2025ലെ സമാധാനത്തിനായുള്ള നൊബേൽ പുരസ്കാര പ്രഖ്യാപനമാണ് ഇന്ന് ലോകമാകെ ഉറ്റുനോക്കിയിരുന്നത്. സമാധാന നൊബേലിനായി ഏറെ വാദഗതികൾ ഉയർത്തിയിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പുരസ്കാര പ്രഖ്യാപനം ഏറെ നിരാശയാണ് സമ്മാനിച്ചത്. തുടർന്ന് നൊബേൽ കമ്മിറ്റിയെ വിമർശിച്ച് വൈറ്റ്ഹൗസ് രംഗത്തെത്തിയതും വാർത്താ പ്രാധാന്യം നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ചയും മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന ഹൈക്കോടതിയുടെ നിരീക്ഷണവും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതും എം.ആർ അജിത് കുമാറിന് ബവ്കോ ചെയർമാന്‍ സ്ഥാനം നൽകിയതും പ്രധാന വാർത്തകളായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.   
 
2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം.  
 
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൊബേൽ സമ്മാനം നൽകാത്തതിൽ വിമർശനവുമായി വൈറ്റ്ഹൗസ്. നൊബേൽ കമ്മിറ്റി സമാധാനത്തേക്കാൾ രാഷ്ട്രീയത്തെ പരിഗണിച്ചതായി വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. യുദ്ധങ്ങൾ അവസാനിപ്പിക്കാനും ജീവനുകൾ രക്ഷിക്കാനും ഡോണൾഡ് ട്രംപ് സമാധാന കരാറുകളുമായി മുന്നോട്ടുപോകും.  
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ, മുണ്ടക്കൈ–ചൂരൽമല പുനരധിവാസം, ദേശീയപാത വികസനം, എയിംസ് അനുവദിക്കൽ, കടമെടുപ്പ് പരിധി നിയന്ത്രണം ലഘൂകരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടലിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി കൂടിക്കാഴ്ചക്കു പിന്നാലെ പറഞ്ഞു.  
 
മുനമ്പം ഭൂമി പ്രശ്നത്തിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. മുനമ്പം വിഷയത്തിൽ ശുപാർശകൾ സമർപ്പിക്കാനായി റിട്ട.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കി.  
 
ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി. 2019ൽ സ്വർണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വർണമാണ് കാണാതായിട്ടുള്ളതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമല സ്വർണക്കൊള്ളയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനും ഹൈക്കോടതി നിർദേശം നൽകി.  
 
എക്‌സൈസ് കമ്മിഷണര്‍ എം.ആര്‍.അജിത് കുമാറിനു ബവ്‌റിജസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും നല്‍കി സര്‍ക്കാര്‍. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബവ്‌കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചിരുന്നത്. English Summary:  
Today\“s Recap: 10-10-2025 |   
                
                                                    
                                                                
        
 
    
                                     
 
 
 |