ആറു പതിറ്റാണ്ടു മുൻപാണ്. മുംബൈ പോർട്ടിൽ യാത്ര പുറപ്പെടാൻ കിടന്ന കൂറ്റൻ ചരക്കുകപ്പലിൽ അടുക്കളയിൽ ഒരാൾ ജോലിക്കു കയറി. കുശിനിപ്പണിക്കാരന്റെ കണ്ണുകൾ എപ്പോഴും എത്തുന്ന തീരങ്ങളിലും കടലിന്റെ ഓളങ്ങളിലുമായിരുന്നു. നാലുമാസം കടലായ കടലൊക്കെ ചുറ്റി തിരിച്ചെത്തിയ ‘അടുക്കളക്കാരൻ’ ഒരു പുസ്തകമെഴുതി. എഴുത്തുകാരന്റെ പേരിന് മൂന്നക്ഷരം: ടിജെഎസ്.  
 
    കടലനുഭവമെഴുതാൻ കപ്പലേറുംമുൻപ് കരയുടെ കരളറിഞ്ഞിരുന്നു ടിജെഎസ്.   
  
 -  Also Read  ധാർമിക പരീക്ഷണത്തെ അതിജീവിച്ച പത്രാധിപർ; വ്യക്തിത്വത്തെ വിലമതിച്ച മനുഷ്യൻ   
 
    
 
പഠനം കഴിഞ്ഞു മുംബൈയിലെത്തി എയർഫോഴ്സ് മുതൽ കണ്ണിൽക്കണ്ട പത്രങ്ങളിലേക്കുവരെ അപേക്ഷ അയച്ചു. എയർഫോഴ്സിൽ ജോലി കിട്ടാഞ്ഞതും ഫ്രീപ്രസ് ജേണലിൽ ജോലി കിട്ടിയതും ഇന്നു കാണുന്ന ടിജെഎസിനെ രൂപപ്പെടുത്തി. ഫ്രീപ്രസ് ജേണലിൽ എം.ശിവറാം, എം.വി.കാമത്ത് അടക്കം തലയെടുപ്പുള്ള പത്രപ്രവർത്തകർ സഹപ്രവർത്തകരായി. ഒരറ്റത്ത് നിശ്ശബ്ദനായി, തലകുനിച്ചിരുന്ന് കാർട്ടൂൺ വരച്ചിരുന്ന ഒരാളുടെ ചുണ്ടിൽ എപ്പോഴും എരിയുന്ന പൈപ്പ് ഉണ്ടായിരുന്നു. പിന്നീട് ശിവസേനയുടെ മേധാവിയായ സാക്ഷാൽ ബാൽ താക്കറെ.  
 
ഫ്രീപ്രസിലെ ജോലി മടുത്തപ്പോൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു പുറത്തിറങ്ങി. ഇന്ത്യ മുഴുവൻ അലഞ്ഞുനടന്നു. ഫുട്പാത്തിൽവരെ കിടന്നുറങ്ങി. കര മടുത്തപ്പോഴായിരുന്നു കടൽസഞ്ചാരം. ആ പുസ്തകത്തിലെ വരകൾ കൈകാര്യം ചെയ്തതും ബാൽ താക്കറെ!  
 
പിന്നീട്, ഹിന്ദുസ്ഥാൻ ടൈംസ് ബിഹാറിലെ ‘ദ് സേർച് ലൈറ്റ്’ എന്ന പത്രം ഏറ്റെടുത്തപ്പോൾ അതിന്റെ പത്രാധിപരായി. ചീഫ് എഡിറ്റർമാരും റിപ്പോർട്ടേഴ്‌സും മുഖ്യമന്ത്രി കെ.ബി.സഹായിയെക്കണ്ട് തൊഴുത് അനുഗ്രഹം വാങ്ങണം പോലും. ടിജെഎസിലെ നിർഭയ പത്രാധിപർ അത് ആദ്യമേ തെറ്റിച്ചു. വിദ്യാർഥിസമരം അടിച്ചമർത്തിയതിന്റെ വാർത്തകളിലൂടെ, ‘അക്രമം കാട്ടുന്ന മുഖ്യമന്ത്രി’യെന്നു വിശേഷിപ്പിച്ച് സഹായിയെ ടിജെഎസ് വിറപ്പിച്ചു. പ്രതികാരം അദ്ദേഹത്തെ ജയിലിലെത്തിച്ചു. ജയിലിൽ കിടന്നും എഴുതിക്കൂട്ടി. ‘ ബിഹാർകലാപം’ എന്ന പുസ്തകവും ടിജെഎസും ഒരുമിച്ചു പുറത്തിറങ്ങി.  
  
 -  Also Read  വിമർശനത്തിന്റെ വെളിച്ചം തെളിച്ച പത്രാധിപർ; ടിജെഎസ് ഇനി ഓർമകളുടെ ‘ഘോഷയാത്ര’യിൽ   
 
    
 
പിന്നെ വിദേശമായി തട്ടകം. സിംഗപ്പൂരിലും ഫിലിപ്പീൻസിലും ന്യൂയോർക്കിലുമൊക്കെ നീണ്ട പത്രപ്രവർത്തനകാലം അദ്ദേഹത്തെ രാജ്യാന്തരതലത്തിലേക്ക് ഉയർത്തി. ഫാർ ഈസ്റ്റ് ട്രേഡ് പ്രസിന്റെ മാസികകളിൽ ഒന്നായിരുന്ന ‘ഏഷ്യൻ ഇൻഡസ്ട്രി’ക്കുവേണ്ടി ഓസ്ട്രേലിയയിലെ ഖനികളിലെയും സിംഗപ്പൂരിലെ തുറമുഖങ്ങളിലെയും അറിയാക്കഥകൾ എക്സ്ക്ലൂസീവ് വാർത്തകൾ ശേഖരിച്ചു മുന്നേറി. പിന്നെ ഫാർ ഈസ്റ്റേൺ റിവ്യൂവിൽ രാഷ്ട്രീയ ലേഖകനായി. ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ഷണമനുസരിച്ച് അമേരിക്കയിലെ പെൻസിൽവേനിയയിലും സ്വിറ്റ്‌സർലൻഡ് സൂറിക്കിലും ഐക്യരാഷ്ട്രസംഘടനയുടെ പി-ഫൈവ് പ്രഫഷൻസ് പദ്ധതിയുടെ സ്പെഷലിസ്റ്റ് റൈറ്റർ എന്ന നിലയിൽ ന്യൂയോർക്കിലും ചെലവഴിച്ചു. അക്കാലത്താണു വിയറ്റ്നാമിനെക്കുറിച്ച് ‘ഹോ ചി മിന്റെ നാട്ടിൽ’ എന്ന പുസ്തകമെഴുതുന്നത്. ഈജിപ്ഷ്യൻ സർക്കാരിന്റെ അതിഥിയായി ജോർജ് കയ്‌റോയിലുമെത്തി.  
 
ഒട്ടേറെ രാഷ്ട്രത്തലവന്മാരുമായി അടുത്തബന്ധം പുലർത്തിയിരുന്നു. ഫിലിപ്പീൻസിലെ ഫെർഡിനന്റ് മാർക്കോസ്, മലേഷ്യയിലെ ഡോ. മഹാതിർ മുഹമ്മദ്, ഇന്തൊനീഷ്യയിലെ റാഡെൻ സുഹാർത്തോ... ഒടുവിൽ, കുടുംബത്തോടൊപ്പം ചേരാൻ എല്ലാം ഉപേക്ഷിച്ചു ബെംഗളൂരുവിൽ മടങ്ങിയെത്തി. രാംനാഥ് ഗോയങ്കെയുമായുള്ള അടുപ്പവും ആദരവും മൂലം ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ എഡിറ്റോറിയൽ അഡ്വൈസറായി. ‘പോയിന്റ് ഓഫ് വ്യൂ’എന്ന പ്രതിവാരപംക്തി മുടങ്ങാതെയെഴുതിയത് കാൽനൂറ്റാണ്ടിലേറെക്കാലം.  
  
 -  Also Read  മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് അന്തരിച്ചു   
 
    
 
ബിഹാറിലെ ജയിൽവാസകാലത്ത് ഭാര്യ അമ്മുവിന് ടിജെഎസ് എഴുതിയ കത്ത്, മകനും ഇംഗ്ലിഷ് എഴുത്തുകാരനുമായ ജീത് തയ്യിലിന്റെ കയ്യിലുണ്ട്. അതിലെ വാക്കുകളിലുണ്ട് ടിജെഎസ് എന്ന ധീരന്റെ പൂർണരൂപം.  
 
‘ഈ കത്തെഴുതുന്ന പേജിന്റെ തലപ്പത്ത് ജയിലിന്റെ പേരുണ്ടല്ലോ. നമുക്ക് ഓർമിച്ചുവയ്ക്കാവുന്ന ഒരുഗ്രൻ രേഖയാകുമിത്. എന്നെ വീണ്ടും പട്നയിലെ ജയിലിലേക്കു കൊണ്ടുപോകുകയാണെന്ന് പത്രങ്ങളിൽ വായിച്ചു. കഷ്ടമായിപ്പോയി. മലമുകളിലുള്ള ഈ ജയിൽ എനിക്കെന്തിഷ്ടമാണെന്നോ. ഇവിടെ പൂന്തോട്ടമുണ്ട്. ഞങ്ങൾക്കു പ്രത്യേകം മുറികളും അത്യാവശ്യം ഫർണിച്ചറുമുണ്ട്. കുറച്ചുനാൾകൂടി തടവുനീട്ടിയാൽ എനിക്കൊരു പുസ്തകമെഴുതാൻപോലും കഴിഞ്ഞേക്കും.\“ 1965 ഓഗസ്റ്റ് 14 എന്നു തീയതി കുറിച്ച ആ കത്തെഴുതുമ്പോൾ ടിജെഎസിന്റെ പ്രായം വെറും 37. English Summary:  
Early Life and Career Beginnings of TJS George: TJS, an eminent Indian journalist, led a multifaceted life filled with journalistic adventures and literary pursuits. His career spanned across continents, marked by his fearless journalism and insightful writings on socio-political issues. TJS\“s legacy continues to inspire generations of journalists and writers. |   
                
                                                    
                                                                
        
 
    
                                     
 
 
 |