തിരുവനന്തപുരം ∙ കരാർ പ്രകാരമുള്ള സമയത്തു വായ്പക്കുടിശിക തിരിച്ചടയ്ക്കാത്ത കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്കിനു (കെ ഫോൺ) 2 വർഷത്തെ മൊറട്ടോറിയം അനുവദിച്ച് കിഫ്ബി. 2024 ജൂലൈയിൽ തുടങ്ങേണ്ടിയിരുന്ന തിരിച്ചടവിൽ കെ ഫോൺ വീഴ്ച വരുത്തിയതോടെ, തിരിച്ചടവു തുടങ്ങേണ്ടതു 2026 ജൂലൈയിലേക്കു നീട്ടിനൽകി. തിരിച്ചടവു വ്യവസ്ഥകൾ നിശ്ചയിച്ചുകൊണ്ടു 2 വർഷം മുൻപു തയാറാക്കിയ കരാറിലാണ് മാറ്റംവരുത്തിയത്.
- Also Read സ്വർണം പൊതിഞ്ഞ വാതിലും ശിൽപവും മാറ്റി പകരം പൂശിയത് സ്ഥാപിച്ചത് 2019ൽ; രണ്ടിനും ഒരേ സ്പോൺസർ
പ്രതീക്ഷിച്ച വരുമാനം നേടാൻ, പ്രവർത്തനം തുടങ്ങി 2 വർഷം കഴിഞ്ഞിട്ടും കെ ഫോണിനു കഴിയാതിരുന്നതോടെയാണു കിഫ്ബി ഇളവു നൽകിയത്. കെ ഫോണിനു സർക്കാർ സ്ഥാപനങ്ങൾ കോടികളുടെ ബിൽ കുടിശികയായതോടെയാണ് വരുമാനം താളംതെറ്റിയത്. ബിസിനസ് വർധിപ്പിക്കാൻ സ്വകാര്യ കമ്പനിയെ നിയോഗിച്ചതും ഫലം കണ്ടില്ല.
കെ ഫോൺ ഇന്റർനെറ്റ് പദ്ധതി നടപ്പാക്കാൻ 1059 കോടി രൂപയാണു കിഫ്ബി വായ്പയായി അനുവദിച്ചത്. ഇതിൽ 800 കോടിയോളം ചെലവിട്ടു. 2023 സെപ്റ്റംബറിൽ കെ ഫോൺ, കിഫ്ബി, ഐടി വകുപ്പ് എന്നിവ കക്ഷികളായ കരാർ പ്രകാരം 2024 ജൂലൈയിൽ തിരിച്ചടവ് തുടങ്ങേണ്ടതായിരുന്നു. 100 കോടി രൂപ വീതമുള്ള 13 തവണകളായി 11 വർഷത്തിനകം വായ്പത്തുക അടച്ചു തീർക്കണമെന്നായിരുന്നു കരാർ. കെ ഫോണിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം പലവട്ടം സമയം നീട്ടിനൽകിയെങ്കിലും തിരിച്ചടവ് തുടങ്ങാനായില്ല. തുടർന്ന്, സർക്കാർ ഇടപെടലിൽ കിഫ്ബി വഴങ്ങിയതോടെ മൊറട്ടോറിയം അനുവദിച്ചു. ഇതനുസരിച്ചു തൽക്കാലം കെ ഫോൺ പലിശ മാത്രം അടയ്ക്കും. 2026 ജൂലൈയിൽ മുതലിന്റെ തിരിച്ചടവ് തുടങ്ങുമെങ്കിലും തവണകളുടെ എണ്ണം കൂട്ടും.
കെ ഫോണിന്റെ ഒന്നേകാൽ ലക്ഷത്തോളം കണക്‌ഷനുകളിൽ 30,000 സർക്കാർ ഓഫിസുകളാണ്. ഇവിടെനിന്നു കൃത്യമായി പണം പിരിഞ്ഞുകിട്ടുന്നില്ല. സർക്കാർ ഓഫിസുകളിലും സർക്കാർ വാഗ്ദാനം ചെയ്ത ബിപിഎൽ കണക്‌ഷനുകളിലും കേന്ദ്രീകരിച്ചതും വാണിജ്യ പ്രവർത്തനത്തെ ബാധിച്ചു. ഒടിടി സേവനം അവതരിപ്പിച്ചതു 2 മാസം മുൻപു മാത്രമാണ്. ബജറ്റിൽ സർക്കാർ വാഗ്ദാനം ചെയ്ത പണം സമയത്തു ലഭിക്കാതിരുന്നതും അനുവദിച്ചതു തിരിച്ചെടുത്തതും പ്രതിസന്ധി രൂക്ഷമാക്കി.
പ്രതീക്ഷ തെറ്റി
വാണിജ്യ പ്രവർത്തനം തുടങ്ങിയശേഷമുള്ള ആദ്യ വർഷം 350 കോടിയുടെ വരുമാനമാണു കെ ഫോൺ പ്രതീക്ഷിച്ചത്. സർക്കാർ ഓഫിസുകളിൽനിന്നു 135 കോടി, ഗാർഹിക കണക്‌ഷനിലൂടെ 35 കോടി, ഡാർക്ക് ഫൈബർ വാടകയായി 90 കോടി, ഇന്റർനെറ്റ് ലീസ് ലൈൻ വഴി 90 കോടി എന്നിങ്ങനെയായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ വരുമാനം ലഭിച്ചില്ല. English Summary:
K-FON Loan Repayment Moratorium: K-Fon faces financial challenges, leading to a moratorium on KIIFB loan repayments. The Kerala Fiber Optic Network experienced setbacks in revenue generation, prompting KIIFB to extend the repayment start date. This allows K-Fon to focus on stabilizing its finances and improving its operational efficiency. |
|