അരൂർ∙ തുറവൂർ– അരൂർ ഉയരപ്പാതയിൽ 1–ാം റീച്ചിൽ അവസാനത്തെ ഗർഡർ സ്ഥാപിക്കുന്ന പണികൾ ആരംഭിച്ചു.ചന്തിരൂർ സ്കൂളിനു മുൻഭാഗം മുതൽ അരൂർ പള്ളി കവല വരെയാണ് 5–ാം റീച്ചിന്റെ ഭാഗമായി ഇനിയും ഗർഡറുകൾ സ്ഥാപിക്കാൻ ശേഷിക്കുന്നത്. അരൂർ എആർ റസിഡൻസി ഹോട്ടലിനു മുന്നിലും അരൂർപള്ളി ജംക്‌ഷനിലും ഒറ്റത്തൂണുകളിൽ ഗർഡറുകൾ സ്ഥാപിക്കാനുണ്ട്.ഈ ഭാഗങ്ങളിൽ പാതയ്ക്കു കുറുകെ 110 കെവി വൈദ്യുത ലൈൻ കടന്നു പോകുന്നതാണ് തടസ്സം. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ഇനി ഗർഡറുകൾ സ്ഥാപിക്കാനുള്ള ചന്തിരൂർ ഗവ. സ്കൂളിന്റെ സമീപമുള്ള ഭാഗം.
ഇതിൽ പള്ളിക്കവലയിൽ വൈദ്യുതി ലൈൻ ഉയർത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്.12.75 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 75 ശതമാനത്തിലേറെ നിർമാണവും പൂർത്തിയായി.ഇനി 5 മാസം മാത്രമാണ് കരാർ കാലാവധിയിൽ ബാക്കി. 9.65 കിലോമീറ്റർ ദൂരം ഒറ്റത്തൂണിനു മുകളിൽ ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു. ചന്തിരൂർ, കുത്തിയതോട് , അരൂർ എന്നിവിടങ്ങളിൽ റാംപ് നിർമാണവും പുരോഗമിക്കുകയാണ്.
എരമല്ലൂർ മോഹം ആശുപത്രിക്കു സമീപം ടോൾ പ്ലാസയുടെ നിർമാണവും നടക്കുന്നു. 354 തൂണുകൾക്കു മുകളിൽ 24.5 മീറ്റർ വീതിയിലാണ് രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത പൂർത്തിയാകുന്നത്. ഓരോ തൂണുകൾക്കിടയിലും 7 കോൺക്രീറ്റ് ഗർഡറുകളാണുള്ളത്.എന്നാൽ ടോൾ പ്ലാസ നിർമിക്കുന്ന എരമല്ലൂർ കവലയ്ക്കു തെക്കു ഭാഗത്ത് 12 ഗർഡറുകൾ സ്ഥാപിച്ചിട്ടുണ്ട്.കുത്തിയതോട്, ചന്തിരൂർ പാലങ്ങൾക്കു മുകളിൽ സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ചു.
ഇടവിട്ടുള്ള മഴയും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണമില്ലായ്മയും കാന നിർമാണത്തെ ബാധിച്ചിട്ടുണ്ട്. എങ്കിലും സമയബന്ധിതമായി ഉയരപ്പാത നിർമാണം പൂർത്തിയാക്കാനുള്ള കഠിന പരിശ്രമത്തിലാണ് കരാർ കമ്പനിയും അധികാരികളും . English Summary:
Aroor Thuravoor Elevated Highway construction is nearing completion with significant progress made. The project is facing some delays due to weather and local cooperation, but authorities are striving to finish it on time. |