ചേപ്പാട് ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ മതിലും കുരിശടിയും പൊളിച്ചുമാറ്റിയത് സംഘർഷത്തിന് ഇടയാക്കി. വൻ പൊലീസ് സംഘവുമായെത്തി കുരിശടി പൊളിക്കാൻ നടത്തിയ ശ്രമം തടയാനെത്തിയ വൈദികർക്കും വിശ്വാസികൾക്കും മർദനമേറ്റു. ഇതോടെ പള്ളിമണി അടിച്ചതിനെ തുടർന്നു കൂടുതൽ വിശ്വാസികൾ സ്ഥലത്തെത്തി.  
 
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മതിലും കുരിശടിയും പൊളിക്കാൻ തുടങ്ങിയതു തടഞ്ഞ വികാരി ഫാ.ബിജി ജോൺ, ഫാ.ബിനു തോമസ് എന്നിവർക്കും മറ്റു വിശ്വാസികൾക്കുമാണ് മർദനമേറ്റത്. രമേശ് ചെന്നിത്തല എംഎൽഎ സ്ഥലത്തെത്തിയതോടെയാണു സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്. നടപടികൾ തൽക്കാലം നിർത്തിവയ്ക്കണമെന്നു രമേശ് നിർദേശിച്ചു. കലക്ടറുമായി ഫോണിൽ സംസാരിച്ച എംഎൽഎ സ്ഥലത്തുണ്ടായിരുന്ന ചെങ്ങന്നൂർ ആർഡിഒ ടി.വിയജസേനനുമായി ചർച്ച നടത്തി. അതോടെ പൊലീസ് നടപടികൾ അവസാനിപ്പിച്ചു.ഇന്നലെ വൈകിട്ട് 100 പൊലീസുകാരുടെ അകമ്പടിയോടെയാണ് ദേശീയപാത അതോറിറ്റി കുരിശ് പൊളിക്കാൻ എത്തിയത്. 1500 വർഷത്തോളം പഴക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത കൽക്കുരിശാണ് പൊളിച്ചത്. ഇതിന് പകരമായി വിശ്വാസികൾ മരക്കുരിശ് സ്ഥാപിച്ചു.  
 
ദേശീയപാത നിർമാണത്തിന്റെ പേരിൽ കൽക്കുരിശിന് കേട് സംഭവിക്കരുതെന്നു പള്ളി ഭാരവാഹികൾ നേരത്തെ ദേശീയപാത അതോറിറ്റി അധികാരികളോട് ആവശ്യപ്പെട്ടിരുന്നതാണ്. കോടതിയിൽ ഇതുമായി ബന്ധപ്പെട്ടു കേസ് നിലനിൽക്കുന്നുണ്ട്. ഇരുകൂട്ടരുമായി ചർച്ച നടത്തിയതിനു ശേഷമേ തുടർ നടപടി ഉണ്ടാകൂ എന്നും ഉടൻതന്നെ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നും പള്ളി ഭാരവാഹികൾക്ക് ആർഡിഒ ഉറപ്പു നൽകി. 
   
 
കുരിശടി തകർത്തതിൽ പ്രതിഷേധം 
 കോട്ടയം ∙ ചേപ്പാട് പള്ളിയുടെ കുരിശടി തകർത്തത് നിയമലംഘനവും ക്രൈസ്തവ വിശ്വാസികളോടുള്ള അവഹേളനവുമാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ സത്വര നടപടികൾ സ്വീകരിക്കണം. കുരിശടി ഉടൻ പുനഃസ്ഥാപിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. English Summary:  
Cheppad Church demolition has sparked controversy due to the demolition of the church wall and cross as part of national highway construction. This led to protests and intervention by local leaders to halt further actions. The authorities have assured a discussion to resolve the issue. |