അയർക്കുന്നം ∙ ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതിനു ശേഷം നാട്ടിലൂടെ ഒരു കൂസലുമില്ലാതെയാണ് സോനി നടന്നത്. അൽപന എവിടെയെന്ന് തൈക്കൂട്ടത്തെ അയൽവാസികൾ ചോദിച്ചപ്പോൾ അവൾ ഒളിച്ചോടിപ്പോയെന്ന് മറുപടി നൽകി. എങ്കിൽ പൊലീസിൽ പരാതി നൽകണമെന്ന് അയൽവാസികൾ ഉപദേശിച്ചെങ്കിലും ഇയാൾ കേട്ടില്ല. തുടർച്ചയായി പലരും പറഞ്ഞപ്പോഴാണ് സ്റ്റേഷനിലെത്തി പരാതി നൽകാൻ തയാറായത്. അപ്പോഴേക്കും കൊലപാതകം കഴിഞ്ഞ് 3 ദിവസം കഴിഞ്ഞിരുന്നു. 14 മുതൽ ഭാര്യയെ കാണാനില്ലെന്നായിരുന്നു ഇയാളുടെ പരാതി. പരാതി ലഭിച്ച അന്നുതന്നെ വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് സംഘം അവസാനമായി ഇരുവരും ജോലിക്കുപോയ ഇളപ്പാനിയിലെ വീടിനെക്കുറിച്ചും അന്വേഷിച്ചിരുന്നു.  
 
അയർക്കുന്നം ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ 14ന് ഭർത്താവിനൊപ്പം ഓട്ടോയിൽ അൽപന കയറുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. അതോടെ ഇളപ്പാനിയിലെ വീട്ടിലെത്തി പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു. നിർമാണം അവസാന ഘട്ടത്തിലെത്തിയ ഈ വീട്ടിലേക്ക് തിരിയുന്ന വഴിയിൽ മറ്റൊരു വീട്ടിൽ നിന്നുള്ള സിസിടിവി ക്യാമറ ഉണ്ടായിരുന്നു. അതിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ 14ന് രാവിലെ 7.30ന് ഇരുവരും വരുന്നതായും 8.30ന് സോനി ഒറ്റയ്ക്ക് മടങ്ങുന്നതായും വ്യക്തമായി. ഉടനെ തന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഫോൺ ഓഫാക്കി മുങ്ങി. സോനിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ എറണാകുളം ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചു. റെയിൽവേ പൊലീസിന്റെ സഹായത്തോടെ എറണാകുളം സൗത്ത് സ്റ്റേഷനിൽനിന്ന് 18ന് ഇയാളെ പിടികൂടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.  
 
ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; അതിഥിത്തൊഴിലാളി പിടിയിൽ 
 അയർക്കുന്നം∙ ഭാര്യയെ കൊലപ്പെടുത്തി, നിർമാണത്തിലിരുന്ന വീടിന്റെ മുറ്റത്തു കുഴിച്ചുമൂടിയ അതിഥിത്തൊഴിലാളി പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി അൽപന (27) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് സോനി (32) പിടിയിലായത്. അൽപനയുടെ മൃതദേഹം അയർക്കുന്നം ഇളപ്പാനിയിലെ വീടിനു പിന്നിലെ മുറ്റത്തുനിന്ന് പൊലീസ് ഇന്നലെ കണ്ടെടുത്തു.അൽപനയെ 14 മുതൽ കാണാനില്ലെന്നു കാട്ടി സോനി അയർക്കുന്നം സ്റ്റേഷനിൽ 17നു പരാതി നൽകിയിരുന്നു. മൊഴികളിൽ പൊരുത്തക്കേടു തോന്നിയതോടെ സോനിയെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിക്കുകയും പിറ്റേന്നു സ്റ്റേഷനിലെത്താൻ നിർദേശിക്കുകയും ചെയ്തു. പിന്നാലെ നാടുവിടാൻ ശ്രമിച്ച ഇയാളെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണു പിടികൂടിയത്.  
 
നിർമാണത്തൊഴിലാളികളായ സോനിയും ഭാര്യയും കുറച്ചുകാലമായി ഇളപ്പാനിയിലെ വീട്ടിൽ ജോലിക്കെത്താറുണ്ട്. കൊലപാതകം നടന്ന 14ന് അതിരാവിലെ ഇരുവരും ഇവിടെയെത്തി ജോലികൾ തുടങ്ങി.നേരത്തേ എത്തണമെന്ന് ഉടമ ആവശ്യപ്പെട്ടെന്നു പറഞ്ഞാണു സോനി, അൽപനയെ ഇവിടെയെത്തിച്ചത്. ഇതിനിടെ, മലപ്പുറത്തു ജോലിചെയ്യുന്ന മറ്റൊരു അതിഥിത്തൊഴിലാളിയുമായി അൽപനയ്ക്കുള്ള സൗഹൃദം സംബന്ധിച്ചു തർക്കമുണ്ടായി.തുടർന്ന്, വീടിനു പിന്നിലെ കരിങ്കൽക്കെട്ടിൽ തല ഇടിപ്പിച്ചശേഷം കമ്പിപ്പാര കൊണ്ട് അടിച്ചാണ് ഇയാൾ അൽപനയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഇരുവരും അമയന്നൂരിലെ തൈക്കൂട്ടത്തു വാടകവീട്ടിലായിരുന്നു താമസം. ഒൻപതും ഏഴും വയസ്സുള്ള 2 കുട്ടികളുണ്ട്.  
 
വഴക്ക് പതിവ് 
 വിവാഹത്തിന് മുൻപുതന്നെ അൽപനയ്ക്ക് മലപ്പുറത്ത് ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളിയുമായി സൗഹൃദം ഉണ്ടായിരുന്നുവെന്നാണ് സോനി പൊലീസിന് നൽകിയ മൊഴി. 2 മക്കളുണ്ടായതിനു ശേഷവും ഈ ബന്ധം തുടരുന്നതിൽ തനിക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഈ സൗഹൃദം സംബന്ധിച്ച് ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അന്ന് ജോലിക്കെത്തിയ ശേഷം വീടിന് പിൻഭാഗത്തുവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി.  
 
ഇത് രൂക്ഷമായതോടെ, വീടിനു പിന്നിൽ കെട്ടിയ ഉയരമേറിയ കരിങ്കൽക്കെട്ടിൽ അൽപനയുടെ തല ഇയാൾ പലതവണ ഇടിപ്പിച്ചു.സമീപത്തുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് തലയുടെ പിൻഭാഗത്ത് അടിച്ച ഇയാൾ മരണം ഉറപ്പാക്കിയ ശേഷം വീടിന്റെ പിൻഭാഗത്തു കുഴിയെടുത്തു. താഴ്ച അധികമില്ലാത്ത നീളമുള്ള കുഴിയാണ് എടുത്തത്. 2 അടി താഴ്ച പോലും കുഴിക്ക് ചില ഭാഗങ്ങളിൽ ഉണ്ടായിരുന്നില്ല.ശേഷം അൽപനയെ വലിച്ച് കുഴിയിലേക്കിട്ടു മണ്ണിട്ടുമൂടി. സംഭവത്തിനിടെ അൽപനയുടെ കാലിൽനിന്ന് ഊരിപ്പോയ ഒരു ചെരിപ്പ് സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞതിനു ശേഷമാണ് ഇയാൾ താമസസ്ഥലത്തേക്കു മടങ്ങിയത്. 
  English Summary:  
Wife Murder Case Kerala: A migrant worker has been arrested for killing his wife and burying her body at a construction site in Ayarkunnam. The accused, a native of West Bengal, confessed to the crime after inconsistencies in his statements led to a police investigation. |