കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ അനർഹർക്കു വീടു നൽകാൻ റവന്യു ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ വിജിലൻസിന്റെ ത്വരിത പരിശോധന തുടങ്ങി. വയനാട് യൂണിറ്റിനാണ് അന്വേഷണച്ചുമതല. കഴിഞ്ഞ ദിവസം പരാതിക്കാരെ വയനാട് വിജിലൻസ് ഡിവൈഎസ്പി ഓഫിസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ ഡയറക്ടറേറ്റിലേക്കു റിപ്പോർട്ട് നൽകിയ ശേഷം പ്രതികൾക്കെതിരെ എഫ്ഐആർ ഇട്ട് അന്വേഷണം ആരംഭിക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.   
  
 -  Also Read  ‘ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇമെയിൽ കിട്ടിയിരുന്നു’: സമ്മതിച്ച് ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു   
 
    
 
ദുരന്ത ബാധിതരല്ലാത്തവരെയും സ്വന്തമായി വീടുള്ള മറുനാട്ടുകാർ ഉൾപ്പെടെയുള്ളവരെയും ടൗൺഷിപ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ റവന്യു ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നാണു വയനാട് വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിനു ലഭിച്ച പരാതി. പ്രാഥമിക വിവരശേഖരണം നടത്തിയശേഷം വിശദമായ അന്വേഷണത്തിനായി വിജിലൻസ് ഡയറക്ടറുടെ അനുമതി തേടുകയും ചെയ്തു. തുടർന്നു കഴിഞ്ഞ ദിവസമാണു പരാതിയിൽ ത്വരിത പരിശോധനയ്ക്ക് ഉത്തരവിറങ്ങിയത്.   
 
ഒരു വീട്ടിൽ കുടുംബസമേതം താമസിച്ചിരുന്ന പലരും പിന്നീടുണ്ടാക്കിയ രേഖകളുടെ സഹായത്തോടെ ടൗൺഷിപ്പിൽ ഒന്നിലധികം വീടുകൾക്ക് അർഹത നേടിയതായി ആരോപണമുയർന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പട്ടികയിൽ മാത്രം 12 അനർഹരുണ്ടെന്നും 88 ദുരന്തബാധിത കുടുംബങ്ങൾ ടൗൺഷിപ് പദ്ധതിക്കു പുറത്താണെന്നും ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. ഡയറക്ടറേറ്റിൽ നിന്നുള്ള ഉത്തരവ് വയനാട് യൂണിറ്റിനു കൈമാറിയതായും എത്രയും വേഗം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണു നിർദേശമെന്നും കോഴിക്കോട് റേഞ്ച് വിജിലൻസ് എസ്പി പി.എം.പ്രദീപ് പറഞ്ഞു. English Summary:  
Wayanad Housing Scam: Vigilance Probes Bribe Allegations in Disaster Township |