മഞ്ചേരി ∙ ‘ഒന്നു നിലവിളിക്കാൻ പോലും പ്രവീണിനു കഴിഞ്ഞില്ല. അപ്പോഴേക്കും ഓൻ പ്രവീണിന്റെ കഴുത്തിന്റെ പിൻഭാഗത്തു കൂടെ ആഞ്ഞുവീശി’– സുഹൃത്തിനെ കൊലപ്പെടുത്തിയതിനു നേർസാക്ഷിയായ, ചാത്തങ്ങോട്ടുപുറം വീട്ടിക്കാപറമ്പ് സുരേന്ദ്രന്റെ വാക്കുകൾ ഇടറി. ‘കൺമുന്നിലാണ് പ്രവീൺ പിടഞ്ഞുവീണത്. ഒന്നും പിടിക്കാനോ, തടയാനോ എനിക്കായില്ല. ഓൻ ഈ ക്രൂരത ചെയ്യുമെന്ന് കരുതിയില്ലല്ലോ...’ എളങ്കൂർ ചാരങ്കാവിൽ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിനു സാക്ഷിയായ സുരേന്ദ്രൻ പറയുന്നു...
ജോലിക്കു പോകാൻ, സ്കൂട്ടർ അങ്ങാടിക്കു സമീപം റോഡരികിൽ നിർത്തി പ്രവീണിനെ കാത്തുനിൽക്കുകയായിരുന്നു. പ്രവീൺ വന്നിട്ടു വേണം വെട്ടിക്കാട്ടിരിയിലേക്ക് കാടുവെട്ടാൻ പോകാൻ. മണിക്കൂറിനാണ് കൂലി. ഏഴിന് അവിടെയെത്തി പണി തുടങ്ങണം. അവിടെ നിൽക്കുകയായിരുന്ന മൊയ്തീനോട് മഞ്ചേരിയിലേക്കു പോവുകയാണോ എന്നു ചോദിച്ചു. അല്ലെന്നു മറുപടി പറഞ്ഞു. മൊയ്തീനെ നേരത്തേ അറിയാം. എന്നോട് യന്ത്രം തരുമോ എന്നു ചോദിച്ചു. സമയമില്ലെന്നു പറഞ്ഞു. പെട്ടെന്ന് തരാം എന്നായി. ഷെഡിനു സമീപത്തെ കാട് ഒന്നു വീശട്ടെ എന്നു പറഞ്ഞു. സ്കൂട്ടറിൽ വച്ച യന്ത്രം എടുത്ത് മൊയ്തീൻ സ്റ്റാർട്ട് ചെയ്തു.
ഈ സമയം പ്രവീൺ സ്ഥലത്തെത്തി. കാടുവെട്ടുന്നതിനു പകരം യന്ത്രം റേസ് ആക്കി പ്രവീണിന്റെ കഴുത്തിന്റെ പിറകിലൂടെ മൊയ്തീൻ വീശി. ബൈക്കിൽനിന്നു പിന്നിലേക്കു പ്രവീൺ മലർന്നുവീണു. തടയാനോ എന്തെങ്കിലും പറയാനോ സാവകാശം ലഭിച്ചില്ല. അതിനു മുൻപേ എല്ലാം സംഭവിച്ചിരുന്നു. മൊയ്തീൻ യന്ത്രം നിലത്തിട്ട്, ഒരാളെക്കൂടി വക വരുത്താൻ ഉണ്ടെന്നു പറഞ്ഞു നടന്നുനീങ്ങി. മൊയ്തീനും പ്രവീണും തമ്മിൽ നേരത്തേ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയില്ല. കഴിഞ്ഞ ദിവസം മുതലാണ് പ്രവീണിന്റെ കൂടെ ഞാൻ ജോലിക്കു പോകാൻ തുടങ്ങിയത്. മറ്റൊരാളുടെ യന്ത്രം വായ്പ വാങ്ങിയാണ് ജോലിക്ക് ഇറങ്ങിയത്.
മൊയ്തീന്റെ കൊടുംക്രൂരത ഇല്ലാതാക്കിയത് പ്രവീണിനെ മാത്രമല്ല, ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ കൂടി
മഞ്ചേരി ∙ ചാരങ്കാവിൽ പ്രവീണിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചു കൊന്നത് അതിക്രൂരമായി. ആഴ്ന്നിറങ്ങിയ യന്ത്രത്തിന്റെ ബ്ലേഡ് കൊണ്ടു കഴുത്തിന്റെ നാഡീഞരമ്പുകൾ മുറിഞ്ഞു രക്തം ചീറ്റി. ചോര റോഡിലൂടെ ചാലിട്ടൊഴുകി. മനഃസാക്ഷി മരവിപ്പിച്ച കൊലപാതകത്തിന്റെ നടുക്കത്തിൽനിന്ന് നാട് ഇനിയും മുക്തമായില്ല. രാവിലെ വീട്ടിൽനിന്നു ജോലിക്കിറങ്ങിയതാണ് പ്രവീൺ. വൈകിട്ട് തിരിച്ചെത്തുന്നത് കാത്തിരിക്കുകയായിരുന്നു കുടുംബം.
മൊയ്തീന്റെ കൊടുംക്രൂരത ഇല്ലാതാക്കിയത് പ്രവീണിനെ മാത്രമല്ല, ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ കൂടിയായിരുന്നു. പ്രവീണിന്റെ ചേതനയറ്റ ശരീരം റോഡിൽ ചോര വാർന്നു ടാർപോളിൻ ഷീറ്റിനടിയിൽ കിടക്കുന്നത് കണ്ടവരുടെ മനസ്സ് പിടഞ്ഞു. കാടുവെട്ട് യന്ത്രത്തിന്റെ ബ്ലേഡ് കഴിഞ്ഞ ദിവസം മൂർച്ച കൂട്ടിയതായി പറയപ്പെടുന്നു. പ്രവീണിന്റെ കഴുത്തിന്റെ ഒരു വശത്തുകൂടി മൊയ്തീൻ യന്ത്രം വീശുകയായിരുന്നു. നിർത്തിയിട്ട ബൈക്കിൽനിന്നു മാറാനോ, തടയാനോ പ്രവീണിനു കഴിഞ്ഞില്ല. ഉച്ചയോടെയാണ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. English Summary:
Manjeri murder case: Praveen was brutally murdered in Manjeri using a brush cutter. The tragic incident has shocked the local community and left Praveen\“s family devastated. |