നെടുങ്കണ്ടം∙ ‘നീന്തിയാണ് വീടിന്റെ ഭാഗത്ത് എത്തിയത്. വാതിൽ കഷ്ടിച്ച് തുറന്നപ്പോൾ ബഞ്ചിന്റെ മുകളിലായി നിൽക്കുന്ന മാതാപിതാക്കളും ഫാനിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയും. അര അടി കൂടി വെള്ളം ഉയർന്നാൽ വീട് മുഴുവനായി മുങ്ങുന്ന സ്ഥിതി’– പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുണ്ടിയെരുമയിലെ വീട്ടിൽ അകപ്പെട്ടു പോയ പാട്ടത്തിൽ ബിബിയെയും കുടുംബത്തെയും സമീപവാസികൾ രക്ഷപ്പെടുത്തിയത് സാഹസികമായി. രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്ത മുല്ലശേരി വീട്ടിൽ ജിജി പറയുന്നു.  
 Read More   
  
 -   ഇടുക്കിയിൽ 2018ൽ വെള്ളം കയറാത്ത സ്ഥലങ്ങൾ പോലും മഴയിൽ മുങ്ങി; വാഹനങ്ങൾ ഒഴുകി പോയി- ദൃശ്യങ്ങൾ  Idukki 
 
         
    
 
‘മുണ്ടിയെരുമ ടൗണിൽ കെട്ടിടങ്ങളുടെ ആദ്യ നില മുഴുവനായി വെള്ളത്തിൽ മുങ്ങിയിരുന്നു. കടകളിലെ സാധനങ്ങൾ മാറ്റുന്നതിനിടെയാണ് ഒരു കുടുംബം വീട്ടിൽ കുടുങ്ങിയത് അറിയുന്നത്. ഞങ്ങൾ അവിടേക്ക് പോയി. വീടിന്റെ മുകൾഭാഗം ഒഴികെ പൂർണമായി മുങ്ങിയ നിലയിലാണ്. രക്ഷിക്കണേ എന്ന് വീടിനുള്ളിൽനിന്ന് കരച്ചിൽ കേൾക്കാം. മകൻ ജിൻസ് വെള്ളത്തിൽ ചാടി നീന്തി അവിടെ എത്തിയെങ്കിലും വീട് തുറന്ന് രക്ഷിക്കാനാവില്ലെന്ന് മനസ്സിലായി.   
 
രക്ഷിതാക്കൾ ബെഞ്ചിന്റെ മുകളിലും കുട്ടി ഫാനിൽ തൂങ്ങി നിൽക്കുന്ന രീതിയിലുമാണ് കണ്ടത്. തുടർന്ന് ഞാനും ഒപ്പമുള്ളവരും നീന്തി അവിടെയെത്തി. മുറിയുടെ എയർഹോൾ ഭാഗം പൊളിച്ച് അകത്ത് കടന്നു. മൂവരെയും കയർ കെട്ടി വീടിനു പുറത്തെത്തിച്ച് ടെറസിലേക്ക് കയറ്റി. അപ്പോഴും വെള്ളം ഉയരുന്ന സാഹചര്യമായിരുന്നു പ്രദേശത്ത്. ടെറസിൽ നിന്ന് റോഡിലേക്ക് ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ച് പാലം നിർമിച്ചു. അതിലെ കുടുംബാംഗങ്ങളെ റോഡിലേക്കെത്തിച്ചാണ് രക്ഷപ്പെടുത്തിയത്’. പ്രദേശത്തെ വീടുകളിൽ കുടുങ്ങിയവരെ രാവിലെ മുതൽ സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.  English Summary:  
Kerala Floods: A heroic rescue operation saved a family trapped in their flooded home in Mundieruma, Nedunkandam. Neighbors risked their lives to pull the family to safety as floodwaters rose rapidly, highlighting the community\“s resilience in the face of disaster. |