തിരുവനന്തപുരം ∙ ആലപ്പുഴയിൽ ജി.സുധാകരനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈവിട്ടു പോകരുതെന്ന നിലപാടിൽ സിപിഎം സംസ്ഥാന നേതൃത്വം. രണ്ടു കൂട്ടരും തിരുത്താനുണ്ടെന്ന നിലപാടിലാണ് പല നേതാക്കളും. പാർട്ടി അവഗണിക്കുന്നെന്ന തോന്നൽ സുധാകരനുണ്ടാകാതെ ജില്ലാ നേതൃത്വം ശ്രദ്ധിക്കണം; പാർട്ടിക്കെതിരെ പരസ്യ പ്രതികരണങ്ങൾ നടത്താതെ സുധാകരനും നോക്കണം. ആലപ്പുഴയിൽ പാർട്ടി ഐക്യം ശക്തിപ്പെടണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിനുണ്ട്. പ്രശ്നങ്ങൾ ഉയർന്നുവരുന്ന സമയത്തുതന്നെ ഇടപെട്ട് തീർക്കുന്നതിൽ പോരായ്മകളുണ്ടെന്ന വിമർശനം ജില്ലാ നേതൃത്വത്തിനെതിരെ മാത്രമുള്ളതല്ല; സംസ്ഥാന നേതൃത്വത്തിനും പങ്കുവഹിക്കാനുണ്ടെന്നു നേതാക്കൾ സമ്മതിക്കുന്നു.
- Also Read ‘സജി ചെറിയാൻ സൂക്ഷിച്ച് സംസാരിക്കണം; ഉപദേശിക്കാന്‍ വരേണ്ട, അതിനുള്ള ബോധമില്ല, എന്നോട് ഏറ്റുമുട്ടിയവർ ജയിച്ചിട്ടില്ല’
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി സജി ചെറിയാനെതിരെ ജി. സുധാകരൻ നടത്തിയ പ്രസ്താവനകൾ സംഘടനാ അച്ചടക്കത്തിനു ചേർന്നതല്ലെന്ന ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ പ്രതികരണം നേതാക്കളുമായി കൂടിയാലോചിച്ചു നടത്തിയതാണ്. അതേസമയം തന്നെ അനുനയത്തിനു ശ്രമിച്ചില്ലെന്ന പ്രതീതി പാടില്ലെന്നും നേതൃത്വം തീരുമാനിച്ചിരുന്നു. വി.എസ്.അച്യുതാനന്ദന്റെ സഹോദരിക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം സി.എസ്.സുജാതയും നാസറും സുധാകരനെ സന്ദർശിച്ചത് അതുകൊണ്ടാണ്. വിഎസിന്റെ പേരിലുള്ള അവാർഡ് സമർപ്പണച്ചടങ്ങിൽ പങ്കെടുക്കണമെന്ന അവരുടെ ക്ഷണം സുധാകരൻ സ്വീകരിച്ചെന്നാണ് വിവരം. ജനറൽ സെക്രട്ടറി എം.എ.ബേബി ഈ ചടങ്ങിനെത്തുന്നുണ്ട്.
- Also Read ‘രാജകൊട്ടാരത്തിലെ വിദൂഷകര്‍ക്കു മാത്രമാണ് ഇപ്പോള്‍ കാര്യമുള്ളത്, മാന്യരായ ആളുകള്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ല’
കോൺഗ്രസ് വേദികളിൽ പോയതിന്റെ പേരിലുള്ള സൈബർ ആക്രമണങ്ങളിൽ സജി ചെറിയാന്റെ അനുയായികളുണ്ടെന്ന രോഷമാണ് സുധാകരന്റെ രൂക്ഷവിമർശനത്തിനു പ്രകോപനം. സജി അവരെ തിരുത്തിയില്ലെന്നും പാർട്ടി നടപടിയെടുത്തില്ലെന്നുമാണ് സുധാകരന്റെ പരാതി. സുധാകരൻ മന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന എട്ടാം നമ്പർ കാർ തന്നെ മന്ത്രിയായപ്പോൾ സജി തിരഞ്ഞെടുത്തത് യാദൃച്ഛികമല്ലെന്നു കരുതുന്നവരുണ്ട്; സുധാകരനെ അങ്ങനെ ധരിപ്പിച്ചിട്ടുള്ളവരുണ്ട്. പൊതുമരാമത്തു മന്ത്രിയായിരുന്ന കാലത്ത് സുധാകരൻ മുൻകയ്യെടുത്ത് ആരംഭിച്ച പദ്ധതി കഴിഞ്ഞ ദിവസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തപ്പോൾ ക്ഷണിക്കാതിരുന്നതാണ് ഒടുവിലുണ്ടായ പ്രകോപനം. പാർട്ടി – സർക്കാർ പരിപാടികളിൽ പോയി ‘കാഴ്ചക്കാരനായി’ ഇരിക്കാനില്ലെന്ന സൂചന നേരത്തേ സുധാകരൻ നൽകിയിട്ടുള്ളതിനാൽ പലപ്പോഴും ക്ഷണിക്കാറില്ല.
- Also Read പാർട്ടിയുമായി ചേർന്ന് പോകണം, ശക്തിപ്പെടുത്താൻ പ്രവർത്തിക്കണം: ജി.സുധാകരന് സജി ചെറിയാന്റെ ഉപദേശം
കോൺഗ്രസിന്റെ പരിപാടിയിൽ പോയി ‘സ്വർണപ്പാളി മോഷണത്തിനും കേരളം നമ്പർ വൺ’ എന്ന് സർക്കാരിനെ പരിഹസിക്കുന്ന തരത്തിൽ മുൻ ദേവസ്വം മന്ത്രി കൂടിയായ സുധാകരൻ പ്രതികരിച്ചതു നേതൃത്വത്തിനു തീരെ രുചിച്ചിട്ടില്ല. കെ.ആർ.ഗൗരിയമ്മയെ പുറത്തുചാടിക്കാനായി കെ.കരുണാകരൻ വികസനസമിതി ഉണ്ടാക്കി അതിലേക്കു ക്ഷണിച്ചപ്പോൾ അതിൽ ഗൗരിയമ്മ പങ്കെടുക്കുന്നതിനെ അതിശക്തമായി എതിർത്തവരുടെ മുന്നിൽ സുധാകരനുണ്ടായിരുന്നില്ലേയെന്ന് ഓർമിപ്പിക്കുന്നവരുമുണ്ട്.
- Also Read ‘ഞാൻ മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണപാളിയും ആരും കൊണ്ടുപോയില്ല, സംരക്ഷണമില്ലെങ്കിൽ എന്നേ വിഗ്രഹം കൊണ്ടുപോയേനെ’
സാങ്കേതികമായി ബ്രാഞ്ച് അംഗം മാത്രമായ സുധാകരനെതിരെ അച്ചടക്കനടപടിക്കു സാധ്യതയില്ല. ആലപ്പുഴയിലെ പ്രശ്നങ്ങൾ ഇന്നു ചേരുന്ന സെക്രട്ടേറിയറ്റ് വിലയിരുത്തിയേക്കും. എ.കെ.ബാലനും സുധാകരനും തമ്മിലുണ്ടായ ഉരസലും പാർട്ടിക്കു മുന്നിലുണ്ട്. എസ്എഫ്ഐയുടെ മൂന്നാം സംസ്ഥാന സമ്മേളനത്തിൽ നടന്നതു പലതും പാർട്ടി നേതൃത്വത്തിന്റെ ഭാഗമായി പങ്കെടുത്ത ഇഎംഎസിന് വലിയ അസ്വസ്ഥത ഉണ്ടാക്കിയെന്ന ഫെയ്സ്ബുക് കുറിപ്പിലെ ബാലന്റെ പരാമർശം ഇഎംഎസിനു വരെ സുധാകരൻ അലോസരം ഉണ്ടാക്കിയെന്നു സൂചിപ്പിക്കാൻ വേണ്ടിയാണെന്ന സംസാരം പാർട്ടി വൃത്തങ്ങളിലുണ്ട്. English Summary:
CPM Attempts to Resolve G. Sudhakaran-Saji Cheriyan Dispute: G. Sudhakaran\“s issues in Alappuzha are being carefully managed by the CPM state leadership to avoid escalation. |