ആലപ്പുഴ ∙ നഗരത്തിന്റെ പ്രതാപക്കാഴ്ചയായിരുന്ന പഴയ മുപ്പാലം നവീകരിച്ച് നാൽപാലമാക്കിയതിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് 6ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. പി.പി. ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. ചടങ്ങിന് മുന്നോടിയായി വയലിനിസ്റ്റ് ബിജു മല്ലാരി അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീതവും അരങ്ങേറും. കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും ചുറ്റുമുള്ള കരകളെ ബന്ധിപ്പിക്കുന്ന പഴയ മുപ്പാലമാണ് നാലു ദിക്കിലേക്കും തുറക്കുന്ന നാൽപാലമായി മാറിയത്.
ബ്രിട്ടിഷ് ഭരണകാലത്ത് നിർമിച്ച മുപ്പാലത്തിന്റെ ബലക്ഷയം മൂലമാണു പുതുക്കിപ്പണിതത്.23 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള മൂന്നു പാലങ്ങളും 26 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള നാലാം പാലവും ഉൾപ്പെടുന്നതാണ് പുതിയ പാലം. 17.82 കോടി രൂപയാണ് നിർമാണച്ചെലവ്. ആലപ്പുഴ നഗരത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള മുപ്പാലം രാജാ കേശവദാസിന്റെ കാലത്താണ് നിർമിച്ചത്. നാളെ ഉദ്ഘാടനം ചെയ്യുന്ന നാൽപാലം. ലൈറ്റ് ഹൗസിന് സമീപം വാടക്കനാലും കൊമേഴ്സ്യൽ കനാലും കൂടിച്ചേരുന്നിടത്താണ് പഴയ മുപ്പാലം പുനർനിർമിച്ച് നാൽപാലമാക്കിയത്. ചിത്രം: സജിത്ത് ബാബു / മനോരമ
സ്റ്റാർ ലൊക്കേഷൻ
നഗരഹൃദയത്തിലെ സിനിമകളുടെ ലൊക്കേഷൻ കൂടിയായിരുന്നു പഴയ മുപ്പാലം. വിവിധ ഇന്ത്യൻ ഭാഷകളിലെ സിനിമകൾക്ക് പാലം പശ്ചാത്തലമായി. പ്രേംനസീർ മുതൽ ഷാരൂഖ് ഖാൻ വരെ അഭിനയിച്ച സിനിമകൾ ഇവിടെ ചിത്രീകരിച്ചു.
ചരിത്രം ചൂണ്ടിക്കാട്ടുന്നില്ലെന്ന് ജി.സുധാകരന്റെ വിമർശനം
ആലപ്പുഴ ∙ നാൽപാലത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് പറയുമ്പോൾ അതിന്റെ ചരിത്രം ചൂണ്ടിക്കാട്ടുന്നില്ലെന്നു മുൻ മന്ത്രി ജി.സുധാകരന്റെ വിമർശനം. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് നാൽപാലം രൂപകൽപന ചെയ്തു നിർമാണം ആരംഭിച്ചത്. ആർക്കും ഒന്നും ഓർമയില്ല. ഓർമയില്ലാത്ത ഒരു തലമുറയെ വളർത്തിക്കൊണ്ടുവന്നാൽ പിന്നെ ചരിത്രമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നിർമാണം പൂർത്തിയായ അഞ്ചു പാലങ്ങൾ കഴിഞ്ഞ മാർച്ചിൽ ജി.സുധാകരൻ സന്ദർശിച്ചിരുന്നു. അതിന്റെ പേരിലും സൈബർ ആക്രമണം നടന്നതായി അദ്ദേഹം പറഞ്ഞിരുന്നു. English Summary:
Alappuzha Bridge is now renovated to a four-way bridge and is set to be inaugurated. The renovated bridge aims to enhance connectivity and preserve a historical landmark within the city. The new bridge was designed to be renovated during G.Sudhakaran\“s term as minister. |