കൊച്ചി ∙ പാലിയേക്കരയിലെ ടോൾ പിരിവ് തുടരാൻ ഹൈക്കോടതി അനുമതി. എന്നാൽ കോടതിയുടെ തുടർ ഉത്തരവുണ്ടാകുന്നതുവരെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്ന് കരാറുകാരനു കോടതി നിർദേശം നൽകി. സുരക്ഷ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കണ്ടെത്തുമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പു നൽകി. ഇക്കാര്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാനും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവർ കലക്ടർക്കു നിർദേശം നൽകി. ഹർജി രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
- Also Read 36 പവൻ മോഷണം പോയ കേസിൽ വിജയവാഡ സ്വദേശിനി പിടിയിൽ; കസ്റ്റഡിയിലെടുത്തത് മുംബൈയിൽ നിന്ന്
ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് ഓഗസ്റ്റ് ആറു മുതലാണ് പാലിയേക്കര ടോൾ പിരിവ് നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരെ എൻഎച്ച്എഐയും കരാറുകാരും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. അതിനു ശേഷം ഒട്ടേറെ തവണ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിയും കരാറുകാരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അടിപ്പാത നിർമാണം മൂലമൂള്ള രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഇതിനു മുൻപ് കേസ് പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ദേശീയപാത അതോറിറ്റിക്കു വേണ്ടി ഹാജരായത്. ടോൾ പിരിവ് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം 65 കിലോമീറ്റർ ദേശീയപാതയിൽ അഞ്ചു കിലോമീറ്ററിൽ മാത്രമാണ് പ്രശ്നങ്ങളുള്ളതെന്ന് ചൂണ്ടിക്കാട്ടി. ടോൾ നിര്‍ത്തുന്നത് കരാർ കമ്പനിയുമായുള്ള നിയമവ്യവഹാരം അടക്കമുള്ള കാര്യങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ന് കേസ് പരിഗണിച്ചപ്പോഴും സർവീസ് റോഡിലെ സുരക്ഷാ പ്രശ്നങ്ങൾ അടക്കമുള്ളവ കോടതി ചൂണ്ടിക്കാട്ടി. റോഡിൽ താൽക്കാലിക ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിലവിൽ സുഗമമാണെന്ന് ജില്ലാ കലക്ടറും അറിയിച്ചതോടെയാണ് ടോൾ പിരിവ് നിർത്തിവച്ചത് പുനരാരംഭിക്കാൻ കോടതി അനുമതി നൽകിയത്. ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ക്ലേശങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അതുപോലെ തന്നെ അടിപ്പാത നിർമാണം നടക്കുകയും വേണമെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ വർധിപ്പിച്ച ടോൾ നിരക്ക് ഈടാക്കാൻ അനുവദിക്കാനാവില്ല. കേസിൽ തീർപ്പാക്കുന്നില്ലെന്നും സുരക്ഷാ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യമായ സമയങ്ങളിൽ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. English Summary:
Paliyekkara Toll Plaza collection: Paliyekkara Toll Plaza collection can continue, but toll rate hikes are restricted as per High Court directives. The Deputy Solicitor General assured that safety issues would be addressed promptly, and the Collector has been instructed to submit a report after conducting a review. |