deltin33 • 2025-10-28 09:35:08 • views 480
തിരുവനന്തപുരം ∙ പാർട്ടി ഭരണഘടനയിൽ ചെറിയ ഇളവു നൽകിയും കെപിസിസി അംഗത്വം വേണമെന്ന നിബന്ധനയിൽ മാറ്റംവരുത്തിയും വിശാലമായ ചർച്ചകളിലൂടെയുമാണ് കെപിസിസിയുടെ ആദ്യഘട്ട ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചത്. നിർദേശിച്ച ചിലരെ ഉൾപ്പെടുത്തിയില്ലെന്നു പരാതിയുള്ള നേതാക്കൾക്കു പോലും ചർച്ച നടത്തിയില്ലെന്നു പരാതിയില്ല. സമീപകാലത്തെ ഭാരവാഹി പ്രഖ്യാപനങ്ങളിൽ ഏറ്റവും കുറവു പൊട്ടിത്തെറി നേരിട്ട പട്ടികയെന്ന ആശ്വാസം കോൺഗ്രസിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
- Also Read കെപിസിസി പുനഃസംഘടന: ജംബോ ആക്ഷേപത്തിന് മറുപടി സാമൂഹികനീതി
തിരഞ്ഞെടുപ്പിൽ സജീവമാകേണ്ട ടീമിനെ ഒരുക്കുന്നതിനൊപ്പം, പല മുൻ തീരുമാനങ്ങളുടെയും മുറിവുണക്കാനും ശ്രദ്ധവച്ചു. ജോസ് വള്ളൂരിനും എം.പി.വിൻസന്റിനും ലഭിച്ച ഭാരവാഹിത്വം, തൃശൂരിൽ ഇവരുടെ പദവി നഷ്ടപ്പെട്ടപ്പോഴുണ്ടായ ധാരണയനുസരിച്ചാണ്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു പാലോട് രവിയെ നീക്കിയ രീതി നീതിപൂർവകമായില്ലെന്നു നേതൃത്വം തിരിച്ചറിഞ്ഞതു രവിക്കു തുണയായി. അംഗമായി 3 വർഷമാകാതെ ഭാരവാഹിത്വം നൽകരുതെന്ന മാനദണ്ഡം മറികടന്നാണ് സന്ദീപ് വാരിയർക്ക് പദവി നൽകിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പുവേളയിൽ ദീപ ദാസ്മുൻഷി മുൻകയ്യെടുത്തു പാർട്ടിയിലെത്തിച്ച സന്ദീപിനെ സംരക്ഷിക്കുമെന്ന ഉറപ്പു പാലിക്കാനായി. കെപിസിസി അംഗങ്ങളിൽനിന്നാകണം ഭാരവാഹികൾ എന്ന നിബന്ധന വനിതാ, പട്ടികവിഭാഗ പ്രാതിനിധ്യത്തിനായി ഒഴിവാക്കി.
- Also Read ‘എന്നെ കുടുക്കിയവരെ നിയമത്തിനു മുന്നിലെത്തിക്കും’: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കുടുക്കിയതോ, എങ്കിൽ ആര്?
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുശേഷമായിരുന്നു പുനഃസംഘടനാ ചർച്ചകൾക്കു തുടക്കം. ടീം തന്റേതാണെങ്കിലും ഒരു പേരും തന്റെ മാത്രം താൽപര്യത്തിലാകരുതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർബന്ധബുദ്ധി ചെലുത്തിയതോടെ ആശയവിനിമയം എളുപ്പമായി. ആദ്യ ചർച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായിട്ടായിരുന്നു. വി.എം.സുധീരന്റെയും കെ.സുധാകരന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും അഭിപ്രായം തേടാൻ വീടുകളിലെത്തി. ഡൽഹിയിൽ ശശി തരൂരുമായുള്ള ചർച്ചയ്ക്കു ദീപ ദാസ്മുൻഷിയുമുണ്ടായിരുന്നു. വീട്ടിലെത്തി കാണേണ്ടെന്ന് എ.കെ.ആന്റണി സ്നേഹപൂർവം വിലക്കി. രമേശ് ചെന്നിത്തലയെയും കെ.മുരളീധരനെയും പലവട്ടം കണ്ടു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിനുശേഷമുള്ള ആദ്യത്തെ ഭാരവാഹിപ്പട്ടികയെന്നതു കണക്കിലെടുത്ത് അദ്ദേഹത്തിന്റെ കുടുംബത്തിന് എന്തെങ്കിലും നിർദേശമുണ്ടോ എന്നാരാഞ്ഞു. കെ.സി.ജോസഫും എം.എം.ഹസനും ഉൾപ്പെടെ ഏതാനും പേർ നിർദേശങ്ങൾ രേഖാമൂലം നൽകി.
പി.ജെ.കുര്യൻ ഉൾപ്പെടെ മുതിർന്നവരെയെല്ലാം കണ്ടു. എംപിമാരുമായി കേരളത്തിലും ഡൽഹിയിലും കൂടിക്കാഴ്ച നടത്തി.ഓഗസ്റ്റിലെ ഡൽഹി ചർച്ച ഡിസിസി പ്രസിഡന്റുമാരുടെ മാറ്റത്തെച്ചൊല്ലി തടസ്സപ്പെട്ടപ്പോൾ, കെപിസിസി ഭാരവാഹികളെ ആദ്യം പ്രഖ്യാപിക്കാമെന്നു തീരുമാനിച്ചു. ആദ്യ പട്ടിക വലുതായതോടെ ചുരുക്കാൻ ഡൽഹിയിൽനിന്നു നിർദേശം.
മുൻ ഡിസിസി പ്രസിഡന്റുമാരെ പരമാവധി ഉൾപ്പെടുത്തണമെന്ന ധാരണ രൂപപ്പെട്ടു. നിയമസഭാ സമ്മേളനം നടക്കുമ്പോൾ അന്തിമ കരട് തയാറായി. ഏറ്റവും പ്രധാനപ്പെട്ട നേതാക്കൾ മാത്രം കണ്ട കരട് ഡൽഹിക്ക്. നേരിയ ഭേദഗതി വരുത്തിയതു കെപിസിസി നേതൃത്വത്തെ അറിയിച്ചശേഷം എഐസിസി പട്ടിക പുറത്തിറക്കുകയായിരുന്നു.
പട്ടികയിലെ അപൂർവത
പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റുമാർ എന്നിവരെ മാത്രമാണു രാഷ്ട്രീയകാര്യ സമിതിയിലും ഭാരവാഹിപ്പട്ടികയിലും ഒരുമിച്ച് ഉൾപ്പെടുത്താറുള്ളതെങ്കിലും ഹൈബി ഈഡനെ വൈസ് പ്രസിഡന്റാക്കി. പാർട്ടി അംഗത്വമെടുത്ത ശേഷം ആദ്യത്തെ ഭാരവാഹിത്വം തന്നെ കെപിസിസി ജനറൽ സെക്രട്ടറിയായി എന്ന അപൂർവത സന്ദീപ് വാരിയർ സ്വന്തമാക്കി.
അടുത്ത പട്ടിക ഒരാഴ്ചയ്ക്കകം
സെക്രട്ടറിമാർ, നിർവാഹക സമിതിയംഗങ്ങൾ എന്നിവരുടെ കരടു പട്ടികയിൽ 140 പേരുണ്ടെന്നാണു വിവരം. ഇതു നൂറിലേക്കു ചുരുക്കാനുള്ള എഐസിസി നിർദേശം പാലിച്ച്, ഒരാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കും. മുല്ലപ്പള്ളിയുടെ കാലത്തെ സെക്രട്ടറിമാരിൽ അൻപതോളം പേർ, യൂത്ത് കോൺഗ്രസിന്റെയും കെഎസ്‍യുവിന്റെയും സംസ്ഥാന ഭാരവാഹിത്വത്തിൽനിന്നു മാറിയവർ, ഡിസിസികളിൽ മികച്ച പ്രകടനം നടത്തിയവർ എന്നിവരാകും ഈ പട്ടികയിൽ. സമവായമാകാത്തതിനാൽ ഡിസിസി നേതൃമാറ്റം തദ്ദേശ തിരഞ്ഞെടുപ്പിനുശേഷമേ ഉണ്ടാകൂ. English Summary:
KPCC Reorganization: KPCC Office Bearers List reflects extensive discussions and strategic decisions within the Congress party in Kerala. The announcement of the KPCC\“s first list of office bearers followed comprehensive discussions and some compromise within the party. This approach aimed to minimize internal strife while preparing the team for upcoming elections. |
|