തിരുവനന്തപുരം∙ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അറബിക്കടലിൽ ഉയർന്ന തോതിൽ കേരളതീരത്തിനു സമീപമുള്ള ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ സാധ്യതയുമാണു കേരളത്തിൽ മഴ കനക്കാൻ കാരണം. വരുന്ന 5 ദിവസം മഴ ഈ നിലയിൽ തുടരാനാണു സാധ്യത.
- Also Read രാഷ്ട്രപതി ഇന്ന് കേരളത്തിൽ; 4 ദിവസത്തെ സന്ദർശനം, നാളെ ശബരിമലയിൽ
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് അധികൃതരുടെ നിർദേശപ്രകാരം ജനങ്ങൾ മാറിത്താമസിക്കണമെന്നു സർക്കാർ അറിയിച്ചു. 12 ജില്ലകളിൽ ഇന്ന് യെലോ അലർട്ടും 5 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നു യെലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിനിടെ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെയും യെലോ അലർട്ടുള്ള ജില്ലകളിൽ ഇതേ കാലയളവിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയും മഴ ലഭിച്ചേക്കും. മഴയ്ക്കൊപ്പം മിന്നലും മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 24 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. English Summary:
Kerala Braces for Heavy Rain: Yellow Alert in 12 Districts, Orange Alert Tomorrow |