ഷൊർണൂർ ∙ ‘പുലിവാൽ കല്യാണവും പഞ്ചാബി ഹൗസും കൂടിക്കലർന്ന സീനുകൾക്കൊടുവിൽ’, പുഴയിൽ ചാടി മരിച്ചെന്നു കരുതിയയാളെ ഷൊർണൂർ പൊലീസ് കണ്ടെത്തി. റബർ ബാൻഡ് ബിസിനസുമായി ബന്ധപ്പെട്ടു ഗുജറാത്തിൽ നിന്നു ഷൊർണൂരിലെത്തി കാണാതായ ഹുനാനി സിറാജ് അഹമ്മദ് ഭായിയെയാണ് (39) ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ  ബെംഗളൂരുവിൽ നിന്നു കണ്ടെത്തിയത്.  
 
സെപ്റ്റംബർ 17നാണ് ഹുനാനി ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനു സമീപം ലോഡ്ജിൽ മുറിയെടുത്തത്. നാട്ടിലെ ബിസിനസ് തകർന്ന് ഏതാണ്ട് 50 ലക്ഷത്തോളം രൂപ പലർക്കായി ബാധ്യതയുണ്ടായിരുന്നു. പറഞ്ഞ അവധിയും കഴിഞ്ഞതിനാൽ മടങ്ങാൻ കഴിയാത്ത അവസ്ഥയിൽ ഹുനാനി  
 
ചെറുതുരുത്തി പാലത്തിനു മുകളിൽ കയറി പുഴയുടെ ഫോട്ടോ എടുത്ത് ഭാര്യയ്ക്ക് അയച്ചുകൊടുത്ത ശേഷം ആത്മഹത്യ ചെയ്യുകയാണെന്നു വിളിച്ചുപറഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കി. വിവരമറിഞ്ഞു ഗുജറാത്തിൽ നിന്നെത്തിയ ബന്ധുവിന്റെ പരാതിയിൽ ഷൊർണൂർ പൊലീസ് അന്വേഷണം തുടങ്ങി. അഗ്നിരക്ഷാസേന, ചെറുതുരുത്തി നിള ബോട്ട് ക്ലബ്, രക്ഷാപ്രവർത്തകൻ നിഷാദ് എന്നിവരുടെ സഹായത്തോടെ 3 ദിവസം ഭാരതപ്പുഴയിൽ വിശദമായ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.  
 
ഇതിനിടെ, ഇയാൾ ആത്മഹത്യ ചെയ്തിട്ടില്ലെന്നും അങ്ങനെ വരുത്തിത്തീർത്ത് നാടുവിട്ടതാണെന്നും പൊലീസിനു സൂചന ലഭിച്ചു.കടം പെരുകിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തെന്നു വരുത്തിത്തീർത്ത പഞ്ചാബി ഹൗസ് സിനിമയിലെയും വെറുതേ മണിക്കൂറുകളോളം പൊലീസും അഗ്നിരക്ഷാസേനയും കുളത്തിൽ തിരച്ചിൽ നടത്തിയ പുലിവാൽ കല്യാണം സിനിമയിലെയും സീനുകളായി നാട്ടുകാരുടെ മനസ്സിൽ.  
 
ഇതിനിടെ, ദിവസങ്ങളായി രാത്രി ഒരു നമ്പറിൽ നിന്നു ഹുനാനിയുടെ ഭാര്യയ്ക്കു ഫോൺ വരുന്നതു പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. കണ്ണൂർ സ്വദേശിയുടെ പേരിലുള്ള സിം ആണെന്നും എന്നാൽ ടവർ ലൊക്കേഷൻ ബെംഗളൂരുവിൽ ആണെന്നും കണ്ടെത്തി. തുടർന്ന് അന്വേഷണ സംഘം ബെംഗളൂരുവിൽ എത്തി നടത്തിയ അന്വേഷണത്തിലാണു ഭാര്യയെ വിളിച്ചതു ഹുനാനി സിറാജ് അഹമ്മദ് ഭായ് തന്നെയാണെന്നു മനസ്സിലായത്. ഡ്രൈവർ ജോലി ചെയ്യുകയായിരുന്ന ഹുനാനിയെ ഒടുവിൽ മജസ്റ്റിക്കിൽ നിന്നു പൊലീസ് കണ്ടെത്തി.  
 
പണം നൽകാനുള്ളവരെ അഭിമുഖീകരിക്കാനുള്ള വിഷമത്തിലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്.കടം വാങ്ങിയ ആളുകൾ അറിയുമോ എന്ന ഭയത്താലാണു വിവരം മറച്ചുവച്ചതെന്നാണു ഭാര്യ പൊലീസിനു നൽകിയ മൊഴി. ഗുജറാത്തിൽ നിന്നു ഭാര്യയെയും മക്കളെയും രഹസ്യമായി ബെംഗളൂരുവിൽ എത്തിക്കാനായിരുന്നു നീക്കമെന്നു പൊലീസ് പറഞ്ഞു ഷൊർണൂർ പൊലീസ് ഇൻസ്പെക്ടർ വി. രവികുമാർ, എസ്ഐ കെ.ആർ. മോഹൻദാസ്, എഎസ്ഐമാരായ കെ. അനിൽ കുമാർ, സുഭദ്ര, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീഷ് എന്നിവരാണു കേസ് അന്വേഷിച്ചത്. English Summary:  
Shornur Missing Person Found: A man who was presumed dead after a supposed suicide attempt in Shornur has been found alive in Bangalore. He faked his death due to financial debts, reminding locals of scenes from the movies \“Pulival Kalyanam\“ and \“Punjabi House\“. |