പശ്ചിമേഷ്യയിലെ അസ്വസ്ഥതകളുടെ കേന്ദ്രം പലസ്തീൻ–ഇസ്രയേൽ പ്രശ്നമാണെന്ന് ലോകത്തെ ഓർമിപ്പിക്കുന്നു ഒക്ടോബർ 7. രണ്ടുവർഷം പിന്നിടുന്ന ഗാസയിലെ യുദ്ധം ലബനൻ, സിറിയ, യെമൻ, ഇറാൻ എന്നീ രാജ്യങ്ങളിലേക്കും പടർന്നു. കടുത്ത രാജ്യാന്തര പ്രതിഷേധം ഉണ്ടായിട്ടും ഇസ്രയേൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ സമാധാനപദ്ധതിക്കു കഴിഞ്ഞേക്കാം.
- Also Read ‘മരണത്തെക്കാൾ ഭയാനകം ഗാസയിലെ ജീവിതം’: ഗാസയിലെ കുഞ്ഞുങ്ങളുടെ പ്രതീകങ്ങളായി ഹുദയ്, ഹംസ
ഗാസയിലെ യുദ്ധത്തിന് ഇന്നു രണ്ടുവർഷം. പശ്ചിമേഷ്യയാകെ പിടിച്ചുകുലുക്കുന്ന നിലയിലേക്കു വളർന്ന ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിലെ ഏറ്റവും നിർണായകമായ ഘട്ടമാണിത്. 2023 ഒക്ടോബർ 7നു ഹമാസ് നടത്തിയ മിന്നലാക്രമണം ഇസ്രയേൽ നേരിട്ട ഏറ്റവും വലിയ സുരക്ഷാവീഴ്ചയായിരുന്നു. ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. അമേരിക്കയ്ക്ക് 9/11 ഭീകരാക്രമണം ഉണ്ടാക്കിയ ഞെട്ടലിനു സമാനമായിരുന്നു ഇസ്രയേലിന് ഒക്ടോബർ 7 എന്നു പലരും വിലയിരുത്തി. തിരിച്ചടിയായി ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണമാകട്ടെ 67,000 ൽ ഏറെ പലസ്തീൻകാരുടെ കൂട്ടക്കുരുതിയിലേക്കും ഭയാനകമായ മനുഷ്യദുരന്തത്തിലേക്കുമാണ് എത്തിച്ചത്.
ഇസ്രയേൽ തുറന്ന പോർമുഖങ്ങൾ
രണ്ടുവർഷത്തിനിടെ, വിവിധ രാജ്യങ്ങളും സംഘടനകളും സമാധാനത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇടയ്ക്കു ബന്ദി മോചനത്തിനായി താൽക്കാലിക വെടിനിർത്തലുകൾ ഉണ്ടായെങ്കിലും അതും നീണ്ടുനിന്നില്ല. ഗാസയിലുള്ള 48 ബന്ദികളിൽ 20 പേർ മാത്രമേ ജീവനോടെയുള്ളുവെന്നാണ് ഇസ്രയേൽ കരുതുന്നത്. രണ്ടുവർഷത്തിനിടെ ഗാസയിലെ യുദ്ധത്തിലേക്കു കൂടുതൽ കക്ഷികൾ പങ്കുചേർന്നതോടെയാണ് അതു പശ്ചിമേഷ്യയാകെ പടർന്ന സംഘർഷമായി ആളിപ്പടർന്നത്. ഒരു ഘട്ടത്തിൽ ഇസ്രയേൽ 7 പോർമുഖങ്ങൾ തുറന്നു: പലസ്തീൻകാർക്കെതിരെ ഗാസയിൽ, അധിനിവേശ വെസ്റ്റ് ബാങ്കിൽ, ഹിസ്ബുല്ലയ്ക്കെതിരെ ലബനനിൽ, ഹൂതികൾക്കെതിരെ യെമനിൽ, സിറിയയിൽ, ഇറാഖിൽ, ഇറാനിൽ. ജൂലൈയിൽ 12 ദിവസം നീണ്ട ഇറാൻ–ഇസ്രയേൽ യുദ്ധത്തിൽ യുഎസും പങ്കുചേർന്നതോടെ സംഘർഷം ആഗോളതലത്തിലേക്ക് വ്യാപിച്ചു.
രണ്ടുചേരിയായി ലോകം
ഗാസയിലെ യുദ്ധം കഴിഞ്ഞ 2 വർഷത്തിനിടെ പലസ്തീൻ–ഇസ്രയേൽ പ്രശ്നം രാജ്യാന്തര ചർച്ചകളിലും സജീവമായി. ലോകം രണ്ടുപക്ഷമായി തിരിഞ്ഞു. ഗാസയിലെ യുദ്ധത്തിന്റെ തുടക്കത്തിൽ പാശ്ചാത്യലോകമേറെയും ഇസ്രയേലിനൊപ്പമാണു നിന്നത്. എന്നാൽ, ഗാസയിൽ സർവതും നശിപ്പിക്കപ്പെടുകയും കൊല്ലപ്പെട്ടവരുടെ എണ്ണം അനുദിനം വർധിക്കുകയും ചെയ്തതോടെ പല രാജ്യങ്ങളും നിലപാടു മാറ്റി. ഇസ്രയേലിന്റെ അടുത്ത സഖ്യകക്ഷിയായ ബ്രിട്ടനു പുറമേ ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചു രംഗത്തുവന്നു. ഒക്ടോബർ 7നു ഹമാസ് നടത്തിയ മിന്നലാക്രമണത്തെ ഇസ്രയേൽ അധിനിവേശത്തിനെതിരായ പലസ്തീൻ പ്രതിരോധം എന്ന നിലയിൽ പിന്തുണച്ചവരുണ്ട്. പലസ്തീന് അനുകൂലമെങ്കിലും അറബ്–മുസ്‌ലിം ലോകത്തെ സർക്കാരുകളേറെയും ഹമാസിന്റെ പ്രവൃത്തികളെ തള്ളുന്ന നിലപാടാണു സ്വീകരിച്ചത്.
സമാധാനത്തിനായി ഖത്തർ
അറബ് ലോകത്തെ പ്രമുഖരാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്രബന്ധം സാധാരണനിലയിലാക്കാൻ ശ്രമിച്ചുവരുന്നതിനിടെയാണു ഹമാസിന്റെ മിന്നലാക്രമണം ഉണ്ടായത്. ഇത് അറബ് ലോകത്തും പ്രതിസന്ധിയുണ്ടാക്കി. സമ്മർദം ശക്തമായിട്ടും ഏബ്രഹാം ഉടമ്പടി പ്രകാരമുള്ള ഇസ്രയേൽ ബന്ധം അവസാനിപ്പിക്കാൻ അറബ് രാജ്യങ്ങളിലാരും തയാറായില്ല. അതേസമയം, യുദ്ധം അവസാനിപ്പിക്കാനായി ഖത്തർ മുൻകയ്യെടുത്താണു മധ്യസ്ഥ ചർച്ചകളെല്ലാം നടത്തിയത്.
പലസ്തീൻ അതോറിറ്റി പരിമിത അധികാരങ്ങളോടെ ഭരണം നടത്തുന്ന അധിനിവേശ വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറുസലമിലും ഹമാസിനു സ്വാധീനമില്ലെങ്കിലും ഗാസ യുദ്ധത്തിനിടെ പ്രത്യാഘാതങ്ങൾ അവിടെയുമുണ്ടായി. ഹമാസിനെ നിരായുധീകരിക്കണമെന്നും ഗാസയുടെ ഭരണത്തിൽനിന്നും അവരെ മാറ്റിനിർത്തണമെന്നുമുള്ള ഇസ്രയേൽ–യുഎസ് പദ്ധതിയെ ഭൂരിപക്ഷം അറബ്–മുസ്‌ലിം രാജ്യങ്ങളും പലസ്തീൻ അതോറിറ്റിയും അംഗീകരിക്കുകയാണു ചെയ്തത്. ട്രംപ് മുന്നോട്ടുവച്ച സമാധാനപദ്ധതിക്കും അവർ പരസ്യപിന്തുണ നൽകി. നിലവിൽ ഹമാസിനു പിന്തുണ നൽകുന്നത് ഇറാൻ മാത്രമാണ്.
ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് യുഎസെങ്കിലും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി ജോ ബൈഡൻ ഭരണകൂടം നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. യുദ്ധം മണിക്കൂറുകൾക്കം തീർക്കുമെന്ന അവകാശവാദത്തോടെ ജനുവരിയിൽ അധികാരമേറ്റ ഡോണൾഡ് ട്രംപിനും ഒന്നും ചെയ്യാനായില്ല. ഇപ്പോൾ മുന്നോട്ടുവച്ച സമാധാനപദ്ധതി എങ്ങനെയും നടപ്പിലാക്കുക എന്നതു ട്രംപിന് അഭിമാന പ്രശ്നം കൂടിയാണ്.
അടിത്തറ ശക്തമാക്കി നെതന്യാഹു
ഇസ്രയേലിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു രാഷ്ട്രീയ അടിത്തറ ശക്തമാക്കാൻ ഗാസയിലെ യുദ്ധം കൊണ്ടു കഴിഞ്ഞു. ഒന്നിലധികം എതിരാളികളോട് ഒരേസമയം യുദ്ധം ചെയ്യുകയും കടുത്ത രാജ്യാന്തര വിമർശനം നേരിട്ട് ഒറ്റപ്പെടുകയും ചെയ്തിട്ടും താനൊരു ഉരുക്കുമനുഷ്യനാണെന്ന പ്രതിഛായ ഇസ്രയേലികൾക്കിടയിൽ സൃഷ്ടിക്കാൻ അദ്ദേഹത്തിനു സാധിച്ചു. കൂട്ടുകക്ഷി സർക്കാരായിട്ടും അധികാരത്തിൽ തുടരുന്നതിലും വിജയിച്ചു. മിസൈൽ ആക്രമണഭീതിയിൽ ജനങ്ങൾ രാത്രികളിൽ ബങ്കറുകളിലേക്ക് ഓടുന്ന സ്ഥിതിയിലൂടെ ഇസ്രയേൽ ജനത കടന്നുപോയെങ്കിലും ലബനനിൽ ഹിസ്ബുല്ലയ്ക്കെതിരെ നേടിയ സൈനികവിജയവും ഇറാനിൽ നടത്തിയ ആക്രമണങ്ങളും നെതന്യാഹുവിനു വീരപരിവേഷം നൽകി. അതേസമയം, നെതന്യാഹുവിരുദ്ധ റാലികളും വിമർശനങ്ങളും ഇസ്രയേലിൽ കുറവല്ലതാനും.
ദ്വിരാഷ്ട്രപരിഹാരം പോംവഴി
ഒക്ടോബർ 7 നമ്മെ ഓർമിപ്പിക്കുന്നത് പശ്ചിമേഷ്യയിലെ അസ്വസ്ഥതകളുടെ കേന്ദ്രസ്ഥാനത്ത് പലസ്തീൻ–ഇസ്രയേൽ പ്രശ്നം നിലനിൽക്കുന്നുവെന്നാണ്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഈ പ്രശ്നം അവസാനിപ്പിക്കുന്നതാവും ഒക്ടോബർ 7ന്റെ ദുരന്തസ്മരണയ്ക്കുള്ള ഉചിതമായ മറുപടി, അതാവും സ്ഥിരസമാധാനത്തിലേക്കുള്ള വഴിയും.
(ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പശ്ചിമേഷ്യൻ വിഷയത്തിൽ അധ്യാപകനാണു ലേഖകൻ) English Summary:
The Escalating Gaza War: Gaza War marks a critical point in the Israel-Palestine conflict. The conflict has escalated across the Middle East, highlighting the need for a two-state solution and lasting peace. International efforts are crucial to resolving this ongoing crisis. |