാലടി ടൗൺ ഒഴിവാക്കി മലയാറ്റൂർ വഴി കറങ്ങിയാണ് പോയത്. സ്വകാര്യ ബസുകൾക്ക് പല ട്രിപ്പുകളും ഉപേക്ഷിക്കേണ്ടി വന്നു. ഓട്ടോറിക്ഷകൾ കാലടി ടൗണിലൂടെ ഓട്ടം വിളിച്ചാൽ പോകാതെയായി. കാലടി പാലത്തിലെ കുഴികളാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. പാലത്തിന്റെ താന്നിപ്പുഴ ഭാഗത്താണ് വലിയ കുഴികൾ. കാലടി ടൗൺ ജംക്‌ഷനിലും മറ്റൂർ ജംക്‌ഷനിലും 4 റോഡുകളിൽ നിന്നു വാഹനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ എംസി റോഡിലേക്ക് വന്നു കയറുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നു.   
 
വരിയായി കിടക്കുന്ന വാഹനങ്ങളുടെ ഇടയിലേക്ക് മറ്റു വാഹനങ്ങൾ തിരുകി കയറ്റുന്നത് കുരുക്ക് അഴിക്കാൻ പറ്റാത്ത വിധം സങ്കീർണമാക്കുന്നു. ഗതാഗത നിയന്ത്രണത്തിന് സ്ഥിരം സംവിധാനം കാലടിയിൽ ഇല്ല. തുലാവർഷം ആരംഭിച്ചതോടെ പാലത്തിലെ കുഴികൾ വലുതായി. കുഴികളിലെ വെള്ളക്കെട്ട് അപകടാവസ്ഥ ഉണ്ടാക്കുന്നു. 
  
  English Summary:  
Kaladi traffic is severely affected by road conditions and lack of traffic management. The primary cause of the congestion is the poor condition of the Kaladi bridge and unregulated traffic flow at junctions. This has resulted in significant inconvenience for commuters and businesses in the area. |