തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ നിന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ (എപിക് നമ്പർ) നീക്കിയതോടെ ഇരട്ടവോട്ടുകൾ നീക്കാൻ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളുടെ ശ്രമങ്ങൾക്കു തിരിച്ചടി. ഒരേ എപിക് നമ്പർ ഉപയോഗിച്ച് ഒരാളുടെ തന്നെ പേര് ഒരു തദ്ദേശ സ്ഥാപനത്തിലെ പല വാർഡുകളിലും ഒരേ വാർഡിലെ പല ബൂത്തുകളിലുമായി പട്ടികയിൽ കണ്ടെത്തിയിരുന്നു .   
  
 -  Also Read  കാനത്തെ ‘നയ’ത്തിൽ തിരുത്തി ബിനോയ്; സംസ്ഥാന സെക്രട്ടേറിയറ്റ് തിരികെ വരുന്നതിൽ ബിനോയ് ടച്ച്   
 
    
 
കോൺഗ്രസിന്റെ മിഷൻ 2025ന്റെ ഭാഗമായി തിരുവനന്തപുരം കോർപറേഷനിലെ പട്ടികയിൽ നടത്തിയ തിരച്ചിലിലാണ് ഇതു വ്യാപകമായി കണ്ടെത്തിയത്. ഇതിന്റെ നടപടികൾ നടന്നുവരവേയാണ്, വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലിൽ സേവനങ്ങൾ പെട്ടെന്നു നിലച്ചത്. തുടർന്ന് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം നൽകി ഒരാഴ്ചയ്ക്കു ശേഷം പോർട്ടലിന്റെ പ്രവർത്തനം പുനരാരംഭിച്ചപ്പോൾ എപിക് നമ്പർ മുഴുവൻ പട്ടികയിൽ നിന്നു മുന്നറിയിപ്പില്ലാതെ നീക്കി.   
 
എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പറും നൽകി. SEC എന്ന ഇംഗ്ലിഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേരുന്നതാണു സവിശേഷ തിരിച്ചറിയൽ നമ്പർ. എപിക് നമ്പർ ഉപയോഗിച്ചുള്ള തിരച്ചിൽ സംവിധാനം ഉള്ളതായി പോർട്ടലിൽ ‘ സേർച് ബാർ’ ഉണ്ടെങ്കിലും സേവനം മരവിപ്പിച്ചിരിക്കുകയാണ്.  സംസ്ഥാന, തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പേരോ എപിക് നമ്പറോ ഉപയോഗിച്ച് പോർട്ടലിലെ വോട്ടർ പട്ടികയിൽ വോട്ടറെ തിരയാൻ നിർവാഹമില്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നു.  
 
സ്വമേധയാ ഇരട്ടവോട്ടുകൾ നീക്കാതെ കമ്മിഷൻ  
 
ഇരട്ടവോട്ടർമാരെ കണ്ടെത്തി പട്ടിക ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളൊന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നില്ലെന്ന് ആരോപണം. സ്വമേധയാ ഇത്തരം വോട്ടർമാരെ കണ്ടെത്താൻ ശ്രമിച്ച ഒട്ടേറെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ സംസ്ഥാനത്തുണ്ട്. മധ്യകേരളത്തിൽ ഇത്തരമൊരു ശ്രമത്തിലൂടെ ഒരു നഗരസഭയിൽ മാത്രം നാനൂറിൽപരം വോട്ടുകളാണ് രണ്ടാഴ്ച കൊണ്ടു നീക്കിയത്. എന്നാൽ, ഈ മാതൃക പിന്തുടരാൻ ഒരു ശ്രമവും ഉണ്ടായില്ല.  
 
പട്ടികയിൽ നിന്നു പേരുകൾ നീക്കം ചെയ്യുന്നതിലും കൃത്രിമം നടക്കുന്നതായി ആക്ഷേപമുണ്ട്. പേര് ഒഴിവാക്കാൻ ഫോം അഞ്ചിൽ സമർപ്പിക്കുന്ന ഇത്തരം അപേക്ഷകളിൽ പരാതിക്കാരനും സാക്ഷ്യപ്പെടുത്തുന്ന വോട്ടർമാർക്കും മാത്രമേ നോട്ടിസുകൾ അയയ്ക്കുന്നുള്ളൂ. പേരു നീക്കം ചെയ്യുന്ന വോട്ടർക്ക് നോട്ടിസ് അയയ്ക്കാറേ ഇല്ലെന്നാണ് ആക്ഷേപം. നിയമപ്രകാരം ഇയാൾക്കും നോട്ടിസ് നൽകണം. English Summary:  
EPIC Number Removal: Duplicate votes in Kerala are under scrutiny due to the removal of EPIC numbers from voter lists. This action hinders efforts to identify and eliminate fraudulent voter registrations, raising concerns about election integrity and transparency. The State Election Commission\“s actions are being questioned for potentially enabling irregularities in the voter lists. |   
                
                                                    
                                                                
        
 
    
                                     
 
 
 |