ഇസ്‍ലാമാബാദ് ∙ ഞായറാഴ്ച രാത്രിയിൽ പാക്കിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 23 പാക്കിസ്ഥാൻ സൈനികരും ഇരുന്നൂറിലധികം താലിബാൻ സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സൈന്യം. അതിർത്തി പ്രദേശങ്ങളിൽ അഫ്ഗാൻ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്ക് മറുപടിയായി പാക്കിസ്ഥാൻ 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായും പാക്ക് സൈന്യം അറിയിച്ചു. 58 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി താലിബാൻ അവകാശപ്പെടുമ്പോഴാണ് പാക്കിസ്ഥാൻ സൈന്യം പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.  
  
 -  Also Read  ഡൽഹിയിൽ നിന്ന് നിർദേശം; താലിബാൻ മന്ത്രിയുടെ താജ്‌മഹൽ സന്ദർശനം അവസാന നിമിഷം റദ്ദാക്കി   
 
    
 
സംഘർഷത്തെ തുടർന്ന് അതിർത്തിയിലെ വഴികൾ പാക്കിസ്ഥാൻ അടച്ചു. പാക്കിസ്ഥാൻ വീണ്ടും അഫ്ഗാൻ പ്രദേശത്തു കടന്നുകയറുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പാണ് താലിബാൻ നൽകിയിരിക്കുന്നത്. പാക്കിസ്ഥാനെതിരെ പോരാടുന്ന തെഹ്‌രീക്ക് ഇ താലിബാനെ അഫ്ഗാൻ സർക്കാർ സഹായിക്കുന്നു എന്നു പാക്ക് സർക്കാർ ആരോപിക്കുന്നു. ഇത് തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ മുന്നറിയിപ്പും നൽകിയിരുന്നു. തുടർന്നാണ്, അതിർത്തിയിൽ സംഘർഷം ആരംഭിച്ചത്. അതേസമയം, പാക്കിസ്ഥാനെതിരെ പ്രകോപനത്തിന് മുതിരുന്നവർക്ക് ഉചിതമായ തിരിച്ചടി നൽകുമെന്നു പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു.  
  
 -  Also Read  പാക്കിസ്ഥാനെ വിറപ്പിച്ച് അഫ്ഗാൻ; അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തു, 58 പാക്ക് സൈനികർ കൊല്ലപ്പെട്ടു   
 
    
 
തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണു താലിബാൻ സേന പാക്ക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചത്. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടന്നു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യാഴാഴ്ച രണ്ട് സ്ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് മറ്റൊരു സ്ഫോടനവും നടന്നിരുന്നു. പാക്ക്–അഫ്ഗാൻ അതിർത്തി പ്രദേശത്തെ ചന്തയിലും സ്ഫോടനമുണ്ടായി. ഈ ആക്രമണങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനാണെന്നാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പറയുന്നത്. പാക്കിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചതായും ആരോപിച്ചു. English Summary:  
Heavy Casualties Reported in Pak-Afghan Border Clash : Pakistan claims to have neutralized militant hideouts, while the Taliban accuses Pakistan of airstrikes and violating sovereignty.. |   
                
                                                    
                                                                
        
 
    
                                     
 
 
 |