തൈക്കാട്ടുശേരി ∙ കുറുകെ വിള്ളൽ വീണ ഫോൺ സ്ക്രീനിൽ സമ്മാനാർഹമായ ഓണം ബംപർ ലോട്ടറിയുടെ ഫോട്ടോ കാണിക്കുമ്പോൾ തൈക്കാട്ടുശേരി മണിയാതൃക്കൽ നെടുംചിറയിൽ ശരത് എസ്.നായരുടെ (38) മുഖത്ത് അതിരുവിട്ട സന്തോഷമോ ആവേശമോ ഇല്ല. ആദ്യമായെടുത്ത ബംപർ ലോട്ടറി തന്നെ കോടീശ്വരനാക്കിയെന്നു ശരത്തിനു പൂർണവിശ്വാസം വരാത്തപോലെ. ഒരിക്കലും പ്രതീക്ഷിച്ചില്ല– ശരത് പറഞ്ഞു. നിറഞ്ഞ ചിരിയോടെ സഹോദരൻ രഞ്ജിത്ത് എസ്.നായർ ഒപ്പം.
- Also Read ആഗ്നേയന്റെ ഐശ്വര്യം, വീട് നിർമിച്ചതിന്റെ ബാധ്യത ഉൾപ്പെടെ തീർക്കണം; ആ രഹസ്യം സൂക്ഷിച്ചത് 4 പേർ
മൂന്നരക്കോടിയോളം മലയാളികൾ 25 കോടി രൂപയുടെ ഭാഗ്യശാലിയെ കാത്തിരുന്നപ്പോൾ, കാണാമറയത്ത് എല്ലാം കണ്ടും അറിഞ്ഞുമിരിക്കുകയായിരുന്നു ശരത്തും കുടുംബവും. ഫലം വന്ന 4ന് തന്നെ തന്റെ ടിക്കറ്റിനാണു സമ്മാനമെന്നു ശരത് മനസ്സിലാക്കി. ഭാര്യ അപർണയെ വിളിച്ചു ലോട്ടറിയുടെ ഫോട്ടോ വാങ്ങി നമ്പർ ഉറപ്പിച്ചു. പിന്നെ സഹോദരൻ രഞ്ജിത്തിനെ വിളിച്ചു വിവരം പറഞ്ഞു. തമാശയാണെന്നാണു രഞ്ജിത് കരുതിയത്.
“ഉച്ചയ്ക്കു രണ്ടു മണിക്ക് വിളിച്ചു ബംപറടിച്ചെന്നു സംശയമുണ്ടെന്നാണ് ആദ്യം പറഞ്ഞത്. ശരിക്കു നോക്കാനാണു ഞാൻ പറഞ്ഞത്. മൂന്നു മണിയോടെ ശരത് വീണ്ടും വിളിച്ചു. ‘ശരിക്കും അടിച്ചെടാ...’ എന്നു പറഞ്ഞു. എങ്കിലും ബാങ്കിൽ ടിക്കറ്റ് കാണിച്ച് ഉറപ്പിച്ച ശേഷമാണു ബന്ധുക്കളോടു പോലും ഇക്കാര്യം പറഞ്ഞത്’’– രഞ്ജിത് പറഞ്ഞു. 25 കോടിയുടെ ടിക്കറ്റ് രണ്ടു ദിവസം വീട്ടിൽ വച്ചപ്പോൾ ചെറിയ പേടിയുണ്ടായിരുന്നു. വിവരം മറ്റാരും അറിഞ്ഞിട്ടില്ലല്ലോ എന്നതായിരുന്നു സമാധാനം– ശരത് പറഞ്ഞു.
നികുതിയും ഏജന്റിന്റെ കമ്മിഷനും കഴിഞ്ഞ ശേഷം 13 കോടിയോളം രൂപയാണു ശരത്തിനു ലഭിക്കുക. ഇത് ഒരു മാസത്തിനകം അക്കൗണ്ടിൽ എത്തുമെന്നു ബാങ്ക് അധികൃതർ ശരത്തിനെ അറിയിച്ചു. മണിയാതൃക്കൽ കവലയ്ക്കു പടിഞ്ഞാറാണു ശരത്തിന്റെ വീട്. ഭാര്യ അപർണ ചേർത്തല കളവംകോടം സ്വദേശിനി. 8 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്കു മകൻ ആഗ്നേയ് ജനിച്ചത്. English Summary:
Onam Bumper: Onam Bumper Lottery winner Sarath S. Nair couldn\“t believe his luck when his first-ever bumper ticket won him 25 crores. He plans to use the money wisely after receiving it in his account within a month, after tax deductions. |