തിരുവനന്തപുരം ∙ കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’യിൽ ഒപ്പിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സിപിഐ രംഗത്ത്. എൽഡിഎഫോ മന്ത്രിസഭയോ ചർച്ച ചെയ്യാത്ത വിഷയം സ്വന്തംനിലയ്ക്കു നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചതിനെതിരെ അടുത്ത മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ വിയോജിപ്പ് അറിയിച്ചേക്കും. പദ്ധതിയുടെ ഭാഗമായാൽ കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ രാഷ്ട്രീയ സമീപനം ഇല്ലാതാകുമോ എന്ന് ആശങ്കയുണ്ടെന്നും എതിർപ്പറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.  
  
 -  Also Read  ട്രെയിനിൽ ഉപയോഗിച്ച ആഹാര കണ്ടെയ്നർ കഴുകി; വിവാദം   
 
    
 
എന്നാൽ, സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ് അടക്കം കേന്ദ്ര ബ്രാൻഡിങ്ങിനു വഴങ്ങി ഫണ്ട് വാങ്ങിയെന്ന ന്യായമാണ് സിപിഎം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി.ശിവൻകുട്ടി ഉന്നയിക്കുന്നത്. ഒരിക്കൽ മന്ത്രിസഭയിലെത്തിയ പിഎം ശ്രീ വിഷയം സിപിഐ മന്ത്രിമാർ എതിർത്തതോടെയാണു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൽഡിഎഫിൽ ചർച്ചചെയ്യാനായി മാറ്റിവച്ചത്. ഇത്തരം സാഹചര്യങ്ങളിൽ, എൽഡിഎഫിൽ ചർച്ച ചെയ്തശേഷം വീണ്ടും മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുകയാണു പതിവ്.  
  
 -  Also Read  ചൈനയിൽനിന്ന് ഇറക്കുമതിക്ക് ഇളവുകൾ നൽകാൻ കേന്ദ്രം; കടുംപിടിത്തം ഇനിയില്ല!   
 
    
 
എന്നാൽ, ഇൗ രണ്ടു നടപടികളും ഒഴിവാക്കി കേന്ദ്രത്തിനു വഴങ്ങാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്. തീരുമാനത്തിനെതിരെ സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫും രംഗത്തെത്തി. യോജിച്ച സമരങ്ങളിലൂടെ കേന്ദ്രഫണ്ട് നേടിയെടുക്കേണ്ടതിനു പകരം, കേന്ദ്രനയങ്ങൾക്കു വഴങ്ങുന്നതു വിദ്യാർഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആരോപിച്ചു.  
 
  
 
പത്രവാർത്തയിലൂടെയാണു സർക്കാർ തീരുമാനം അറിഞ്ഞത്. സിപിഐയുടെ നിലപാടിൽ മാറ്റമില്ല. പിഎം ശ്രീ പദ്ധതിയുടെ കാതൽ എൻഇപിയാണ്. ആർഎസ്എസ് നയങ്ങളെ വിദ്യാഭ്യാസരംഗത്ത് പിഎം ശ്രീയിലൂടെ നടപ്പാക്കുന്നതാണ് എൻഇപി. എൻഇപിയുടെ ഉള്ളടക്കം കൂടി അംഗീകരിച്ചാണോ നമ്മൾ കരാറുമായി പോകുന്നത്? അതാണ് വ്യവസ്ഥയെങ്കിൽ തീരുമാനമെടുക്കും മുൻപ് സംസ്ഥാന സർക്കാർ പലവട്ടം ചിന്തിക്കണം.   
 
  
 
ബിനോയ് വിശ്വം, സിപിഐ സംസ്ഥാന സെക്രട്ടറി  
 
  
 
കേന്ദ്രസർക്കാരിന്റെ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണ്. വെറുതേ 1,466 കോടി രൂപ കളയേണ്ടല്ലോ. 7,000 അധ്യാപകർക്കു ശമ്പളവും എസ്‌സി/എസ്ടി കുട്ടികൾക്ക് സഹായവും ഒക്കെ ലഭ്യമാക്കേണ്ട ഫണ്ടാണ്. കൃഷി, ആരോഗ്യ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ കേന്ദ്ര വ്യവസ്ഥയ്ക്കു വഴങ്ങി ഫണ്ട് വാങ്ങിയിട്ടുണ്ട്. ഇതും അതുപോലെ കണ്ടാൽ മതി. സിപിഐയുമായുള്ള പ്രശ്നം ഞങ്ങൾ തീർത്തോളാം.  
 
  
 
മന്ത്രി വി.ശിവൻകുട്ടി  
 
  
 
പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇക്കാര്യം മന്ത്രിസഭയിൽ ചർച്ച ചെയ്തിട്ടില്ല. സർക്കാർ നിലപാടു മാറ്റിയിട്ടില്ല. വിയോജിപ്പു നിലനിൽക്കുന്നതു കൊണ്ടാണു പദ്ധതിയിൽ ഒപ്പിടാത്തത്.   
 
  
 
മന്ത്രി കെ.രാജൻ (സിപിഐ) English Summary:  
PM Shri Scheme in Kerala: PM Sree Scheme controversy arises in Kerala between CPI and CPM. The disagreement stems from the state government\“s decision to implement the central scheme without proper discussion within the LDF or cabinet. This has led to open conflict within the ruling coalition. |   
                
                                                    
                                                                
        
 
    
                                     
 
 
 |