തിരുവനന്തപുരം ∙ ശബരിമല ശ്രീകോവിലിലെ സ്വർണം പൂശിയ കട്ടിളയും ചെമ്പ് എന്നു രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറി. ദ്വാരപാലകശിൽപങ്ങളിലെ സ്വർണപ്പാളിക്കു മുൻപ് പോറ്റിയുടെ കയ്യിലെത്തിയത് കട്ടിളയിലെ സ്വർണമായിരുന്നു. ഇതുസംബന്ധിച്ച് 2019 മേയ് 18ന് തയാറാക്കിയ മഹസർ മനോരമയ്ക്കു ലഭിച്ചു.  
  
 -  Also Read  ‘ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇമെയിൽ കിട്ടിയിരുന്നു’: സമ്മതിച്ച് ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു   
 
    
 
അന്നത്തെ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു, എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാർ എന്നിവർ തയാറാക്കിയ മഹസറിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ ബി.മുരാരി ബാബു അടക്കം 8 ഉദ്യോഗസ്ഥർ ഒപ്പുവച്ചിട്ടുണ്ട്.  
 
ശ്രീകോവിലിലെ കട്ടിളയിൽ പൊതിഞ്ഞിരിക്കുന്ന ‘ചെമ്പു’പാളികളിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചെലവിൽ സ്വർണം പൂശുന്നതിനും കട്ടിളയിൽ പൊതിഞ്ഞിരിക്കുന്ന പാളികൾ ഇളക്കി ഉണ്ണിക്കൃഷ്്ണൻ പോറ്റിയെ ഏൽപിക്കുന്നതിനും 20.3.19 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു മഹസർ തയാറാക്കിയത്.  
 
തിരുവാഭരണം കമ്മിഷണർ, ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ശബരിമല ക്ഷേത്രം തന്ത്രി, അസിസ്റ്റന്റ് എൻജിനീയർ, ദേവസ്വം സ്മിത്ത് എന്നിവരുടെ സാന്നിധ്യത്തിലാണു ശ്രീകോവിലിന്റെ വാതിലിലെ കട്ടിളയിൽ പൊതിഞ്ഞിരുന്ന പാളികൾ ഇളക്കിയെടുത്ത് എണ്ണവും തൂക്കവും തിട്ടപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏൽപിച്ചത്. തന്ത്രി, മേൽശാന്തി എന്നിവരുടെ സാന്നിധ്യത്തിൽ 8 ഉദ്യോഗസ്ഥരാണ് മഹസറിൽ ഒപ്പുവച്ചിരിക്കുന്നത്.  
 
മഹസറിൽ പറയുന്നത്: 
  
 ‘ഉരുപ്പടികൾ ക്ലീൻ ചെയ്യുന്നതിന് മുൻപുള്ള തൂക്കം’ എന്ന ശീർഷകത്തിൽ മഹസറിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘കട്ടിളപ്പടിയുടെ ഇരുവശങ്ങളിലായുള്ള 4 ചെമ്പുപാളികളും പടിയുടെ മുകളിലത്തെ ഉൾവശത്തെ ഒരു ചെമ്പുപാളിയും കട്ടിളയുടെ മുകളിലായുള്ള ‘ശിവരൂപവും’ ആയതിന്റെ പ്രഭയും വ്യാളീരൂപവും ഉൾപ്പെട്ട തകിടും ഉൾപ്പെടെ 7 ഭാഗങ്ങളുടെ തൂക്കം ആകെ 42 കിലോ 100 ഗ്രാം. ടി വകകൾ സ്വർണം പൂശുന്നതിലേക്ക് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏൽപിച്ചിരിക്കുന്നു.’ English Summary:  
Sabarimala Sreekovil Gold Doorframe Recorded as Copper: Mahazar Reveals Details  |