തിരുവനന്തപുരം ∙ ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിവില്‍ പോയേക്കാമെന്ന വിശ്വാസയോഗ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെത്തതന്നെ പ്രത്യേക അന്വേഷണ സംഘം പോറ്റിയെ അറസ്റ്റ് ചെയ്തത്. സ്വർണക്കവർച്ച സംബന്ധിച്ച പരിശോധനകള്‍ക്കായി ശബരിമലയിലേക്കു പോകുകയായിരുന്ന എസ്പി എസ്.ശശിധരന്‍ ഇന്നലെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അതോടെ എസ്‌ഐടി കൂടുതല്‍ ജാഗ്രതയിലായി. പല സംസ്ഥാനങ്ങളിലും വലിയ സ്വാധീനമുള്ള പോറ്റി ഒളിവില്‍ പോയാല്‍ പിന്നെ വലയിലാക്കുന്നത് ഏറെ ശ്രമകരമാണെന്ന് ഉദ്യോഗസ്ഥര്‍ക്കു കൃത്യമായ ബോധ്യമുണ്ടായിരുന്നു. ഇതോടെ, പെട്ടെന്നു കൂടിയാലോചനകള്‍ നടത്തി ഒട്ടും വൈകാതെ പുളിമാത്തെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.   
  
 -  Also Read  ‘ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആചാര ലംഘനം; സ്വർണം കൈവശപ്പെടുത്തി, സ്മാർട്ട് ക്രിയേഷനും പങ്ക്’; പോറ്റിയ്ക്ക് നേരെ ചെരുപ്പേറ്   
 
    
 
ചോദ്യം ചെയ്ത ശേഷം വിട്ടയച്ചാലും പോറ്റി ഒളിവില്‍ പോകുമെന്ന് അന്വേഷണസംഘത്തിനു സംശയമുണ്ടായിരുന്നു. അതിനാലാണ് എസ്പി ശശിധരന്‍ സന്നിധാനത്തെ അന്വേഷണം പൂര്‍ത്തിയാക്കി ഇന്നലെ രാത്രി തന്നെ തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. മൊഴികളുടെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പങ്ക് വെളിപ്പെട്ടുവെന്നും എസ്‌ഐടി വ്യക്തമാക്കുന്നു.   
  
 -  Also Read  ‘നടന്നത് വൻ ഗൂഢാലോചന; സഹായിച്ചവർക്കെല്ലാം പ്രത്യുപകാരം ചെയ്തു’: ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കി പോറ്റിയുടെ മൊഴി   
 
    
 
ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പോറ്റിയെയും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി, നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെടുക്കുക എന്നതാണ് എസ്‌ഐടിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. തട്ടിയെടുത്ത സ്വര്‍ണം ഏതു തരത്തിലാണ് ദുരുപയോഗപ്പെടുത്തിയതെന്നും ആരില്‍ നിന്നൊക്കെ ഉണ്ണികൃഷ്ണന്‍ പോറ്റി സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും സംഘം വിശദമായി അന്വേഷിക്കും. സമാനമായ കുറ്റകൃത്യങ്ങള്‍ പ്രതി മുന്‍പും ചെയ്തിട്ടുണ്ടോ എന്നതും പരിശോധിക്കും. 2004 മുതല്‍ 2008 വരെ ശബരിമലയില്‍ പതിവായി എത്തിയിരുന്ന പോറ്റിക്ക് അവിടുത്തെ കാര്യങ്ങളെപ്പറ്റി വ്യക്തമായ അറിവുണ്ടെന്നും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രണ്ടു കിലോയോളം സ്വര്‍ണം തട്ടിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.  
  
 -  Also Read  ‘എന്നെ കുടുക്കിയതാണ്’: ഉറക്കെ വിളിച്ചു പറഞ്ഞ് ഉണ്ണിക്കൃഷ്ണൻ പോറ്റി; 13 ദിവസം എസ്ഐടി കസ്റ്റഡിയിൽ   
 
    
 
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കുറ്റകരമായ പ്രവൃത്തികള്‍ വിശ്വാസികള്‍ക്കിടയില്‍ ഗുരുതരമായ ആശങ്കയുണ്ടാക്കിയെന്ന് എസ്‌ഐടി കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ശബരിമല ശ്രീകോവിലിലും മറ്റും 1998 ല്‍ സ്വര്‍ണം പതിച്ചിട്ടുള്ള കാര്യം അറിയാവുന്ന പ്രതി മറ്റു പ്രതികളുടെ ഒത്താശയോടെയാണ് സ്വര്‍ണം പതിച്ച ചെമ്പുതകിടുകള്‍ അറ്റകുറ്റപ്പണി ചെയ്യാമെന്നു പറഞ്ഞ് 2019 ജൂണ്‍ 17ന് ദേവസ്വം ബോര്‍ഡ് അധികൃതരെ സമീപിച്ചത്. തുടര്‍ന്ന് ബോര്‍ഡ് അധികൃതരുടെ സഹായത്തോടെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പാളികള്‍ ഇളക്കിയെടുത്ത് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ കൊണ്ടുപോയി. തുടര്‍ന്ന് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുത്ത് കൈവശപ്പെടുത്തി. അതു മറച്ചുവയ്ക്കാനായി 394.9 ഗ്രാം സ്വര്‍ണ പൂശുകയായിരുന്നു. തുടര്‍ന്ന് സാമ്പത്തിക നേട്ടത്തിനായി ദ്വാരപാലക ശില്‍പങ്ങളും മറ്റും പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് ആചാരലംഘം നടത്തുകയും ചെയ്തു. വിവിധ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി അവരില്‍നിന്ന് വലിയ അളവ് സ്വര്‍ണം വാങ്ങി മുഴുവന്‍ ഉപയോഗപ്പെടുത്താതെ പോറ്റി കൈവശപ്പെടുത്തിയെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. English Summary:  
Sabarimala gold plating controversy: Unnikrishnan Potti\“s arrest marks a significant development in the Sabarimala gold theft case. The investigation revealed his involvement in misappropriating gold from the Sabarimala temple, leading to his arrest by a special investigation team. |   
                
                                                    
                                                                
        
 
    
                                     
 
 
 |