തലശ്ശേരി ∙ അറുപതുകളിലും എഴുപതുകളിലും നിർണായകമായ പല രാഷ്ട്രീയ തീരുമാനങ്ങൾക്കും വേദിയായ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ കേയീസ് ബംഗ്ലാവ് വിസ്മൃതിയിലേക്ക്. മുസ്‍ലിം ലീഗ് രാഷ്ട്രീയത്തിലെ അതികായനായ സി.കെ.പി.ചെറിയ മമ്മുക്കേയിയുടെ ഭാര്യാഗൃഹമായ കേയീസ് ബംഗ്ലാവ് വിവിധ പാർട്ടികളിലെ തലയെടുപ്പുള്ള നേതാക്കളുടെ സംഗമസ്ഥാനമായിരുന്നു. വീടിന് അനന്തരാവകാശികളായി ഉണ്ടായിരുന്ന 21 പേരും പലയിടങ്ങളിൽ താമസമായതോടെ വീട് കടവത്തൂരിലെ വ്യവസായി പൊട്ടങ്കണ്ടി അബ്ദുല്ല ഉൾപ്പെടെയുള്ളവർക്ക് വിൽപന നടത്തിയിരുന്നു. ഇവർ വീട് പൊളിച്ചു തുടങ്ങി.
85 വർഷം മുൻപ്, ചെറിയ മമ്മുക്കേയിയുടെ ഭാര്യാപിതാവായ ഖാൻ ബഹാദൂർ വലിയ മമ്മുക്കേയി പണി കഴിപ്പിച്ചതാണ് വീട്. ഇദ്ദേഹത്തിന്റെ മകൾ ഉമ്മിയാണ് ചെറിയ മമ്മുക്കേയിയുടെ ഭാര്യ. 1967ൽ മുസ്‍ലിം ലീഗിന്റെ ആദ്യ മന്ത്രിസഭാപ്രവേശം ഉൾപ്പെടെ നിർണായക തീരുമാനങ്ങൾക്ക് ഈ വീടിന്റെ അകത്തളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1971ലെ കലാപകാലത്ത് കേരള മന്ത്രിസഭയിലെ അംഗങ്ങളടക്കമുള്ളവർ ഈ വീട്ടിലിരുന്നാണ് സമാധാനപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. ബാഫഖി തങ്ങൾ, സത്താർ സേട്ട്, സി.എച്ച്.മുഹമ്മദ് കോയ, സി.അച്യുതമേനോൻ, ഇഎംഎസ്, എകെജി, കെ.ജി.മാരാർ, ബേബി ജോൺ, എൻ.ഇ.ബാലറാം, എ.കെ.ആന്റണി, അരങ്ങിൽ ശ്രീധരൻ, കെ.ചന്ദ്രശേഖരൻ തുടങ്ങിയവർ ഉൾപ്പെടെ വിവിധ കാലയളവിൽ കേയീസ് ബംഗ്ലാവിലെത്തിയിട്ടുണ്ട്.
മലബാർ ജില്ലാ മുസ്‍ലിം ലീഗിന്റെ ആദ്യ പ്രസിഡന്റായിരുന്ന സത്താർ സേട്ടും ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും കണ്ണൂർ ഭാഗത്തേക്ക് വന്നാൽ ഇവിടെ വരുമായിരുന്നെന്ന് ചെറിയ മമ്മുക്കേയിയുടെ മകനും വഖഫ് ബോർഡ് അംഗവുമായ പി.വി.സൈനുദ്ദീൻ പറഞ്ഞു. ഫുട്ബോളിലും ഹോക്കിയിലും മികവ് തെളിയിച്ച കുട്ടികൾ ഈ വീട്ടിലുണ്ടായിരുന്നു. തലശ്ശേരി മൈതാനത്ത് കളി കഴിഞ്ഞാൽ തങ്ങളുടെ കൂട്ടുകാരെയും വീട്ടിലേക്ക് ക്ഷണിക്കും. അവരെല്ലാം വിവിധ മേഖലകളിൽ എത്തിയെങ്കിലും ഈയടുത്ത് വരെ അവർ ഈ വീടിന്റെ വരാന്തയിൽ ഒത്തു കൂടാറുണ്ടായിരുന്നെന്ന് കുടുംബാംഗമായ കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ ജോ.സെക്രട്ടറി പി.വി.സിറാജുദ്ദീൻ പറഞ്ഞു.പഴയ ബസ് സ്റ്റാൻഡിൽനിന്ന് കായ്യത്ത് റോഡിലേക്ക് തിരിയുന്നിടത്ത്, 70 സെന്റ് സ്ഥലത്താണ് കേയീസ് ബംഗ്ലാവ്. English Summary:
Keyees Bungalow was a landmark building in Thalassery and a pivotal center for Kerala politics in the 1960s and 70s. The historic bungalow, once owned by CKP Cheriya Mammukkeyi, is now being demolished, marking the end of an era. |