ന്യൂഡൽഹി ∙ ബിഹാറിൽ വോട്ടർമാർക്കു തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുടെ പെരുമഴ. പക്ഷേ, പലതും കോപ്പിയടിയെന്ന് ആരോപണം.ഔദ്യോഗിക പ്രകടന പത്രിക ഇറക്കും മുൻപ്, ആർജെഡി നേതാവ് തേജസ്വി യാദവ് നടത്തിയ പ്രഖ്യാപനങ്ങളുടെ ചുവടുപറ്റിയാണ് ജെഡിയു–ബിജെപി സർക്കാർ അടുത്തിടെ നടത്തിയ പ്രഖ്യാപനങ്ങളെന്നാണ് ഇന്ത്യാസഖ്യത്തിന്റെ ആരോപണം. സർക്കാർ തുടർച്ച ഉണ്ടായാൽ ഇതിലും മികച്ച പദ്ധതികൾ നടപ്പാക്കുമെന്ന വാഗ്ദാനം കൂടിയാകുന്നതോടെ പദ്ധതികൾക്കു വൻ സ്വീകാര്യത ലഭിക്കുന്നു.
- Also Read അഫ്ഗാനിസ്ഥാനെ കൂടെനിർത്തേണ്ടത് ഇന്ത്യയുടെ ആവശ്യം; ഇന്ത്യൻ പിന്തുണ അഫ്ഗാനും അനിവാര്യം
വനിതകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 2500 രൂപയും കുടുംബത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതിയുമായിരുന്നു തേജസ്വി യാദവിന്റെ ആദ്യ വമ്പൻ പ്രഖ്യാപനം. ഇതിന്റെ തുടർച്ചയായി 75 ലക്ഷം വനിതകൾക്ക് 10,000 രൂപ നേരിട്ട് നൽകുന്ന പദ്ധതി ജെഡിയു സർക്കാർ പ്രഖ്യാപിച്ചു. 2 ലക്ഷംരൂപ വരെ സംരംഭങ്ങൾക്കു ലഭിക്കുമെന്നും വ്യക്തമാക്കി. 1.89 കോടി കുടുംബങ്ങൾക്ക് 125 യൂണിറ്റ് സൗജന്യ വൈദ്യുതിയും പ്രഖ്യാപിച്ചു.
ഔദ്യോഗിക പ്രകടന പത്രികയിറക്കും മുൻപ് തേജസ്വി നടത്തിയ തൊഴിൽ വാഗ്ദാനത്തെ സർക്കാർ അതിനേക്കാൾ മികച്ച പ്രഖ്യാപനത്തിലൂടെ നേരിട്ടതോടെ ആർജെഡി വെട്ടിലായി. ഇതു മറികടക്കാനാണ് അധികാരത്തിലെത്തിയാൽ 20 ദിവസത്തിനുള്ളിൽ ബിഹാറിലെ ഓരോ കുടുംബത്തിലും ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനം.
ഇതിന്റെ പ്രായോഗികത ചോദ്യം ചെയ്യുന്ന ജെഡിയുവും ബിജെപിയും പദ്ധതി എങ്ങനെ നടപ്പാക്കുമെന്നു വിശദീകരിക്കാനാണ് ആർജെഡിയോട് ആവശ്യപ്പെടുന്നത്. തങ്ങളുടെ എല്ലാ പദ്ധതികളും കോപ്പിയടിച്ച ജെഡിയുവിനെ വിശ്വാസമില്ലെന്നും വ്യക്തമായ ആസൂത്രണത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും ആർജെഡി തിരിച്ചടിക്കുന്നു. English Summary:
Bihar Election: The Plagiarism Row Over Ambitious Promises |