കുമളി∙ ഹോളിഡേ ഹോമിനു സമീപം താമസിക്കുന്ന കണ്ണൻ, ഭാര്യ ഷീന, മക്കളായ അനന്യ, അമയ എന്നിവർ ഉറങ്ങാൻ കിടന്നപ്പോൾ പുറത്ത് മഴ തകർക്കുകയായിരുന്നു. പുതപ്പിന്റെ ചൂടുപറ്റി ഇവർ വേഗം ഉറക്കത്തിലായി. കിടക്കയിൽ വെള്ളത്തിന്റെ നനവ് അനുഭവപ്പെട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ വീടിന് അകത്ത് കട്ടിലിനൊപ്പം ഉയരത്തിൽ വെള്ളം. വെള്ളത്തിന്റെ തള്ളലിൽ കിടപ്പുമുറിയുടെ വാതിൽ അടഞ്ഞു. ലൈറ്റിട്ട് എന്തു ചെയ്യുമെന്നറിയാതെ ഭയന്നു നിൽക്കുമ്പോൾ വെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ 3 പാമ്പുകൾ തല ഉയർത്തി നിൽക്കുന്നു. കണ്ണനും കുടുംബവും കട്ടിലിനു മുകളിൽ കയറിനിന്നു.
ഭീകരക്കാഴ്ച കണ്ട് കുട്ടികൾ വാവിട്ട് കരയുമ്പോൾ ജീവിതം അവസാനിച്ചതായി കണ്ണൻ കരുതി. ധൈര്യം സംഭരിച്ച് പൊലീസിലും അഗ്നിരക്ഷാസേനയിലും ഫോൺ ചെയ്തു സഹായം അഭ്യർഥിച്ചു. കുമളി സിഐക്ക് സന്ദേശം എത്തുമ്പോൾ തൊട്ടടുത്ത സ്ഥലമായ പെരിയാർ കോളനിയിൽ പൊലീസ് രക്ഷാപ്രവർത്തനത്തിലായിരുന്നു. സിഐക്ക് ഒപ്പമുണ്ടായിരുന്ന പൊതുപ്രവർത്തകൻ കെ.ജെ.ദേവസ്യ ഉൾപ്പെടെ ഉള്ളവരുമായി സിഐ വേഗം സ്ഥലത്തെത്തി. ഏറെ സാഹസികമായി വടം എറിഞ്ഞുകൊടുത്ത് അതിന്റെ സഹായത്താൽ ദേവസ്യയും മറ്റൊരാളും കണ്ണന്റെ കുടുംബത്തിന്റെയും അരികിലെത്തി. കുട്ടികളെ ചുമലിലേറ്റി സുരക്ഷിതസ്ഥലത്തെത്തിച്ചു. തുടർന്ന് കണ്ണനും ഭാര്യയും വടത്തിൽ പിടിച്ച് സുരക്ഷിതസ്ഥലത്തെത്തി. സമീപത്തെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. വീട്ടുപകരണങ്ങൾ നശിച്ചു. ഹോളിഡേ ഹോമിന് സമീപമുള്ള വെള്ളം കയറിയ വീട്ടിൽനിന്ന് രക്ഷപ്പെട്ട കണ്ണൻ, ഭാര്യ ഷീന, മക്കളായ അനന്യ, അമയ.
വാതിൽ തുറന്നപ്പോൾ കണ്ടത്... ഫാനിൽ തൂങ്ങിപ്പിടിച്ച് കുട്ടി, മരണഭീതിയിൽ മാതാപിതാക്കൾ നെടുങ്കണ്ടം∙ ‘നീന്തിയാണ് വീടിന്റെ ഭാഗത്ത് എത്തിയത്. വാതിൽ കഷ്ടിച്ച് തുറന്നപ്പോൾ ബഞ്ചിന്റെ മുകളിലായി നിൽക്കുന്ന മാതാപിതാക്കളും ഫാനിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയും. അര അടി കൂടി വെള്ളം ഉയർന്നാൽ വീട് മുഴുവനായി മുങ്ങുന്ന സ്ഥിതി’– പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുണ്ടിയെരുമയിലെ വീട്ടിൽ അകപ്പെട്ടു പോയ പാട്ടത്തിൽ ബിബിയെയും കുടുംബത്തെയും സമീപവാസികൾ രക്ഷപ്പെടുത്തിയത് സാഹസികമായി. രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്ത മുല്ലശേരി വീട്ടിൽ ജിജി പറയുന്നു. ‘മുണ്ടിയെരുമ ടൗണിൽ കെട്ടിടങ്ങളുടെ ആദ്യ നില മുഴുവനായി വെള്ളത്തിൽ മുങ്ങിയിരുന്നു. കടകളിലെ സാധനങ്ങൾ മാറ്റുന്നതിനിടെയാണ് ഒരു കുടുംബം വീട്ടിൽ കുടുങ്ങിയത് അറിയുന്നത്. ഞങ്ങൾ അവിടേക്ക് പോയി. മുണ്ടിയെരുമയിൽ വെള്ളപ്പൊക്കത്തിൽ വീടിനുള്ളിൽ അകപ്പെട്ട പാട്ടത്തിൽ ബിബിയെയും കുടുംബത്തെയും സമീപവാസികൾ രക്ഷപ്പെടുത്തുന്നു.
വീടിന്റെ മുകൾഭാഗം ഒഴികെ പൂർണമായി മുങ്ങിയ നിലയിലാണ്. രക്ഷിക്കണേ എന്ന് വീടിനുള്ളിൽനിന്ന് കരച്ചിൽ കേൾക്കാം. മകൻ ജിൻസ് വെള്ളത്തിൽ ചാടി നീന്തി അവിടെ എത്തിയെങ്കിലും വീട് തുറന്ന് രക്ഷിക്കാനാവില്ലെന്ന് മനസ്സിലായി. രക്ഷിതാക്കൾ ബെഞ്ചിന്റെ മുകളിലും കുട്ടി ഫാനിൽ തൂങ്ങി നിൽക്കുന്ന രീതിയിലുമാണ് കണ്ടത്. തുടർന്ന് ഞാനും ഒപ്പമുള്ളവരും നീന്തി അവിടെയെത്തി. മുറിയുടെ എയർഹോൾ ഭാഗം പൊളിച്ച് അകത്ത് കടന്നു. മൂവരെയും കയർ കെട്ടി വീടിനു പുറത്തെത്തിച്ച് ടെറസിലേക്ക് കയറ്റി. അപ്പോഴും വെള്ളം ഉയരുന്ന സാഹചര്യമായിരുന്നു പ്രദേശത്ത്. ടെറസിൽ നിന്ന് റോഡിലേക്ക് ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ച് പാലം നിർമിച്ചു. അതിലെ കുടുംബാംഗങ്ങളെ റോഡിലേക്കെത്തിച്ചാണ് രക്ഷപ്പെടുത്തിയത്’. പ്രദേശത്തെ വീടുകളിൽ കുടുങ്ങിയവരെ രാവിലെ മുതൽ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ജീന.
ചേറിന്റെ മണം; ഒന്നും നോക്കാതെ ഓടി ഉരുൾപൊട്ടൽ അപകടത്തെക്കുറിച്ചു വിവരിക്കുമ്പോൾ കുന്തളംപാറ വി.ടി പടിയിൽ തോടിന്റെ കരയിലുള്ള വീട്ടിൽനിന്ന് രക്ഷപ്പെട്ട മണ്ടലാക്ഷിക്കുന്നേൽ ജീന ജസ്റ്റിന്റെ കണ്ണിൽ ഭീതി നിറഞ്ഞിരുന്നു. മുൻപ് ഇതേ അനുഭവമുള്ളതിനാൽ സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജീന ഒട്ടും വൈകിയില്ല. ജീന പറയുന്നതിങ്ങനെ; ‘രാത്രിയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഉറങ്ങിയിരുന്നില്ല. 12.45ഓടെയാണ് വലിയ ശബ്ദം കേട്ടത്. വലിയ ശബ്ദത്തിനു പിന്നാലെ ചേറിന്റെ മണവും ചൂടും അനുഭവപ്പെട്ടു. 2019ൽ ഉരുൾപൊട്ടലുണ്ടായതിന്റെ അനുഭവമുള്ളതിനാൽ ബഹളംവച്ച് ഭർത്താവ് ജസ്റ്റിനെയും മക്കളായ ജുവൽ മരിയ, ജൂബിൻ എന്നിവരെയെല്ലാം കൂട്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇരുട്ടത്ത് വീടിനു പിന്നിലൂടെ ഓടി കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ചാണ് സുരക്ഷിതമായ സ്ഥലത്തെത്തിയത്. English Summary:
Kerala Floods recount harrowing tales of survival as families face rising waters and landslides. Residents detail dramatic rescues and near-death experiences amidst heavy rainfall and flooding in Idukki. The stories highlight the resilience of communities and the heroic efforts of rescue teams during the Kerala floods.