പത്തനംതിട്ട ∙ 1989ൽ വാങ്ങി കരമടച്ചു കൊണ്ടിരുന്ന ഭൂമിയുടെ ഒരു ഭാഗം ഉടമ അറിയാതെ മറ്റൊരാൾ കൈവശപ്പെടുത്തിയെന്നു പരാതി. അഞ്ചൽ തടിക്കാട് സ്വദേശി മുഹമ്മദപ്പയാണു പരാതിക്കാരൻ. കോന്നി താലൂക്കിലെ കൂടൽ വില്ലേജിലുണ്ടായിരുന്ന 2.25 ഏക്കർ ഭൂമിയിലെ 95 സെന്റ് സ്ഥലം മറ്റൊരാൾ കൈവശപ്പെടുത്തിയെന്നാണു കലക്ടർ, ആർഡിഒ, തഹസിൽദാർ, വിജിലൻസ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ വർഷം കരം അടയ്ക്കാനെത്തിയപ്പോഴാണ് ഭൂമി നഷ്ടപ്പെട്ട കാര്യം മുഹമ്മദപ്പ അറിയുന്നത്. 2022ൽ 5 വർഷത്തേക്ക് മറ്റൊരാൾക്കു പാട്ടത്തിനു നൽകിയ ഭൂമിയാണ് പാട്ടക്കാലാവധി നില നിൽക്കുന്നതിനിടെ കൂടൽ വില്ലേജ് ഓഫിസിൽ നിന്ന് മറ്റൊരാൾക്കു പോക്കുവരവ് ചെയ്തു നൽകിയത്. 1978ൽ ഭൂമിക്ക് പട്ടയം കിട്ടിയ രേഖകൾ മുഹമ്മദപ്പയുടെ കൈവശമുണ്ട്.
താൻ സ്ഥലം വിൽപന നടത്തിയെന്നാണ് കൂടൽ വില്ലേജ് അധികൃതർ പറഞ്ഞതെന്ന് മുഹമ്മദപ്പ ആരോപിക്കുന്നു. 2027 വരെ പാട്ടക്കാലാവധി നില നിൽക്കുന്ന എങ്ങനെയാണു വിൽക്കാൻ സാധിക്കുകയെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. 2023–24 സാമ്പത്തിക വർഷം വരെ കരമടച്ച രേഖകൾ കൈവശമുണ്ടെന്നും ഇദ്ദേഹം പറയുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തുടർച്ചയായി ഭൂമി പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല.
2024 നവംബറിനു മുൻപ് രേഖകളിൽ തിരിമറി നടന്നെന്നാണ് മുഹമ്മദപ്പയുടെ സംശയം. കൂടൽ വില്ലേജിൽ ബ്ലോക്ക് 30ൽ റീ സർവേ നമ്പർ 118(1), 118(2), 118(4), 118(8) എന്നീ സ്ഥലങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. ഇതിലെ 118(1), 118(4) എന്നിവയാണു നഷ്ടമായത്. വിവരാവകാശ പ്രകാരം അപേക്ഷ നൽകിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
ഭൂമി തെറ്റായ രീതിയിൽ പോക്കുവരവ് ചെയ്തതിന് ആ സമയത്തെ ഏനാദിമംഗലം സബ് റജിസ്ട്രാർ, കൂടൽ വില്ലേജ് ഓഫിസർ, കോന്നി ഭൂരേഖ തഹസിൽദാർ എന്നിവർക്കു വീഴ്ച വന്നെന്നു പരാതിയിൽ പറയുന്നു. ഭൂമി തന്റെ പേരിലേക്കു തിരികെയാക്കണമെന്നാണ് മുഹമ്മദപ്പയുടെ ആവശ്യം. നിലവിൽ ഭൂമി വാങ്ങിയ കൊല്ലം സ്വദേശി ഇതു വാങ്ങിയത് കൂടൽ സ്വദേശിയായ ഒരാളുടെ മക്കളിൽ നിന്നാണ്. ഇവരുടെ രേഖകളിൽ 118(1) എന്ന റീ സർവേ നമ്പർ കാണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നാണ് മുഹമ്മദപ്പയുടെ ആരോപണം. English Summary:
Land dispute arises in Pathanamthitta where a landowner alleges illegal possession of his property. The complainant claims land records were tampered with, and he seeks investigation and restoration of ownership. The landowner, after discovering the alleged fraud, registered a complaint, which highlights the complexities of land ownership issues and the importance of vigilance in property matters. |